New DP for CMO Facebook page | 2016 മുതൽ തെറ്റാതെ നടന്ന ആചാരമാണ് ഇക്കഴിഞ്ഞ ദിവസം മാറിയത്. മുഖ്യമന്ത്രി പിണറായി വിജയന്റേതല്ലാതെ മറ്റൊരു ചിത്രം മുഖ്യമന്ത്രിയുടെ ഫേസ്ബുക് പേജായ 'ചീഫ് മിനിസ്റ്റേഴ്‌സ് ഓഫീസ്, കേരളയിൽ' പ്രൊഫൈൽ പിക്ച്ചറായി വന്നിട്ടില്ല. പക്ഷെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള മാതൃകാ പെരുമാറ്റ ചട്ടം നിലവിൽ വന്നതോടെ ഇവിടെയും മാറ്റം വന്നു. പ്രൊഫൈൽ ഫോട്ടോയുടെ സ്ഥാനത്ത് ഇപ്പോൾ സർക്കാർ മുദ്രയാണ്. കെ.എസ്.ആർ.ടി.സി ബസ്സുകളിൽ നിന്നും മറ്റും സർക്കാർ പരസ്യങ്ങൾ നീക്കം ചെയ്യണം എന്ന് കർശന നിർദ്ദേശം വന്നതിനു തൊട്ടു പിന്നാലെയാണിത്.
കമന്റ് സെക്ഷനിൽ ജനപ്രതികരണവും ലഭിച്ചിട്ടുണ്ട്. മാതൃകാ പെരുമാറ്റ ചട്ടം നിലവിൽ വന്നിട്ടും എന്തേ ഇത്ര വൈകിയെന്നു ചിലർ ചോദിക്കുന്നു. എന്നാൽ പ്രധാനമന്ത്രിയുടെ പേജായ പി.എം.ഒ. ഇന്ത്യയിൽ മാറ്റം വരാത്തതും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.
ഏപ്രിൽ 11 മുതൽ മെയ് 19 വരെ ഏഴ് ഘട്ടമായാണ് പതിനേഴാം ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. മെയ് 23നാണ് വോട്ടെണ്ണൽ. കേരളത്തിൽ വോട്ടെടുപ്പ് ഏപ്രിൽ 23ന് നടക്കും. ആദ്യ ഘട്ട തെരഞ്ഞെടുപ്പ് ഏപ്രിൽ 11നും രണ്ടാം ഘട്ടം ഏപ്രിൽ 18നും മൂന്നാം ഘട്ടം ഏപ്രിൽ 23നും നാലാം ഘട്ടം ഏപ്രിൽ 29നും അഞ്ചാം ഘട്ടം മെയ് ആറിനും ആറാം ഘട്ടം മെയ് 12നും ഏഴാം ഘട്ടം മെയ് 19നും നടക്കും. കേരളം ഉൾപ്പടെ 22 സംസ്ഥാനങ്ങളിൽ ഒറ്റ ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 29 സംസ്ഥാനങ്ങളിലെ 543 മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Chief Minister Pinarayi Vijayan, Cm facebook post, Cm pinarayi, Cmo, Facebook page