• HOME
  • »
  • NEWS
  • »
  • kerala
  • »
  • പൊലീസിനെ അറിയിച്ചുള്ള എൻഐഎ റെയ്ഡിന് മുമ്പെ പിഎഫ്ഐ നേതാക്കള്‍ 'പറന്നു'; വിവരം ചോർന്നെന്ന് സൂചന

പൊലീസിനെ അറിയിച്ചുള്ള എൻഐഎ റെയ്ഡിന് മുമ്പെ പിഎഫ്ഐ നേതാക്കള്‍ 'പറന്നു'; വിവരം ചോർന്നെന്ന് സൂചന

കഴിഞ്ഞ തവണത്തേതിൽ നിന്ന് വിപരീതമായി ഇത്തവണ കേരള പൊലീസിനെ കൂടി അറിയിച്ചായിരുന്നു എൻഐഎ റെയ്ഡ്

  • Share this:

    തിരുവനന്തപുരം: നിരോധിക്കപ്പെട്ട പോപ്പുലർ ഫ്രണ്ടിന്റെ രണ്ടാംനിര നേതാക്കളുടെ വീടുകളിൽ സംസ്ഥാന വ്യാപകമായി എൻഐഎ നടത്തിയ റെയ്ഡിൽ ഒരാൾ കസ്റ്റഡിയിൽ. എടവനക്കാട് സ്വദേശി മുബാറക്കിനെയാണ് കസ്റ്റഡിയിലെടുത്തത്. ഇയാളുടെ വീട്ടിൽ നിന്ന് ആയുധങ്ങൾ ലഭിച്ചതായാണ് സൂചന.

    അതേസമയം റെയ്ഡ് വിവരങ്ങൾ നേരത്തെ ചോർന്നതായും സൂചനയുണ്ട്. കഴിഞ്ഞ തവണത്തേതിൽ നിന്ന് വിപരീതമായി ഇത്തവണ കേരള പൊലീസിനെ കൂടി അറിയിച്ചായിരുന്നു എൻഐഎ റെയ്ഡ്.

    നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്റെ രണ്ടാംനിര നേതാക്കളുടെ വീടുകളിലായിരുന്നു കേന്ദ്ര ഏജന്‍സിയുടെ റെയ്ഡ്. പത്തനംതിട്ടയിൽ മൂന്നിടങ്ങളിൽ റെയ്ഡ് നടക്കുമ്പോൾ നേതാക്കൾ വീട്ടിൽ ഉണ്ടായിരുന്നില്ല. റെയ്ഡ് വിവരം ചോർന്നത് ​ഗൗരവമായി കണ്ട എൻഐഎ വിശദമായ അന്വേഷണം നടത്തുമെന്നാണ് റിപ്പോർട്ട്.

    അതീവഗൗരവ സ്വഭാവമുള്ള വിവര ചോർച്ചയാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. മൂന്ന് മാസങ്ങൾക്ക് മുമ്പ് സിആർപിഎഫിന്റെ പിന്തുണയോടു കൂടിയാണ് എൻഐഎ സംഘം രാജ്യവ്യാപകമായി റെയ്ഡ് നടത്തിയത്. എന്നാൽ ഇത്തവണ അത്തരത്തിലുള്ള വലിയ സന്നാഹങ്ങൾ ഉണ്ടായിരുന്നില്ല. മറിച്ച് പ്രാദേശിക പൊലീസിൽ വിവരം അറിയിച്ചു കൊണ്ട്, അവരുടെ കൂടി പിന്തുണയോടെയാണ് എല്ലായിടത്തും റെയ്ഡ് സംഘടിപ്പിച്ചത്. പത്തനംതിട്ടയിലാണ് വിവര ചോർച്ച ഉണ്ടായിട്ടുള്ളത്.

    Also Read- വയലിനിസ്റ്റ് ശാലിഷ് ശശിധരൻ കുഴഞ്ഞുവീണ് മരിച്ചു

    ജില്ലയിൽ മൂന്നിടങ്ങളിൽ അന്വേഷണ സംഘം പരിശോധനയ്ക്ക് എത്തുമ്പോൾ അതിന് മുൻപ് തന്നെ വിവരം അറിഞ്ഞ് പ്രധാനപ്പെട്ട നേതാക്കൾ സ്ഥലത്തുനിന്നും കടന്നിരുന്നു. രണ്ടുപേർ കഴിഞ്ഞ ദിവസം സ്ഥലത്ത് ഉണ്ടായിരുന്നില്ല. മറ്റൊരാൾ പുലർച്ചെ എൻഐഎ സംഘം വീട്ടിൽ എത്തുന്നതിന് തൊട്ടുമുമ്പ് കടന്നു കളഞ്ഞതായാണ് ലഭ്യമാകുന്ന വിവരം.

    മൂന്ന് ഇടങ്ങളിലാണ് പത്തനംതിട്ട ജില്ലയിൽ പരിശോധന ഉണ്ടാകുന്നത്. പത്തനംതിട്ട നഗരസഭാ പ്രദേശത്ത് പിഎഫ്ഐയുടെ സോണൽ സെക്രട്ടറിയായി പ്രവർത്തിച്ചിരുന്ന അബ്ദുൾ റാഷിദിന്റെ വീട്ടിലും സംസ്ഥാന സമിതി അംഗമായിരുന്ന നിസാറിന്റെ വീട്ടിലും റെയ്ഡ് നടന്നു. നിസാർ ഏതാനും ദിവസങ്ങൾക്ക് മുമ്പ് തന്നെ വീട്ടിൽ നിന്ന് പോയിരുന്നുവെന്നാണ് ബന്ധുക്കൾ എൻഐഎയോട് വ്യക്തമാക്കിയത്. കോഴിക്കോട് കേന്ദ്രമാക്കി പുതിയ ജോലിയിൽ പ്രവേശിച്ചുവെന്നാണ് ബന്ധുക്കൾ നൽകുന്ന വിവരം.

    അബ്ദുൾ റാഷിദിന്റെ വീട്ടിൽ പുലർച്ചെ മൂന്ന് മണിക്ക് എൻഐഎ സംഘം എത്തുമ്പോൾ തൊട്ടുമുമ്പായി റാഷിദ് പുറത്തേക്ക് പോയി എന്നാണ് വിവരം. അടൂർ സ്വദേശിയും പിഎഫ്ഐയുടെ ജില്ലാ പ്രസിഡന്റ് ആയി പ്രവർത്തിച്ചിരുന്നയാളുമായ സജീവിന്റെ വീട്ടിൽ റെയ്ഡിനെത്തുമ്പോൾ ഇയാളും വീട്ടിൽ ഉണ്ടായിരുന്നില്ല. ഇതാണ് ജില്ലാ തലത്തിൽ വിവരം ചോർന്നു എന്ന സംശയം ബലപ്പെടാനുള്ള കാരണം. സംസ്ഥാനത്ത് മറ്റിടങ്ങളിൽ റെയ്ഡിന് എൻഐഎ സംഘം എത്തിയ സമയത്ത് പ്രധാനപ്പെട്ട നേതാക്കൾ വീട്ടിൽ തന്നെ ഉണ്ടായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം.

    Also Read- ട്രെയിനില്‍ കയറുന്നതിനിടെ കാൽതെന്നി ട്രാക്കിലേക്ക് വീണ് 28കാരൻ മരിച്ചു

    കഴിഞ്ഞ ദിവസം ചില ദേശീയ മാധ്യമങ്ങളിൽ എൻഐഎ റെയ്ഡ് സംബന്ധിച്ച വാർത്തകൾ വന്നിരുന്നു. കേരളത്തിലെ പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിൽ എൻഐഎ റെയ്ഡ് നടന്നുവെന്നും ഇത് സംസ്ഥാനത്തെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തില്ലെന്നും ആരോപിച്ച് ചില തീവ്രഹിന്ദുത്വ നേതാക്കൾ സമൂഹമാധ്യമങ്ങളിൽ കുറിപ്പ് പങ്കുവെച്ചിരുന്നു. എന്നാൽ കേരളത്തിൽ ഇന്ന് പുലർച്ചെയായിരുന്നു എൻഐഎ സംഘം റെയ്ഡിനെത്തിയത്. ഇതാണ് റെയ്ഡ് വിവരം നേരത്തെ ചോർന്നുവെന്ന സംശയത്തിന് ബലമേകുന്നത്.

    റെയ്ഡ് എന്തിന്?

    നിരോധനത്തിന് ശേഷവും സമൂഹമാധ്യമങ്ങൾ കേന്ദ്രീകരിച്ച് സമാന്തര പ്രവർത്തനം നടത്തുന്നുവെന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പിഎഫ്ഐ രണ്ടാം നിര നേതാക്കളുടെ വീടുകളിൽ എൻഐഎ പരിശോധന നടത്തിയത്. സംസ്ഥാനത്തെ അറുപതോളം കേന്ദ്രങ്ങളിലാണ് റെയ്ഡ്. പുലർച്ചെ 4 മണിയോടെ സംസ്ഥാനത്തെ 13 ജില്ലകളിലും പരിശോധന ആരംഭിച്ചു. സാമ്പത്തിക ഇടപാടുകളുടെ രേഖകൾ തേടിയും സമാന്തര പ്രവർത്തനങ്ങളുടെ വിശദാംശം തേടിയുമാണ് പരിശോധന. മൊബൈൽ ഫോണുകളും പ്രധാനപ്പെട്ട രേഖകളും അടക്കം റെയ്ഡിൽ പിടിച്ചെടുത്തു.

    തിരുവനന്തപുരത്തെയും കോഴിക്കോട്ടെയും കൊല്ലത്തെയും റെയ്‌ഡിൽ മൊബൈൽ ഫോണുകളും മൂവാറ്റുപുഴയിലെ റെയ്‌ഡിൽ രേഖകളും പിടിച്ചെടുത്തു. നിരോധനത്തിന് ശേഷവും പിഎഫ്ഐ രണ്ടാം നിര നേതാക്കൾ സമാന്തര പ്രവർത്തനം നടത്തിയിരുന്നതായാണ് അന്വേഷണ ഏജൻസിയുടെ വിലയിരുത്തൽ.

    ഇതുകൂടാതെ പോപ്പുലർ ഫ്രണ്ടിന്റെ സാമ്പത്തിക സ്രോതസ്സുകളെ കുറിച്ച് കൂടുതൽ വിശദാംശങ്ങൾ തേടുന്നതിനും കൂടി ലക്ഷ്യമിട്ടാണ് റെയ്ഡ്. പ്രാദേശികതലത്തിൽ പോപ്പുലർ ഫ്രണ്ടിന് സഹായം ലഭിക്കുന്നതായി എൻഐഎ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇത് സംബന്ധിച്ച രേഖകൾ തേടിയാണ് എൻഐഎ സംഘം റെയ്ഡ് നടത്തിയത്.

    എറണാകുളത്ത് മാത്രം 12 ഇടങ്ങളിൽ റെയ്ഡ്

    സംസ്ഥാനത്തെ അറുപതോളം പിഎഫ്‌ഐ നേതാക്കളുടെ വീടുകളിലാണ് റെയ്ഡ്. ഏറ്റവും കൂടുതല്‍ റെയ്ഡ് നടക്കുന്നത് എറണാകുളം റൂറലിലാണ്. 12 ഇടത്താണ് പരിശോധന നടക്കുന്നത്.
    സംഘടനയുടെ രണ്ടാം നിര നേതാക്കള്‍, പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കിയവര്‍ തുടങ്ങിയവരുടെ വീടുകളിലും പരിശോധന നടത്തുന്നുണ്ട്. പിഎഫ്‌ഐ നിരോധനത്തിന്റെ തുടര്‍ച്ചയാണ് റെയ്ഡ്. ഡല്‍ഹിയില്‍ നിന്നുള്ള എന്‍ഐഎ ഉദ്യോഗസ്ഥരും റെയ്ഡിനായി എത്തിയിരുന്നു.

    ആലപ്പുഴ ജില്ലയിൽ 4 ഇടങ്ങളിലാണ് റെയ്ഡ് നടന്നത്. ചന്തിരൂരിൽ പി എഫ് ഐ മുൻ സംസ്ഥാന കമ്മറ്റി അംഗം സിറാജ് കളരിക്കലിൻ്റെ വീട്ടിൽ നിന്നും മൊബൈൽ ഫോണും ലഘുലേഖകളും പിടിച്ചെടുത്തു, മുൻ പിഎഫ്ഐ ജില്ലാ പ്രസിഡന്റ് നവാസ് വണ്ടാനത്തിൻ്റെ പുന്നപ്രയിലെ വീട്ടിൽ നിന്നും ബാങ്ക് സ്റ്റേറ്റുമെൻ്റുകൾ കണ്ടെത്തി. പിഎഫ്ഐ പ്രവർത്തകൻ വിയപുരം മങ്കോട്ട ചിറയിൽ മുജീബ് യാക്കൂബ്, പ്രാദേശിക പ്രവർത്തകൻ ഓച്ചിറ പായിക്കുഴിയിൽ അൻസാരി എന്നിവരുടെ വീട്ടിലും എൻഐഎ സംഘം പരിശോധന നടത്തി.

