നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • നിപയിൽ 15 പേരുടെ പരിശോധന ഫലങ്ങൾ കൂടി നെഗറ്റീവ്: കൂടുതൽ പേരുടെ സാംമ്പിളുകൾ ഇന്ന് ശേഖരിക്കും.

  നിപയിൽ 15 പേരുടെ പരിശോധന ഫലങ്ങൾ കൂടി നെഗറ്റീവ്: കൂടുതൽ പേരുടെ സാംമ്പിളുകൾ ഇന്ന് ശേഖരിക്കും.

  പരിശോധന ഫലങ്ങള്‍ ആശ്വാസകരമാണെങ്കിലും ഉറവിടം കണ്ടെത്തുക എന്നത് വലിയ വെല്ലുവിളിയാണ്

  • Share this:
  കോഴിക്കോട്: സമ്പര്‍ക്കപ്പട്ടികയിലുള്ള 15 പേരുടെ നിപ വൈറസ് പരിശോധനാ ഫലം കൂടി നെഗറ്റീവായെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ എടുത്ത സാമ്പിളുകളുടെ പരിശോധനാഫലമാണ് ഇന്ന് നെഗറ്റീവായത്. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ലാബില്‍ നടത്തിയ പരിശോധനാ ഫലമാണ് പുറത്ത് വന്നത്. സമ്പര്‍ക്ക പട്ടികയിലുള്ള കൂടുതല്‍ പേരുടെ സാമ്പിളുകള്‍ ഇന്ന് പരിശോധനയ്ക്ക് വിധേയമാക്കും. നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ 64 പേരാണ് നിരീക്ഷണത്തിലുള്ളതെന്നും മന്ത്രി വ്യക്തമാക്കി.
  ഇതോടെ ആകെ നെഗറ്റീവായവരുടെ എണ്ണം 61 ആയി

  കഴിഞ്ഞ ദിവസം നിപ ബാധിച്ച് മരിച്ച കുട്ടിയുടെ മാതാപിതാക്കളും രോഗലക്ഷണങ്ങളുള്ള ആരോഗ്യ പ്രവര്‍ത്തകരുമടക്കമുള്ള ഒരാള്‍ക്ക് മാത്രമാണ് ചെറിയ തോതില്‍ രോഗ ലക്ഷണങ്ങള്‍ ഉള്ളത്. കുട്ടിയുമായി വളരെ അടുത്ത സമ്പര്‍ക്കമുള്ള കൂടുതല്‍ പേര്‍ നെഗറ്റീവാണെന്നുള്ളത് ഈ ഘട്ടത്തില്‍ ആശ്വാസകരമാണെന്ന് മന്ത്രി വീണാ ജോര്‍ജ്പറഞ്ഞു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പുതുതായി സജ്ജമാക്കിയ ലാബില്‍ ഒരേസമയം 96 പേരുടെ പരിശോധന നടത്തുവാനുള്ള സജ്ജീകരണമാണ് ക്രമീകരിച്ചിരിക്കുന്നത്. ഇവിടെ നടത്തുന്ന പരിശോധനയ്ക്ക് ഒപ്പം കൂടുതല്‍ രോഗ ലക്ഷണങ്ങള്‍ ഉളളവരുടെ സാംബിളുകള്‍ പൂനെയിലേക്ക് അയച്ച ശേഷമായിരിക്കും അന്തിമമായി ഫലം പുറത്ത് വിടുകയെന്നും മന്ത്രി അറിയിച്ചു.

  പരിശോധന ഫലങ്ങള്‍ ആശ്വാസകരമാണെങ്കിലും ഉറവിടം കണ്ടെത്തുക എന്നത് വലിയ വെല്ലുവിളിയാണ്. ഇതിനായി ഭോപ്പാലില്‍ നിന്നുള്ള കേന്ദ്ര സംഘം കോഴിക്കോട്ടേക്ക് യാത്ര തിരിച്ചു. അവര്‍ ഇന്നലെ വരുമെന്ന് അറിയിച്ചിരുന്നെങ്കിലും സംഘത്തിലെ ഒരാള്‍ക്ക് ഉണ്ടായ അസൗകര്യം മൂലം ഇന്നലെയാണ് യാത്ര തിരിച്ചത്. റോഡ് മാര്‍ഗമാണ് സംഘം ഭോപ്പാലില്‍ നിന്നും യാത്ര തിരിച്ചത്. നാളെ കോഴിക്കോട് എത്തിയ ശേഷം വിവിധ വകുപ്പുകളെ എകോപിച്ച് ഉറവിടം കണ്ടെത്തുവാനുള്ള ശ്രമം തുടരും. ഇതിനോടൊപ്പം നിലവില്‍ മൃഗസംരക്ഷണ, വനം വകുപ്പുകള്‍ സംയുക്തമായി നടത്തുന്ന പരിശോധനകളും, സാംബിള്‍ ശേഖരണവും ചാത്തമംഗലം പഞ്ചായത്തിലും, സമീപ പ്രദേശങ്ങളിലും തുടരുമെന്നും മന്ത്രി അറിയിച്ചു.
  കൂടുതല്‍ നെഗറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത പശ്ചാതലത്തില്‍ രോഗം റിപ്പോട്ട് ചെയ്ത ചാത്തമംഗലം, കൊടിയത്തൂര്‍ പഞ്ചായത്തിലും, മുക്കം നഗരസഭയിലും, സമീപ പ്രദേശങ്ങളിലും നിശ്ചയിച്ചിട്ടുള്ള നിയന്ത്രണങ്ങള്‍ തുടരുന്നതില്‍ അവലോകന യോഗത്തില്‍ തീരുമാനം ഉണ്ടാവും. അതുവരെ ചാത്തമംഗലം പഞ്ചായത്തിലെ പ്രധാന പാത ഒഴികെ മറ്റ് വഴികള്‍ പൂര്‍ണ്ണമായും അടഞ്ഞ് കിടക്കും. വിവിധ വകുപ്പുകളുടെ ഏകോപനയോഗങ്ങള്‍ ഇന്നും തുടരും.

  കോഴിക്കോട് മെഡിക്കല്‍ കോളജില്‍ രൂപം നല്‍കിയ മെഡിക്കല്‍ ബോര്‍ഡ് സ്ഥിതി ഗതികള്‍ വിലയിരുത്തുവാന്‍ എല്ലാ ദിവസവും യോഗം ചേരുന്നുണ്ട്. വിവിധ വകുപ്പ് മേധാവികളുടെ നേത്യത്വത്തില്‍ ആറംഗ മെഡിക്കല്‍ ബോര്‍ഡാണ് കാര്യങ്ങള്‍ നിരീക്ഷിക്കുന്നത്. നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് മാനസിക പിന്തുണ കൊടുക്കുവാന്‍ മെഡിക്കല്‍ ബോര്‍ഡിന്റെ നേതൃത്വത്തില്‍ പ്രത്യേക വിഭാഗം പ്രവര്‍ത്തിക്കുന്നുണ്ട്.
  Published by:Jayashankar AV
  First published:
  )}