കൊച്ചി: എറണാകുളത്ത് ചികിത്സയിൽ കഴിയുന്ന യുവാവ് നിപാ വൈറസ് ബാധിതനാണ് എന്ന സംശയം ഉയർന്ന സാഹചര്യത്തിൽ മുൻ കരുതലുകൾ ശക്തമാക്കി ആരോഗ്യ വകുപ്പ്. ആലപ്പുഴ മെഡിക്കൽ കോളേജിൽ നടന്ന പരിശോധനയിൽ നിപാ എന്ന് സംശയിക്കാവുന്ന ഫലം ലഭിച്ചുവെന്ന കാര്യം ആരോഗ്യ മന്ത്രി കെ.കെ.ശൈലജയാണ് അറിയിച്ചത്. പൂനെ വൈറാളജി ഇൻസ്റ്റിറ്റ്യൂട്ടിലെ പരിശോധന ഫലം കൂടി വന്നശേഷം മാത്രമെ അന്തിമ സ്ഥിരീകരണം നടത്താനാകു എന്നും മന്ത്രി അറിയിച്ചിരുന്നു.
അതേ സമയം നിപാ സംശയം ഉയർന്ന സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് അതീവ ജാഗ്രതയിലാണ്. തൊടുപുഴയിലെ ഒരു സ്വകാര്യ പോളിടെക്നിക് കോളേജ് വിദ്യാർഥിയാണ് ചികിത്സയിൽ കഴിയുന്നത്. കോളേജിന് സമീപത്ത് തന്നെയുള്ള വീട്ടിലായിരുന്നു ഈ വിദ്യാർഥി ഉൾപ്പെടെ അഞ്ചംഗ സംഘം വാടകയ്ക്ക് താമസിച്ചിരുന്നത്. ഈ വീട്ടിലും കോളേജിലും ആരോഗ്യ വകുപ്പ് അധികൃതർ പരിശോധന നടത്തി. എന്നാൽ ഇവിടെയൊന്നും രോഗബാധ സംശയിക്കത്തക്ക സാഹചര്യം ഇല്ലെന്നാണ് അറിയിച്ചിരിക്കുന്നത്. ഇതിനിടെ രോഗബാധിതൻ ഉൾപ്പെടെ 16 അംഗ വിദ്യാർഥി സംഘം പഠനാവശ്യത്തിനായി തൃശ്ശൂരിലെത്തിയിരുന്നു. യുവാവിന് തൃശൂരിലെത്തുമ്പോൾ തന്നെ പനിയുണ്ടായിരുന്നെന്നാണ് ഡിഎംഒ അറിയിച്ചത്. ഈ സാഹചര്യത്തിൽ തൃശ്ശൂരിൽ ആറു പേർ നിരീക്ഷണത്തിലാണ്.
നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് തന്നെയാണ് ആരോഗ്യ വകുപ്പ് അറിയിച്ചിരിക്കുന്നത്. ആരോഗ്യമന്ത്രി തന്നെ നേരിട്ടെത്തി മുഖ്യമന്ത്രിയെ കാര്യങ്ങൾ ധരിപ്പിക്കുകയും ചെയ്തിരുന്നു. കോഴിക്കോടു നിന്ന് ഡോക്ടർ ശാന്തിനിയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം എറണാകുളത്തേക്ക് തിരിച്ചിട്ടുണ്ട്. നിപാ പ്രതിരോധ വിഭാഗത്തിന്റെ നോഡൽ ഓഫീസറായിരുന്നു ശാന്തിനി.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.