• HOME
  • »
  • NEWS
  • »
  • kerala
  • »
  • മൃഗങ്ങള്‍ കാടിറങ്ങുമ്പോള്‍ കര്‍ഷകന്റെ കണ്ണീര്‍ കാണണ്ടേ? ന്യൂസ് 18 കേരളം ചര്‍ച്ച ചെയ്യുന്നു

മൃഗങ്ങള്‍ കാടിറങ്ങുമ്പോള്‍ കര്‍ഷകന്റെ കണ്ണീര്‍ കാണണ്ടേ? ന്യൂസ് 18 കേരളം ചര്‍ച്ച ചെയ്യുന്നു

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി വനാതിര്‍ത്തി പ്രദേശങ്ങളില്‍ കഴിയുന്നത് പതിനായിരങ്ങളാണ്. വന്യമൃഗങ്ങളുടെ ആക്രമണ ഭീതിയുടെ നിഴലിലാണ് ഇവരില്‍ ഓരോരുത്തരും.അതിജീവനത്തിനായി കേഴുന്ന ഇവരുടെ ആകുലതകൾ ന്യൂസ് 18 കേരളം ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് ചര്‍ച്ച ചെയ്യുന്നു.

കാടിറങ്ങുന്ന വന്യത

കാടിറങ്ങുന്ന വന്യത

  • Share this:
    ഇടുക്കി ജില്ലയിലെ ചിന്നക്കനാല്‍, സൂര്യനെല്ലി, സിംഗക്കണ്ടം മേഖലകളില്‍ നാട്ടുകാര്‍ക്ക് ഉറക്കം നഷ്ടമായിട്ട് നാളുകളായി. കാട്ടാനകള്‍ ഏതു നിമിഷവും എത്തുമെന്ന ഭയത്തില്‍ രാത്രി തീ കൂട്ടി കാത്തിരിക്കുകയാണിവര്‍.

    ഇത്തരത്തിൽ ആയിരക്കണക്കിന് മനുഷ്യരാണ് സംസ്ഥാനത്തെ വിവിധ ജില്ലകളിലായി വനാതിര്‍ത്തി പ്രദേശങ്ങളില്‍ കഴിയുന്നത്. വന്യമൃഗങ്ങളുടെ ആക്രമണ ഭീതിയുടെ നിഴലിലാണ് ഇവരില്‍ ഓരോരുത്തരും. കാടിറങ്ങുന്ന മൃഗങ്ങള്‍ ഏതു നിമിഷവും ജീവന്‍ അപഹരിക്കാം. പ്രകൃതിയോട് മല്ലിട്ട് നട്ടുനനച്ചുണ്ടാക്കിയതെല്ലാം ചവിട്ടിമെതിക്കാം.

    Also Read- Man Animal Conflict in Kerala | സംസ്ഥാനത്ത് അഞ്ചുവർഷത്തിനിടെ വന്യജീവികൾ കൊന്നത് 514 മനുഷ്യരെ; നാം കൊന്നത് 23 വന്യജീവികളെ

    കേരളത്തില്‍ പത്ത് വര്‍ഷത്തിനിടെ വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 13 മടങ്ങും പരുക്കേല്‍ക്കുന്നവരുടെ എണ്ണം 30 മടങ്ങും വര്‍ധിച്ചതായാണ് കണക്കുകള്‍. വയനാട്, ഇടുക്കി, പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളുടെ മലയോര മേഖലകളിലാണ് കൂടുതല്‍ പേര്‍ക്ക് ജീവന്‍ നഷ്ടമായത്. വയനാട്ടില്‍ ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ശിവകുമാര്‍ എന്ന ആദിവാസി യുവാവിനെ കടുവ കൊന്നുതിന്നതാണ് ഇതില്‍ ഒടുവിലത്തേത്.

    Also Read- കടുവ കൊന്നതെന്ന് സംശയം; വയനാട്ടിൽ യുവാവിന്‍റെ ശരീരാവശിഷ്ടം കണ്ടെത്തി

    സംസ്ഥാനത്ത് അഞ്ചു വര്‍ഷത്തിനിടെ വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെട്ടത് 514 പേരാണ്. 2015 മുതല്‍ 2019 വരെയുള്ള കണക്കാണിത്. ഈ കാലയളവില്‍ 23 വന്യജീവികള്‍ക്ക് മനുഷ്യരുടെ ആക്രമണത്തില്‍ ജീവന്‍ നഷ്ടമായി.

    2015 ല്‍ 105 പേരും 2016 ല്‍ 93 പേരും 2017ല്‍ 102 പേരുമാണ് കൊല്ലപ്പെട്ടത്. 2018ല്‍ 125പേരും 2019ല്‍ 89 പേരും മരിച്ചു. മൂന്ന് വര്‍ഷത്തിനിടെ 45 പേരാണ് കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. വയനാട് ജില്ലയില്‍ ഇതുവരെ 148 പേര്‍ കൊല്ലപ്പെട്ടു. പാലക്കാട് ജില്ലയില്‍ അഞ്ചു വര്‍ഷത്തിനുള്ളില്‍ കൊല്ലപ്പെട്ടത് 40 പേരാണ്.

    സംസ്ഥാനത്ത് അഞ്ചു വര്‍ഷത്തിനിടെ ഇങ്ങനെ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് 3,47,69,837 രൂപ ധനസഹായവും നല്‍കി. നിലവില്‍ വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെടുന്നവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപയാണ് ധനസഹായമായി നല്‍കുന്നത്. അംഗവൈകല്യം സംഭവിക്കുന്നവര്‍ക്ക് 2 ലക്ഷം രൂപ വരെയും ധനസഹായം നല്‍കും. സംസ്ഥാനത്ത് മനുഷ്യനും വന്യജീവികളും തമ്മിലുള്ള ഏറ്റുമുട്ടല്‍ വര്‍ധിക്കുന്നതായാണ് വനംവകുപ്പിന്റെ പഠനം.

    ഏക്കറുകണക്കിന് കൃഷിനാശമാണ് വര്‍ഷം തോറുമുണ്ടാകുന്നത്. മലയോര മേഖലകളില്‍ കര്‍ഷകര്‍ക്ക് ഏറ്റവും വലിയ വെല്ലുവിളി കാടിറങ്ങുന്ന ആനകളാണ്. കാട്ടുപന്നി ശല്യം മുന്‍പത്തെക്കാള്‍ ഏറെ വ്യാപകമാണിപ്പോള്‍. മൃഗങ്ങളുടെ എണ്ണത്തില്‍ വലിയതോതില്‍ വര്‍ധനയുണ്ടായതാണ് ഇതിന് കാരണമായി പറയപ്പെടുന്നത്.

    തലസ്ഥാന നഗരത്തിന്റെ മലയോര മേഖലകളില്‍ ഏറ്റവും ഭീഷണി കുരങ്ങു ശല്യമാണ്. കാര്‍ഷിക വിളകള്‍ നശിപ്പിക്കുന്നതിന് പുറമെ കുരങ്ങുകള്‍ വീടുകളിലെ ഭക്ഷണവസ്തുക്കള്‍ പോലും അപഹരിക്കുന്നു. നെയ്യാറ്റിന്‍കരയ്ക്ക് സമീപം 2017-ല്‍ വീട്ടമ്മ ജീവനൊടുക്കിയത് കുരങ്ങു ശല്യത്താല്‍ സഹികെട്ടാണെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

    നാടും കാടും ശക്തമായ സംരക്ഷണ വേലി കെട്ടി വേര്‍തിരിക്കണമെന്നാണ് ഇത്തരം പ്രദേശങ്ങളില്‍ കഴിയുന്നവരുടെ പ്രധാന ആവശ്യം. മിക്ക സ്ഥലങ്ങളിലും വന്യമൃഗ പ്രതിരോധ വേലി പേരിന് മാത്രമാണ് ഇപ്പോഴുള്ളത്.

    മൃഗങ്ങള്‍ നാട്ടിലിറങ്ങുന്നതിന് വനം കയ്യേറ്റവും പാരിസ്ഥിതിക മാറ്റങ്ങളും അടക്കം നിരവധി കാരണങ്ങളുണ്ട്. എന്താണ് ഈ പ്രശ്നത്തിന് ശാശ്വത പരിഹാരം? ന്യൂസ് 18 കേരളം ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് ചര്‍ച്ച ചെയ്യുന്നു. 'കാടിറങ്ങുന്ന വന്യത'



    വൈകിട്ട് 4.30 വരെ നടക്കുന്ന പ്രത്യേക പരിപാടിയില്‍ ഈ വിഷയം സംബന്ധിച്ച് വിവിധ ജില്ലകളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകളും പ്രതികരണങ്ങളും ഉണ്ടാവും.

    വനംവകുപ്പ് റിട്ട. ചീഫ് വെറ്ററിനറി ഓഫീസര്‍ ഡോ. ഇ.കെ.ഈശ്വരന്‍, കര്‍ഷക സംരക്ഷണ കൂട്ടായ്മയായ വി ഫാം എന്ന സംഘടനയുടെ ചെയര്‍മാന്‍ ജോയ് കണ്ണഞ്ചിറ, പരിസ്ഥിതി പ്രവര്‍ത്തകന്‍ അഡ്വ. ഹരീഷ് വാസുദേവന്‍ എന്നിവര്‍ അതിഥികളായെത്തും. മൃഗസംരക്ഷണ വിദഗ്ധനായ പാലക്കാട് സ്വദേശി ഗുരുവായൂരപ്പന്‍ ഫോണ്‍ വഴി 'കാടിറങ്ങുന്ന വന്യത' യിൽ പങ്കെടുക്കും.

    വനം മന്ത്രി കെ രാജു, പിസി ജോർജ് എം എൽ എ, ഡീൻ കുര്യാക്കോസ് എം പി, രാഷ്ട്രീയ- കര്‍ഷക സംഘടനാ നേതാക്കള്‍, ജനപ്രതിനിധികള്‍ തുടങ്ങിയവരെയും ടെലഫോണില്‍ പ്രതീക്ഷിക്കുന്നു. കാര്‍ഷിക പ്രശ്‌നങ്ങളും എതിര്‍വാദങ്ങളും പരിശോധിക്കപ്പെടുന്ന പരിപാടിയില്‍ പ്രേക്ഷകര്‍ക്കും പങ്കെടുക്കാം. പങ്കെടുക്കാനായി വിളിക്കേണ്ട നമ്പര്‍: 0471- 6615881.

    Also Read- രണ്ടു കുഞ്ഞുങ്ങളിലൊന്നിനെ ആന ചേര്‍ത്തു പിടിച്ചു; ‌മദം പൊട്ടിയ നമ്മള്‍ കൊന്നു

    സ്‌ഫോടക വസ്തു കടിച്ച ആനയുടെ ദാരുണാന്ത്യം നമ്മെ കരയിച്ചിരുന്നു. അത്തരം ക്രൂരതകള്‍ക്ക് അടിവരയിടണം. ഒപ്പം അതിജീവനത്തിനായി കേഴുന്ന മനുഷ്യരുടെ കരച്ചിലും കാണാതിരുന്നുകൂടാ.

    യൂട്യൂബിലും, ഫേസ്ബുക്കിലും, വെബ്സൈറ്റിലും 'കാടിറങ്ങുന്ന വന്യത' ലൈവ് ആയി കാണാം
    Published by:Chandrakanth viswanath
    First published: