കൊച്ചി: കനകമല ഐഎസ് റിക്രൂട്ട്മെന്‍റ് കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറു പ്രതികള്‍ക്കും കൊച്ചിയിലെ എന്‍ഐഎ പ്രത്യേക കോടതി തടവുശിക്ഷ വിധിച്ചു. ഒന്നാംപ്രതി തലശേരി സ്വദേശി മന്‍സീദിന് 14 വര്‍ഷം തടവും രണ്ടാം പ്രതി തൃശൂര്‍ സ്വദേശി സ്വാലിഹ് മുഹമ്മദിന് 10 വര്‍ഷം തടവുമാണ് ശിക്ഷ. ഇരുവർക്കും 5000 രൂപ വീതം പിഴയും ശിക്ഷിച്ചിട്ടുണ്ട്.
കനകമല കേസിലെ പ്രതികൾ ഐ എസ് ഐ എസിൽ ചേർന്ന് പ്രവർത്തിക്കുവാൻ പദ്ധതി ഇട്ടിരുന്നതായി കോടതി കണ്ടെത്തി. ഒന്നാം പ്രതി മൻസീദ് ആണ് കുറ്റകൃത്യങ്ങളുടെ ബുദ്ധികേന്ദ്രമെന്ന് കോടതി വിലയിരുത്തി. രണ്ടാം പ്രതി ബോംബ് ഉണ്ടാക്കാനും സ്ഫോടനം നടത്താനും പദ്ധതിയിട്ടിരുന്നു. ഐ എസ് ഐ എസിൽ നിന്ന് തോക്കും വിഷവും സംഘടിപ്പിക്കാൻ ഇയാൾ ശ്രമിച്ചു.
കുറ്റകൃത്യത്തിൽ പ്രതികളുടെ പങ്കാളിത്തം വ്യത്യസ്തമാണെന്ന് കോടതി വിലയിരുത്തുന്നു. രണ്ടാംപ്രതി തൃശൂര്‍ സ്വദേശി സ്വാലിഹിന് 10 വര്‍ഷം തടവും പിഴയും വിധിച്ചു. മൂന്നാം പ്രതി റാഷിദിന് ഏഴ് വര്‍ഷം തടവും 5000 രൂപ പിഴയുമാണ് ശിക്ഷ. നാലാം പ്രതി കുറ്റ്യാടി സ്വദേശി റംഷാദിന് മൂന്നു വര്‍ഷം തടവും 25000 രൂപ പിഴയുമാണ് ശിക്ഷ.
യുഎപിഎ കേസ്: ജാമ്യം അനുവദിക്കുന്നത് അന്വേഷണത്തെ ബാധിക്കുമെന്ന് കോടതി
വിചാരണക്കാലയളവിൽ തടവിൽ കഴിഞ്ഞത് ശിക്ഷയായി കണക്കാക്കിയതിനാൽ ഇയാൾക്ക് ഇന്ന് പുറത്തിറങ്ങാം. തിരൂര്‍ സ്വദേശിയും അഞ്ചാം പ്രതിയുമായ സഫ്വാൻ എട്ട് വര്‍ഷം തടവും 5000 രൂപ പിഴയും ഒടുക്കണം. എട്ടാംപ്രതി കാഞ്ഞങ്ങാട് സ്വദേശി മൊയ്‌നുദ്ദീന് മൂന്നു വര്‍ഷം തടവും 50000 രൂപ പിഴയുമാണ് ശിക്ഷ. എഴാംപ്രതി സജീർ അഫ്ഗാനിസ്ഥാനിൽ കൊല്ലപ്പെട്ടിരുന്നു. ആറാംപ്രതി എം.കെ. ജാസിമിനെ തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെ വിട്ടു.
2016 ഒക്ടോബറിലാണ് കേസിന് ആസ്പദമായ സംഭവം. കണ്ണൂരിലെ കനകമലയില്‍ ഒത്തുചേര്‍ന്ന പ്രതികള്‍ ദക്ഷിണേന്ത്യയില്‍ ആക്രമണം പദ്ധതിയിട്ടുവെന്നാണ് ആരോപണം. ജഡ്ജിമാര്‍ ഉള്‍പ്പെടെയുള്ള പ്രമുഖരെയാണ് പ്രതികള്‍ ലക്ഷ്യമിട്ടതെന്നും അന്വേഷണസംഘം കണ്ടെത്തി. ശരിയായ തെളിവുകൾ കണ്ടെത്തിയതിന് അന്വേഷണ ഉദ്യോഗസ്ഥനായ എൻ.ഐ.എ.ഡി വൈ എസ് പി ഷൗക്കത്ത് അലിയെ കോടതി പ്രത്യേകമായി അഭിനന്ദിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Case, Kanakamala case, NIA