കോഴിക്കോട്: സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് കേസ് ദേശീയ അന്വേഷണ ഏജന്‍സിയായ എൻഐ എ രണ്ടാഴ്ച്ചക്കകം ഏറ്റെടുക്കും. എന്‍ഐഎ സംഘം കോഴിക്കോട് ജില്ലാക്രൈബ്രാഞ്ച് ഓഫിസിലെത്തി കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിച്ചു. തീവ്രവാദ ബന്ധം പുറത്തുവന്ന പശ്ചാത്തലത്തിലാണ് കേസ് എന്‍ഐഎ ഏറ്റെടുക്കുന്നതെന്നാണ് വിവരം.
ഗള്‍ഫ് രാജ്യങ്ങള്‍ക്ക് പുറമേ പാക്കിസ്ഥാന്, ചൈന, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്ന് സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് വഴി ഇന്ത്യയിലേയ്ക്കും തിരിച്ചും ബന്ധപ്പെട്ടിരുന്നതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായാണ് ഈ റൂട്ടുകള്‍ ഉപയോഗിച്ചിരുന്നതെന്ന് അന്വേഷണ സംഘം പറയുന്നു. കേസില്‍ അറസ്റ്റിലായ ഇബ്രാഹിം പുല്ലോട്ടിലിന്റെ മൊഴിയും സമാനരീതിയില്‍ ആയിരുന്നു. സൈനിക നീക്കങ്ങള്‍ അടക്കം ചോര്‍ത്താന്‍ ശ്രമം നടന്നുവെന്ന സംശയവും അന്വേഷണ സംഘത്തിനുണ്ട്.
സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് കേസില്‍ അന്വേഷണം നയതന്ത്ര സ്വർണകടത്ത് കേസിലെ പ്രതി കെടി റമീസിലേക്കും നീളുന്നു. തെലങ്കാനയില്‍ സമാനകേസില്‍ പിടിയിലായ തൊടുപുഴ സ്വദേശി റസല്‍, കെടി റമീസിന് വേണ്ടി താന്‍ നിരവധി തവണ സ്വർണം കടത്തിയിട്ടുണ്ടെന്ന് മൊഴി നല്‍കിയതായാണ് വിവരം. അന്വേഷണ സംഘം ഇയാളെ ഹൈദരാബാദിലെത്തി ചോദ്യം ചെയ്യും.
രണ്ടാം തവണയാണ് എന്‍ഐഎ കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിക്കുന്നത്. കേസ് രണ്ടാഴ്ച്ചയ്ക്കകം എന്‍ഐഎ ഏറ്റെടുക്കുന്നതോടെ കൂടുതൽ പേരിലേക്ക് നീളും.
സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് കേസിലെ ബുദ്ധികേന്ദ്രങ്ങളായ രണ്ട് മുഖ്യപ്രതികള്‍ കേരളം വിട്ടിരുന്നു. കോഴിക്കോട് മൂര്യാട് സ്വദേശികളായ ഷബീര്‍, പ്രസാദ് എന്നിവരാണ് ബംഗളുരുവിലേക്ക് കടന്നതായി പൊലീസിന് വിവരം ലഭിച്ചത്. കോഴിക്കോട് സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് കണ്ടെത്തിയതിന് പിന്നാലെ കൊളത്തറ സ്വദേശിയായ ജുറൈസിനെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു. ജുറൈസിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ബുദ്ധികേന്ദ്രങ്ങള്‍ ഷബീറും പ്രസാദുമാണെന്ന് സ്ഥിരീകരിച്ചത്.സംഘത്തിലെ മുഖ്യകണ്ണിയായ മലപ്പുറം സ്വദേശി പുല്ലാട്ട് ഇബ്രാഹിമിനെ ബംഗളുരു ജയിലില്‍ നിന്ന് കേരള പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയിരുന്നു. ഇബ്രാഹിമിന്റെ മൊഴിയിലും ഷബീറിന്റെയും പ്രസാദിന്റെ പങ്ക് വ്യക്തമായതായി പൊലീസ് പറയുന്നു.കൊച്ചിയിലും സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് കണ്ടെത്തിയിരുന്നു.
തൃക്കാക്കരയിലും മറൈന്‍ ഡ്രൈവിലുമുള്ള റൂമുകളില്‍ നടത്തിയ പരിശോധനയില്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഉള്‍പ്പെടെ പൊലീസ് പിടിച്ചെടുത്തു.കൊച്ചി നഗരത്തില്‍ സമാന്തര എക്സ്ചേഞ്ചുകള്‍ പ്രവര്‍ത്തിക്കുന്നതായി ടെലികോം വകുപ്പ് നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. കൊച്ചിയിലെ ഫ്ളാറ്റില്‍ നടത്തിയ പരിശോധനയില്‍ വിവിധ ഇലക്ട്രോണിക് ഉപകരണങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഫ്ളാറ്റില്‍ ഉണ്ടായിരുന്ന മലപ്പുറം കൊണ്ടോട്ടി സ്വദേശിയെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
വിദേശത്തു നിന്നും വരുന്ന ടെലിഫോണ്‍ കോളുകള്‍ ഇന്‍ര്‍നെറ്റ് സഹായത്തോടെ ലോക്കല്‍ നമ്പറില്‍ നിന്നും ലഭിക്കുന്ന രീതിയിലേക്ക് പ്രതികള്‍ മാറ്റി നല്‍കിയിരുന്നു. ഇന്റര്‍നെറ്റ് ഉപയോഗിച്ച് കോള്‍ റൂട്ട് ചെയ്ത് ചെറിയ വാടകയ്ക്ക് ഉപഭോക്താക്കള്‍ക്ക് നല്കി വന്‍ ലാഭമുണ്ടാക്കുന്ന സംവിധാനമാണ് സമാന്തര എക്സ്ചേഞ്ചുകള്‍. വിവിധ സര്‍വ്വീസ് പ്രൊവൈഡര്‍മാര്‍ക്ക് ലഭിക്കേണ്ട വാടക തുക ഇതുവഴി നഷ്ടമാകും
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: NIA, Parallel Telephone Exchange