    കണ്ണൂർ ജില്ലയിൽ 9 ഇടങ്ങളിലാണ് എൻഐഎ റെയ്ഡ് നടത്തിയത്. രണ്ടിടങ്ങളിൽ നിന്നും മൊബൈൽ ഫോണുകൾ പിടിച്ചെടുത്തു. കണ്ണൂർ സിറ്റിയിൽ പി മുസാഫിറിന്റെ വീട്ടിലാണ് റെയ്ഡ് നടന്നത്. വളപട്ടണത്ത് നൗഫൽ, അനസ്, എന്നിവരുടെയും കക്കാട് ഫൈസൽ, കീഴുത്തള്ളിയിൽ ബംഗലൂരുവിലെ ഐടി ജീവനക്കാരനായ മുഹമ്മദ് റംഷീദ് എന്നിവരുടെ വീട്ടിലാണ് റെയ്ഡ് നടന്നത്. മട്ടന്നൂരും ന്യൂ മാഹിയിലും പരിശോധനയും ഉണ്ടായിരുന്നു.

    മൂവാറ്റുപുഴയില്‍ പിഎഫ്ഐ മുന്‍ സംസ്ഥാനസെക്രട്ടറി എം.കെ.അഷ്‌റഫിന്റെ വീട്ടിലാണ് റെയ്ഡു നടന്നത്.ചില രേഖകള്‍ പിടിച്ചെടുത്തു. ആലുവ പെരിയാര്‍ വാലി ക്യാമ്പസ് കുഞ്ഞുണ്ണിക്കര സ്വദേശികളായ ഫയിസ്, സക്കീര്‍ എന്നിവരുടെ വീടുകള്‍. ഫയിസ് സ്ഥലത്തില്ലായിരുന്നു. മുപ്പത്തടം സ്വദേശി കമറുദ്ദീന്റെ വീട്ടില്‍ പരിശോധന നടത്തി. ഇയാള്‍ അധ്യാപകന്റെ കൈവെട്ടിയ കേസിലെ പ്രതിയുമാണ്. കാക്കനാട്, എടവനക്കാട്, വൈപ്പിന്‍ ഭാഗങ്ങളിലും പരിശോധന നടന്നു. എടവനക്കാട് മുബാറക്കിന്റെ വീട്ടില്‍ നിന്നും ആയുധങ്ങള്‍ കണ്ടെടുത്തു .ഇയാളെ കസ്റ്റഡിയിലെടുത്തു. റെയ്ഡില്‍ ഒരു മൊബൈല്‍ഫോണ്‍, ഹാർഡ് ഡിസ്ക്,  ലഘുലേഖകള്‍ എന്നിവ കണ്ടെടുത്തതായും വിവരങ്ങളുണ്ട്.

    തിരുവനന്തപുരത്ത് മൂന്ന് കേന്ദ്രങ്ങളിലായിരുന്ന റെയ്ഡ്.
    പിഎഫ്ഐ മുൻ തിരുവനന്തപുരം സോണൽ പ്രസിഡൻ്റ് നവാസ് തോന്നയ്ക്കൽ, മുൻ സംസ്ഥാന കമ്മിറ്റി അം​ഗം സുൽഫി വിതുര, പിഎഫ്ഐ പ്രവർത്തകനായിരുന്ന പള്ളിക്കൽ ഫസൽ എന്നിവരുടെ വീടുകളില്‍ റെയ്ഡ് നടത്തി. സുൽഫി വീട്ടിൽ ഇല്ലായിരുന്നു. എൻഐഎ ഡിവൈഎസ്പി ആർ കെ പാണ്ഡെയുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. നവാസിന്റെ വീട്ടിൽ നിന്നും രേഖകളും രണ്ട് മൊബൈൽ ഫോണും പിടിച്ചെടുത്തു

    കൊല്ലത്ത് ചക്കുവള്ളി, കോഴിക്കോട് മാവൂര്‍, നാദാപുരം,  കോട്ടയത്ത് ഈരാറ്റുപേട്ട, മലപ്പുറത്ത് മഞ്ചേരി, കോട്ടയ്ക്കല്‍ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം റെയ്ഡ് നടന്നു.

    Published by:Rajesh V
    First published: