നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • DySP കല്ലമ്പലത്തെ വീട്ടിലെത്തിയത് തിങ്കളാഴ്ച രാത്രി; മൃതദേഹം ആദ്യം കണ്ടത് ഭാര്യാമാതാവ്

  DySP കല്ലമ്പലത്തെ വീട്ടിലെത്തിയത് തിങ്കളാഴ്ച രാത്രി; മൃതദേഹം ആദ്യം കണ്ടത് ഭാര്യാമാതാവ്

  • Last Updated :
  • Share this:
   തിരുവനന്തപുരം: കല്ലമ്പലം പൊലീസ് സ്റ്റേഷന് സമീപമുള്ള വെയിലൂരിലെ വീട്ടില്‍ ഡിവൈ.എസ്.പി ഹരികുമാര്‍ എത്തിയത് തിങ്കളാഴ്ച രാത്രിയോടെയെന്ന് സൂചന. സമീപത്തു താമസിക്കുന്ന ഭാര്യയുടെ അമ്മ വളര്‍ത്തുനായയ്ക്ക് ഭക്ഷണം നല്‍കാനായി രാവിലെ എത്തിയപ്പോഴാണ് ഹരികുമാറിനെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്.

   നെയ്യാറ്റിന്‍കര ഡിവൈ.എസ്.പി ആയതിനു പിന്നാലെയാണ് വെയിലൂരിലെ നന്ദാവനം എന്ന വീട്ടില്‍ നിന്നും ഹരികുമാറും കുടുംബവും താമസം മാറിയത്. കുറേക്കാലമായി ഈ വീട് അടച്ചിട്ടനിലയിലായിരുന്നു. തൊട്ടടുത്ത് താമസിക്കുന്ന ഭാര്യാ മാതാവ് ഇടയ്ക്കിടെ ഇവിടെയെത്തി വളര്‍ത്തുനായയ്ക്ക് ഭക്ഷണം നല്‍കും.

   ഈ മാസം അഞ്ചിനാണ് ഹരികുമാറുമായുള്ള തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ നെയ്യാറ്റികര സ്വദേശി സനല്‍കുമാര്‍ കൊല്ലപ്പെട്ടത്. സുഹൃത്തിന്റെ വീട്ടിലെത്തി മടങ്ങുന്നതിനിടെയാണ് ഡിവൈ.എസ്.പിയും സനലും തമ്മില്‍ വാഗ്വാദമുണ്ടായത്. കാര്‍ പാര്‍ക്ക് ചെയ്തതിനെച്ചൊല്ലിയായിരുന്നു തര്‍ക്കം. കാര്‍ മാറ്റിയിട്ടശേഷം തിരിച്ചെത്തിയ സനലിനെ ഡിവൈ.എസ്.പി മര്‍ദ്ദിച്ച് റോഡിലേക്കു തള്ളി. ഇതിനെ പാഞ്ഞെത്തിയ കാറിനടിയില്‍പ്പെട്ടാണ് സനല്‍ മരിച്ചത്. ഇതിനു ശേഷം സംഭവസ്ഥലത്തുനിന്നും സുഹൃത്ത് ബിനുവിനൊപ്പം മുങ്ങിയ ഹരികുമാറിനെ പൊലീസിന് കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.

   ഹരികുമാറിന്റെ കാര്‍ കല്ലറിയിലെ കുടുംബവീട്ടില്‍ എത്തിച്ച സുഹൃത്ത് ബിനുവിന്റെ മകന്‍ അനൂപ് കൃഷ്ണയെയും തൃപ്പരപ്പില്‍ താമസ സൗകര്യമൊരുക്കിയ സതീഷിനെയും പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. കൊലപാതകം നടന്ന് ഓരാഴ്ച കഴിഞ്ഞിട്ടും കൊലക്കേസ് പ്രതിയായ ഡിവൈ.എസ്.പിയെ കണ്ടെത്താനാകാത്തത് സര്‍ക്കാരിനെയും പൊലീസിനെയും കടുത്ത പ്രതിരോധത്തിലാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ഹരികുമാറിനെ കല്ലമ്പലത്തെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടത്തിയത്. അതേസമയം ഡിവൈ.എസ്.പിക്കൊപ്പം ഒളിവില്‍ പോയ സുഹൃത്ത് ബിനുവിനെ ഇതുവരെ കണ്ടെത്താനായിട്ടില്ല.

   ഡിവൈ.എസ്.പിയെ അറസ്റ്റു ചെയ്യാത്തതില്‍ പ്രതിഷേധിച്ച് കൊല്ലപ്പെട്ട സനലിന്റെ ഭാര്യ വിജി ഇന്ന് രാവിലെ മുതല്‍ നിരാഹാരസമരം ആരംഭിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഹരികുമാറിനെ കല്ലമ്പലത്തെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയെന്ന വാര്‍ത്ത പുറത്തുവന്നത്. ഇതോടെ സമരം അവസാനിപ്പിച്ച് സനലിന്റെ കുടുംബം മടങ്ങി.

   ജില്ലയിലെ സി.പി.എം നേതാക്കളും സ്ഥലം എം.എല്‍.എയുമാണ് ഹരികുമാറിനെ ഒളിവില്‍ പോകാന്‍ സഹായിച്ചതെന്ന ആരോപണവുമായി കോണ്‍ഗ്രസും വി.എസ്.ഡി.പിയും രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ദിവസം നെയ്യാറ്റിന്‍കര എം.എല്‍.എ ആന്‍സലന്റെ വീട്ടിലേക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ച് സംഘടിപ്പിക്കുകയും ചെയ്തു.

   First published:
   )}