തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ട് നിരോധനത്തിന് പിന്നാലെ എൻഐഎയുടെ അന്വേഷണം എസ്ഡിപിഐയിലേക്കും നീളുന്നു. കൊച്ചി എൻഐഎ ആസ്ഥാനത്ത് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി റോയ് അറയ്ക്കലിനെ ഹൈദരാബാദിൽ നിന്നുള്ള എൻഐഎ സംഘം ചോദ്യം ചെയ്തു. ഇതിനുപുറമെ മാധ്യമപ്രവർത്തകർ ഉൾപ്പെടെ നൂറ് പേരുടെ പട്ടിക എൻഐഎ തയാറാക്കിയിട്ടുണ്ട്.
തൃശൂരില്‍ പിടിയിലായ എസ്ഡിപിഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി കെ ഉസ്മാനുമായി ബന്ധപ്പെട്ടാണ് സംസ്ഥാന ജനറല്‍ സെക്രട്ടറി റോയ് അറയ്ക്കലിനെ ചോദ്യം ചെയ്തത്.
എസ്ഡിപിഐയുടെ സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്തിരുന്നത് ഉസ്മാനാണ്. പോപ്പുലര്‍ ഫ്രണ്ടില്‍ നിന്നും എസ്ഡിപിഐയിലെത്തിയവരെ വിശദമായി ചോദ്യം ചെയ്യാനാണ് എൻഐഎ ഒരുങ്ങുന്നത്. നേരത്തെ സംസ്ഥാന ജനറല്‍ സെക്രട്ടറി അജ്മല്‍ ഇസ്മയിലിനെ കൊച്ചി യൂണിറ്റ് ചോദ്യം ചെയ്തിരുന്നു.
ഡല്‍ഹിയില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ കോട്ടയം ജില്ലയില്‍ നിന്നുള്ള എസ്ഡിപിഐ നേതാക്കള്‍ക്ക് എൻഐഎ നോട്ടീസ് അയച്ചിട്ടുണ്ട്. മാധ്യമപ്രവർത്തകർ അടക്കം 100 പേരുടെ പട്ടിക എൻഐഎ തയ്യാറാക്കിയിട്ടുണ്ട്. ആദ്യ റൗണ്ട് ചോദ്യം ചെയ്യൽ പുരോഗമിക്കുന്നു. അവ്യക്തമായ ഉത്തരം നൽകിയവർക്ക് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നോട്ടീസ്. കൊച്ചി എൻഐഎ ആസ്ഥാനത്ത് 11 മുറികളിലായാണ് മാരത്തോൺ ചോദ്യം ചെയ്യൽ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.