നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ഇടുക്കിയിൽ രാത്രികാല യാത്ര നിരോധിച്ചു; നിയന്ത്രണം വൈകിട്ട് ഏഴു മുതൽ രാവിലെ ആറ് വരെ

  ഇടുക്കിയിൽ രാത്രികാല യാത്ര നിരോധിച്ചു; നിയന്ത്രണം വൈകിട്ട് ഏഴു മുതൽ രാവിലെ ആറ് വരെ

  ഇടുക്കി ജില്ലയിലെ മലയോരമേഖലകളിൽ മണ്ണിടിച്ചിൽ സാധ്യത നിലനിൽക്കുന്നതിനാലാണ് യാത്രാ നിരോധനം ഏർപ്പെടുത്തിയത്

  Munnar

  Munnar

  • Share this:
   ഇടുക്കി: ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ഇടുക്കി ജില്ലയിൽ രാത്രികാല യാത്ര നിരോധിച്ചു. ഇന്ന് മുതൽ പതിനാലാം തീയതി വരെയാണ് നിരോധനം ഏർപ്പെടുത്തിയത്. വൈകുന്നേരം ഏഴ് മണി മുതൽ രാവിലെ ആറ് വരെ യാത്ര അനുവദിക്കില്ല. ഇടുക്കി ജില്ലയിലെ മലയോരമേഖലകളിൽ മണ്ണിടിച്ചിൽ സാധ്യത നിലനിൽക്കുന്നതിനാലാണ് യാത്രാ നിരോധനം ഏർപ്പെടുത്തിയത്. ഇടുക്കിയിൽ ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചിരിക്കുകയാണ്. വിവിധ സ്ഥലങ്ങളിൽ ശക്തമായ മഴ തുടരുന്നതിലാണ് മുൻകരുതൽ നടപടിയെന്ന് അധികൃതർ അറിയിച്ചു.

   അതിനിടെ തിരുവനന്തപുരം ഉൾപ്പടെ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഇപ്പോഴും കനത്ത മഴ തുടരുകയാണ്. അരുവിക്കര ഡാമിന്റെ മൂന്നാമത്തെയും നാലാമത്തെയും ഷട്ടറുകൾ 110 cm ഉം അഞ്ചാമത്തെ ഷട്ടർ 100 cm ഉം(മൊത്തം 320cm ) നിലവിൽ ഉയർത്തിയിട്ടുണ്ട്. രാത്രി 09:30 ന് ഒന്നാമത്തേയും അഞ്ചാമത്തേയും ഷട്ടറുകൾ 20 cm കൂടി (മൊത്തം 360 cm) ഉയർത്തുമെന്ന് തിരുവനന്തപുരം ജില്ലാ കലക്ടർ അറിയിച്ചിട്ടുണ്ട്.

   പത്തനംതിട്ട മണിയാർ ബാരേജിന്‍റെ ഷട്ടറുകൾ തുറക്കാൻ സാധ്യതയുണ്ടെന്ന് അധികൃതർ. പമ്പ, കക്കാട്ടാർ നദികളുടെ തീരത്ത് താമസിക്കുന്നവർക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

   Rain Alert | സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; നാളെ ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്

   സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. ഇന്ന് ഏഴ് ജില്ലകളിലും നാളെ ആറ് ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട്. നാളെ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും ഓറഞ്ച് അലർട്ട് ആയിരിക്കും. ബുധനാഴ്ച മുതൽ, മഴയുടെ തീവ്രത തെക്കൻ കേരളത്തിൽ കുറയുമെന്നാണ് പ്രവചനം. ബുധനാഴ്ച ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം എന്നീ ആറ് ജില്ലകളിലായിരിക്കും ഓറഞ്ച് അലർട്ട്.

   കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം

   കേരളത്തിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ അലെർട്ടുകൾ പ്രഖ്യാപിച്ചിരിക്കുന്നു.

   11-10-2021: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി

   12-10-2021: കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി

   13-10-2021: ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം

   14-10-2021: ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം

   15-10-2021: പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്

   എന്നീ ജില്ലകളിൽ അതിശക്തമായ മഴക്കുള്ള സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് (Orange) അലെർട് പ്രഖ്യാപിച്ചിരിക്കുന്നു. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.

   11-10-2021: തൃശ്ശൂർ, പാലക്കാട്, മലപ്പുറം

   12-10-2021: തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്

   13-10-2021: കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്

   14-10-2021: പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്

   15-10-2021: എറണാകുളം, ഇടുക്കി, കണ്ണൂർ

   എന്നീ ജില്ലകളിൽ ശക്തമായ മഴക്കുള്ള സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലെർട് പ്രഖ്യാപിച്ചിരിക്കുന്നു. 24 മണിക്കൂറിൽ 64.5 mm മുതൽ 115.5 mm വരെയുള്ള മഴയാണ് ശക്തമായ മഴ കൊണ്ട് അർത്ഥമാക്കുന്നത്.

   കഴിഞ്ഞ ദിവസങ്ങളിൽ വലിയ അളവിൽ മഴ ലഭിച്ച പ്രദേശങ്ങളിൽ മഴ തുടരുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണം.

   2018, 2019, 2020 വർഷങ്ങളിൽ ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം എന്നിവ ഉണ്ടായ മേഖലകളിൽ ഉള്ളവർ, ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ വിദഗ്ധ സമിതിയും അപകട സാധ്യത മേഖലകൾ അഥവാ വാസയോഗ്യമല്ലാത്ത പ്രദേശങ്ങൾ എന്ന് കണ്ടെത്തിയ സ്ഥലങ്ങളിൽ താമസിക്കുന്നവരും അവിടങ്ങളിലുള്ള തദ്ദേശ സ്ഥാപനങ്ങളും സർക്കാർ സംവിധാനങ്ങളും അപകട സാധ്യത മുന്നിൽ കണ്ട് കൊണ്ടുള്ള തയ്യാറെടുപ്പുകൾ പൂർത്തീകരിക്കേണ്ടതാണ്.

   കോവിഡ് 19 ൻറെ പശ്ചാത്തലത്തിൽ ദുരിതാശ്വാസ ക്യാമ്പുകൾ നടത്താൻ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഓറഞ്ച് ബുക്ക് 2021 ലൂടെ നിർദേശിച്ച തരത്തിലുള്ള തയ്യാറെടുപ്പുകൾ പൂർത്തീകരിക്കേണ്ടതാണ്.
   Published by:Anuraj GR
   First published: