കോഴിക്കോട്: വടകര ചേറോട് പഞ്ചായത്തിലെ മുട്ടുങ്ങല്‍ ബീച്ചിലെ തകര്‍ന്ന കടല്‍ഭിത്തിയുടെ കല്ലുകള്‍ക്കിടയില്‍ കുടുങ്ങി കിടന്ന 9 വയസുകാരനെ അഗ്നിശമന സേന രക്ഷപ്പെടുത്തി (Child Rescue). മുട്ടുങ്ങല്‍ വരാന്റെ തയ്യില്‍ വീട്ടില്‍ ഷാഫിയുടെയും മുബീനയുടെയും മകന് സിയാസാണ് അപകടത്തില്‍പ്പെട്ടത്. ശനിയാഴ്ച വൈകിട്ട് ആറ് മണിയോടെയായിരുന്നു സംഭവം. മൂന്ന് മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് സിയാസിനെ പുറത്തെടുത്തത്. അപകടത്തില്‍ കുട്ടിക്ക് പരിക്കേറ്റിട്ടില്ല.
കടല്‍തീരത്ത് ക്രിക്കറ്റ് കളിക്കുന്നതിനിടെ കല്ലുകള്‍ക്കിടയിലേക്ക് ഉരുണ്ടുപോയ പന്ത് എടുക്കുന്നതിനിടെയാണ് സിയാസ് അപകടത്തില്‍പ്പെട്ടത്. തകര്‍ന്ന് കിടന്ന കടല്‍ ഭിത്തിയിലെ മൂന്ന് കല്ലുകളുടെ വിടവിലേക്ക് വീണ പന്ത് എടുക്കാന്‍ ഇറങ്ങിയപ്പോള്‍ കല്ലിനിടയില്‍ കുടുങ്ങുകയായിരുന്നു.
സമീപവാസിയായ സഹൽ സമീർ എന്ന ഏഴുവയസ്സുകാരനാണ് കല്ലുകൾക്കിടയിൽ കുടുങ്ങിയ സിയാസിനെ ആദ്യം കാണുന്നത്. തുടർന്ന് സഹൽ വീട്ടിലും മറ്റും വിവരം അറിയിച്ചു. സഹലിന്റെ സന്ദര്‍ഭോചിതമായ ഇടപെടല്‍ മൂലമാണ് അപകടവിവരം പുറം ലോകം അറിഞ്ഞത്. നാട്ടുകാർ കുട്ടിയെ പുറത്തെടുക്കാൻ ഏറെ ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്ന് അഗ്നിരക്ഷാസേനയെ വിവരം അറിയിച്ചു.
വടകര സ്റ്റേഷൻ ഓഫീസർ കെ. അരുണിന്റെ നേതൃത്വത്തിലെത്തിയ സംഘം കല്ലുകൾ മാറ്റാൻ ശ്രമം നടത്തിയെങ്കിലും ചുറ്റുമുള്ള കല്ലുകൾ ഇളകിയാൽ അത് അപകടകരമാകുമെന്നതിനാൽ മറ്റൊരു മാര്‍ഗം സ്വീകരിക്കുകയായിരുന്നു. വടകരയിൽനിന്ന് ക്രെയിൻ സംഘവും ഹിറ്റാച്ചിയും രാത്രി എട്ടുമണിയോടെ സ്ഥലത്തെത്തിച്ചു. അഗ്നിരക്ഷാസേനയും ക്രെയിൻ ഓപ്പറേറ്റർമാരും നാട്ടുകാരുമെല്ലാം ഒറ്റക്കെട്ടായി നിന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
സിയാസ് കുടുങ്ങിയതിനുമുകളിലുള്ള മൂന്ന് കൂറ്റൻ കല്ലുകൾ മാറ്റുക എന്നതായിരുന്നു രക്ഷാപ്രവര്‍ത്തനത്തിലെ പ്രധാന വെല്ലുവിളി. ഇത് ഉയർത്തുമ്പോൾ സമീപത്തുള്ള കല്ലുകൾ സിയാസിനരികിലേക്ക് വീഴാനും പാടില്ല. ഓരോ കല്ലും ബെൽറ്റിട്ട് കുടുക്കിയശേഷം ക്രെയിൻകൊണ്ട് ഉയർത്തി മാറ്റുകയായിരുന്നു. മൂന്നാമത്തെ കല്ല് എടുത്തുമാറ്റലായിരുന്നു ഏറെ പ്രയാസം. ഒരു ഭാഗത്തുനിന്ന് ക്രെയിൻ കല്ല് ഉയർത്തിയപ്പോൾ മറുഭാഗത്തുനിന്ന് ഹിറ്റാച്ചി കൊണ്ട് സമീപത്തെ കല്ലുകൾ തടുത്തുനിർത്തി. ഒടുവിൽ 8.50-ഓടെ മൂന്നാമത്തെ കല്ലും മാറ്റിയശേഷമാണ് സിയാസിനെ പുറത്തെടുത്തത്.
സിയാസിന്റെ മുഖം മാത്രമായിരുന്നു ഈ സമയം പുറത്തുനിന്ന് കാണാന്‍ കഴിയുമായിരുന്നത്. രണ്ടുതവണ അഗ്നിരക്ഷാസേന സിയാസിന് വെള്ളം നൽകി. പുറത്തെടുത്തശേഷം വടകര ആശ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും കാര്യമായ ആരോഗ്യ പ്രശ്നമില്ലാത്തതിനാൽ തിരിച്ചുപോയി. വടകര എം.എൽ.എ. കെ.കെ. രമ , പഞ്ചായത്ത് അധികൃതർ, വടകര പോലീസ്, റവന്യൂ അധികൃതർ എന്നിവരും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചു.
Published by:Arun krishna
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.