• HOME
  • »
  • NEWS
  • »
  • kerala
  • »
  • ഓല കൂട്ടിയിട്ടാൽ പിഴ; ലക്ഷദ്വീപിൽ ഇന്ന്  ഓലമടൽ സമരം

ഓല കൂട്ടിയിട്ടാൽ പിഴ; ലക്ഷദ്വീപിൽ ഇന്ന്  ഓലമടൽ സമരം

തെങ്ങിൽ നിന്ന് വീഴുന്ന ഓല കൂട്ടിയിട്ടാൽ പിഴയീടാക്കാനുള്ള ഉത്തരവിലാണ് വേറിട്ട പ്രതിഷേധം.

News18 malayalam

News18 malayalam

  • Share this:
    കൊച്ചി: അഡ്മിനിസ്ട്രേറ്ററുടെ വിവാദ നടപടികൾക്കെതിരെ ലക്ഷദ്വീപിൽ ഇന്ന്  ഓലമടൽ സമരം. സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ നേതൃത്വത്തിലാണ് സമരം നടത്തുന്നത്. സ്വന്തം പറമ്പിലെ തെങ്ങിൽ നിന്നുള്ള ഓലയും മടലും ഇട്ട് അതിന്റെ മുകളിലിരുന്ന് പ്ലക്കാർഡുകൾ ഉയർത്തി പ്രതിഷേധിക്കാനാണ് തീരുമാനം. തെങ്ങിൽ നിന്ന് വീഴുന്ന ഓല കൂട്ടിയിട്ടാൽ പിഴയീടാക്കാനുള്ള ഉത്തരവിലാണ് വേറിട്ട പ്രതിഷേധം.

    ചവറു സംസ്കരണത്തിന് സംവിധാനമൊരുക്കണമെന്നും പിഴയീടാക്കുന്നത് നിർത്തണമെന്നുമുള്ള ആവശ്യങ്ങൾ ഉയർത്തിയാണ് എല്ലാ ദ്വീപുകളിലും ഒരേസമയം സമരം നടത്തുന്നത്. എന്നാൽ ഓലമടൽ കത്തിക്കരുതെന്നും റോഡിൽ ഇറങ്ങി സമരം നടത്തരുതെന്നും മുന്നറിയിപ്പുണ്ട്.

    ഒരിടവേളയ്ക്കു ശേഷം ആണ് സേവ് ലക്ഷദീപ് ഫോറം സമരത്തിന് ആഹ്വാനം ചെയ്യുന്നത്. അഡ്മിനിസ്ട്രേറ്റർ  വന്നപ്പോൾ ഉണ്ടായ സമരങ്ങൾക്കു ശേഷം പിന്നീട്  പുതിയ സമരത്തിന് ആഹ്വാനം നൽകിയിരുന്നില്ല. അഡ്മിനിസ്ട്രേറ്റർ ദ്വീപിൽ എത്തിയപ്പോൾ ദ്വീപ് ജനത ഒന്നടങ്കം കരിദിനം ആചരിച്ചു. പിന്നീടുള്ള ഉള്ള ഓരോ ദിവസവും  അഡ്മിനിസ്ട്രേറ്ററുടെ നയങ്ങൾക്കെതിരെ സമരപരിപാടികളും നടന്നു.

    ഓരോ സർക്കാർ വകുപ്പിൽ നിന്നും പിരിച്ചുവിട്ട തൊഴിലാളികളും പഞ്ചായത്ത് അംഗങ്ങളും സമരങ്ങളുമായി അണിനിരന്നു. പ്രഫുൽ ഖോഡ പട്ടേൽ മടങ്ങിയ ദിവസത്തിന്റെ തലേന്ന് ദ്വീപിൽ ഒന്നടങ്കം വിളക്കുകൾ അണച്ച് പ്രതിഷേധിച്ചു.  എന്നാൽ  അഡ്മിനിസ്ട്രേറ്റർ പോയതോടെ സമരം നിലച്ചു.

    ഐഷാ സുൽത്താനയുടെ ചോദ്യം ചെയ്യൽ നടക്കുന്ന സമയത്ത് സമരങ്ങൾ ഒന്നുമുണ്ടായില്ല. സമരം മാത്രമല്ല ഐഷയുടെ ചോദ്യംചെയ്യൽ പുരോഗമിക്കുമ്പോൾ അവർക്ക് യാതൊരു രീതിയിലുള്ള പിന്തുണയും സേവ് ലക്ഷദീ ഫോറം നൽകിയതുമില്ല.  ഇവർ നാട്ടിലേക്ക് മടങ്ങിയതിനു ശേഷമാണ്  ഇപ്പോൾ വീണ്ടും സമരത്തിന് ആഹ്വാനം ചെയ്യുന്നത് .

    You may also like:പി ജെ ജോസഫിന് ഇന്ന് എൺപതാം പിറന്നാൾ; കേരളനിയമസഭയിലെ പ്രായമേറിയ അംഗം

    ഇതിനിടെ അനധികൃത നിർമാണങ്ങൾ പൊളിച്ച് നീക്കാൻ കൂടുതൽ ദ്വീപുകളിൽ ഇന്ന് നോട്ടീസ് നൽകിയേക്കും. കടൽ തീരത്ത് നിന്നും 20 മീറ്ററിനുള്ളിലുള്ള വീടുകളും ശുചിമുറികളും മറ്റ് കെട്ടിടങ്ങളും പൊളിക്കണമെന്നാണ് ഡെപ്യൂട്ടി കലക്ടറുടെ നിർദേശം. കവരത്തി, സുഹലി ദ്വീപ് നിവാസികൾക്കാണ് ഡെപ്യൂട്ടി കലക്ടർ നോട്ടീസ് നൽകിയിരിക്കുന്നത്. അഞ്ച് ദിവസത്തിനുള്ളിൽ അതായത് ഈ മാസം 30നുള്ളിൽ നിർമാണങ്ങൾ പൊളിച്ചുനീക്കണം എന്നാണ് നോട്ടീസിലെ നിർദേശം.

    ഈ രണ്ട് ദ്വീപുകളിലേയും നിരവധി പേർക്കാണ് നോട്ടീസ് നൽകിയിരിക്കുന്നത്. ഈ നിര്‍മാണങ്ങളെല്ലാം1965ലെ ലാന്‍ഡ് റെവന്യൂ ടെനന്‍സി റെഗുലേഷനിലെ 20 (1) വകുപ്പിന്റെ ലംഘനമാണെന്നും ഈ നിയമത്തിന്റെ നിബന്ധനകള്‍ക്ക് വിരുദ്ധമായി ഇതര ആവശ്യങ്ങള്‍ക്കായി ഭൂമി ഉപയോഗിച്ചിരിക്കുന്നുവെന്നുമാണ് നോട്ടീസിലെ വാദം. ഈ നിയമപ്രകാരം ഇത്തരം ഭൂമി കൈവശം വച്ചിരിക്കുന്നവർ ഭൂമി തരംമാറ്റുന്നതിനോ അല്ലെങ്കിൽ നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നതിനോ ബന്ധപ്പെട്ട അധികൃതരിൽ നിന്ന് അനുമതി വാങ്ങിയിരിക്കണം.

    ഒരു വശത്ത് വൻകിട നിർമ്മാണ പദ്ധതികൾ  സർക്കാർ തന്നെ നേരിട്ട് തീരമേഖലയിൽ നടപ്പാക്കുമ്പോഴാണ്  അനധികൃത  നിർമ്മാണം എന്ന പേരിൽ ദ്വീപു നിവാസികളുടെ വീടുകളും മറ്റും തീരദേശത്തു നിന്ന് പൊളിക്കാൻ ഒരുങ്ങുന്നത്.
    Published by:Naseeba TC
    First published: