• HOME
 • »
 • NEWS
 • »
 • kerala
 • »
 • നിപാ; യാത്ര ചെയ്യുന്നതിനോ ജോലിക്ക് പോവുന്നതിനോ ഭയം വേണ്ടെന്ന് ഉന്നതതലയോഗം

നിപാ; യാത്ര ചെയ്യുന്നതിനോ ജോലിക്ക് പോവുന്നതിനോ ഭയം വേണ്ടെന്ന് ഉന്നതതലയോഗം

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

 • Share this:
  തിരുവനന്തപുരം: നിപാ വൈറസ് ബാധയുമായി ബന്ധപ്പെട്ട് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന ഉന്നതതലയോഗം. ഇതു സംബന്ധിച്ച് അനാവശ്യ ഭീതിയുടെ ആവശ്യമില്ലെന്ന് ആരോഗ്യവകുപ്പ് അധികൃതരും വ്യക്തമാക്കി.

  സ്ഥിതി നിയന്ത്രണ വിധേയമാണെന്നും ഈ മാസം പതിനൊന്നോടെ രോഗവ്യാപനം പൂര്‍ണമായി നിയന്ത്രണത്തില്‍ ആകുമെന്നും ആരോഗ്യ സെക്രട്ടറി രാജീവ് സദാനന്ദന്‍ പറഞ്ഞു. പ്രതിരോധ പ്രവര്‍ത്തനങ്ങളും തുടര്‍നടപടികളും ചര്‍ച്ച ചെയ്യാന്‍ നാളെ തിരുവനന്തപുരത്ത് സര്‍വ്വകക്ഷി യോഗം ചേരും.

  ഇതുവരെ 18 കേസുകളില്‍ രോഗബാധ സ്ഥിരീകരിച്ചതില്‍ 16 പേരാണ് മരിച്ചത്. കൂടുതല്‍ കേസുകള്‍ ഉണ്ടാകാത്ത സാഹചര്യത്തില്‍ ഇപ്പോള്‍ ഭയപ്പേണ്ട ഒരു സാഹചര്യവുമില്ല. രണ്ടാംഘട്ടത്തിലും വളരെ ചുരുങ്ങിയ കേസുകള്‍ മാത്രമേ വന്നിട്ടുള്ളൂ. കണ്ണൂരിലും വയനാട്ടിലുമുണ്ടായ ഓരോ മരണം നിപ്പ മൂലമല്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

  രോഗം ബാധിച്ചവരുമായി അടുത്ത് സമ്പര്‍ക്കം പുലര്‍ത്തിയതിനാല്‍ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തില്‍ ഉള്ളവര്‍ക്കൊഴികെ യാത്ര ചെയ്യുന്നതിനോ ജോലിക്കുപോകുന്നതിനോ ഭയപ്പെടേണ്ട സാഹചര്യമില്ല.
  രോഗമുള്ളവരുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തുന്നവര്‍ക്ക് മാത്രമേ രോഗം പിടിപെടാന്‍ സാധ്യതയുള്ളൂവെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കി.

  കഴിഞ്ഞ ദിവസം മരണപ്പെട്ടതുള്‍പ്പെടെയുള്ളവരുടെ സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റീവാണ്.
  പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുമില്ല. ആദ്യം രോഗം കണ്ടെത്തിയവരില്‍ നിന്ന് പകര്‍ന്നിരുവെങ്കില്‍ അത് റിപ്പോര്‍ട്ട് ചെയ്യേണ്ട സമയവും പിന്നിട്ടു. ഈ മൂന്ന് സാഹചര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് നിപ്പയിലെ ഭീതി ഒഴിയുന്നുവെന്ന് അവലോകനയോഗം വിലയിരുത്തിയത്.

  എങ്കിലും ജാഗ്രതാ നിര്‍ദേശവും മുന്‍കരുതലും ഈ മാസം അവസാനം വരെ തുടരും. നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് ഭക്ഷ്യസാധനങ്ങളടങ്ങിയ കിറ്റ് വിതരണം ചെയ്യും. രണ്ടായിരത്തോളം പേരാണ് ഇപ്പോള്‍ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലുള്ളത്. വൈറസ് ബാധ പൂര്‍ണമായി നിയന്ത്രിക്കപ്പെട്ടെന്ന് ഉറപ്പാകുംവരെ തിരുവനന്തപുരത്ത് നിന്നുള്ള വിദഗ്ധ മെഡിക്കല്‍ സംഘം കോഴിക്കോട് തുടരണമെന്നും യോഗം തീരുമാനിച്ചു. ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച്, നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡമോളജി എന്നിവിടങ്ങളിലെ വിദഗ്ധരും കോഴിക്കോട്ടു തുടരും.

  ഉന്നതതല യോഗത്തിനിടയ്ക്ക് വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനത്തിലൂടെ കോഴിക്കോട്, മലപ്പുറം കളക്ടര്‍മാരുമായി മുഖ്യമന്ത്രി സംസാരിച്ചു. കോഴിക്കോട്ട് ആരോഗ്യമന്ത്രി കെ കെ ശൈലജയും ആരോഗ്യഡയറക്ടര്‍ ഡോ. ആര്‍ എല്‍ സരിതയും പങ്കെടുത്തു.
  First published: