തിരുവനന്തപുരം: സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ഐടി മുൻ സെക്രട്ടറിയും മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയുമായ എം. ശിവശങ്കറിനെ എൻഐഎ അഞ്ചു മണിക്കൂറോളം ചോദ്യം ചെയ്തു. പേരൂർക്കട പൊലീസ് ക്ലബിൽവെച്ചായിരുന്നു ചോദ്യം ചെയ്യൽ. കൊച്ചിയിൽനിന്നെത്തിയ എൻഐഎ സംഘമാണ് ശിവശങ്കറിനെ ചോദ്യംചെയ്തത്. ചോദ്യം ചെയ്യൽ പൂർത്തിയായതോടെ ശിവശങ്കറിനെ ബന്ധുവിന്റെ കാറിൽ വീട്ടിലേക്ക് മടക്കിയയ്ക്കുകയായിരുന്നു.
നേരത്തെ കസ്റ്റംസ് ഒമ്പതുമണിക്കൂറിലേറെ ശിവശങ്കറിനെ ചോദ്യം ചെയ്തു വിട്ടയച്ചിരുന്നു. ശിവശങ്കറിനെ ഉടൻ ചോദ്യം ചെയ്യുമെന്ന് വിവരമുണ്ടായിരുന്നെങ്കിലും ഇന്ന് അപ്രതീക്ഷിതമായാണ് രാവിലെ തന്നെ എൻഐഎ സംഘം തിരുവനന്തപുരത്തെത്തിയത്. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാട്ടി എൻഐഎ ഉദ്യോഗസ്ഥൻ ഇരുചക്രവാഹനത്തിൽ പൂജപ്പുരയിലെ ശിവശങ്കറിന്റെ വീട്ടിൽ എത്തി നോട്ടീസ് നൽകിയിരുന്നു. ഇതോടെ വൈകിട്ട് നാലുമണിയോടെയാണ് വീടിനുപിന്നിലെ വഴിയിലൂടെ ശിവശങ്കർ പൊലീസ് ക്ലബിലേക്ക് തിരിച്ചത്. കേരളത്തിന്റെ ചരിത്രത്തിൽ ഇതാദ്യമായാണ് ഉന്നത ഉദ്യോഗസ്ഥൻ എൻഐഎയുടെ ചോദ്യം ചെയ്യലിന് വിധേയമായതത്.
അതിനിടെ സെക്രട്ടേറിയറ്റിൽ സ്വർണക്കടത്ത് കേസ് പ്രതികൾ എത്തിയെന്ന് കരുതപ്പെടുന്ന ഓഫീസുകളുടെ സിസിടിവി ദൃശ്യങ്ങൾ ആവശ്യപ്പെട്ട് എൻഐഎ സംഘം ചീഫ് സെക്രട്ടറിക്ക് കത്ത് നൽകിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസിനും കത്ത് നൽകിയിട്ടുണ്ട്. കഴിഞ്ഞ രണ്ടുമാസത്തെ സിസിടിവി ദൃശ്യങ്ങളാണ് എൻഐഎ സംഘം ആവശ്യപ്പെട്ടത്. മുഖ്യമന്ത്രിയുടെ ഓഫീസ് സ്ഥിതി ചെയ്യുന്ന നോർത്ത് ബ്ലോക്കിലാണ് ശിവശങ്കറിന്റെ ഓഫീസ്. ഇവിടെ സ്വർണക്കടത്ത് കേസ് പ്രതികളായ സ്വപ്നയും സരിത്തും നിരവധി തവണ സന്ദർശിച്ചിരുന്നതായി എൻഐഎ കണ്ടെത്തിയിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.