• HOME
 • »
 • NEWS
 • »
 • kerala
 • »
 • കോടികൾ ചെലവാക്കിയ കോൺക്രീറ്റ് സൗധത്തിന് പേര് 'കൂട്' ; അച്ഛന്റെയും മകന്റെയും വീടുകൾക്കിടയിൽ വമ്പൻ‌ മതിൽ

കോടികൾ ചെലവാക്കിയ കോൺക്രീറ്റ് സൗധത്തിന് പേര് 'കൂട്' ; അച്ഛന്റെയും മകന്റെയും വീടുകൾക്കിടയിൽ വമ്പൻ‌ മതിൽ

2018ലെ പ്രളയം കേരളത്തിനേൽപിച്ച പാരിസ്ഥിതികാഘാതത്തെ കുറിച്ച് പരിശോധിച്ച നിയമസഭാ സമിതി തയാറാക്കിയ റിപ്പോർട്ടിലെ ശുപാർശകൾ പലതും നമ്മളെ ഇരുത്തി ചിന്തിപ്പിക്കുന്നവയാണ്

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

 • Last Updated :
 • Share this:
  തിരുവനന്തപുരം: വീട് നിർമാണത്തിൽ സമഗ്രമായ മാറ്റം വേണമെന്ന് നിയമസഭാ പരിസ്ഥിതി സമിതിയുടെ ശുപാർശ. 'കൂട്' എന്നത് വീടിന്റെ പേരിൽ ഒതുങ്ങേണ്ടതല്ലെന്നും സിമന്റിന്റെയും കമ്പിയുടെയും ഉപയോഗം പരമാവധി കുറയ്ക്കുന്ന നിർമാണ രീതിയും ശൈലിയും സ്വീകരിക്കണമെന്നും മുല്ലക്കര രത്നാകരൻ അധ്യക്ഷനായ സമിതി സർക്കാരിനോട് ശുപാർശ ചെയ്യുന്നു. 2018ലെ പ്രളയം കേരളത്തിന് ഏൽപിച്ച പാരിസ്ഥിതികാഘാതം സംബന്ധിച്ച് പഠിച്ച സമിതി ഒട്ടനവധി നിർദേശങ്ങളാണ് സമർപ്പിച്ചിരിക്കുന്നത്.

  പ്രധാന ശുപാർശകൾ

  • പ്രകൃതി സൗഹൃദമായി വീടുകൾ നിർമിക്കണം. സിവിൽ എഞ്ചിനീയറിംഗ് കാഴ്ചപ്പാടിൽ അടിസ്ഥാനപരമായ മാറ്റം വേണം. പരിസ്ഥിതി സൗഹൃദ എഞ്ചിനീയറിംഗ് നടപ്പാക്കണം.

  • അച്ഛനും മകനും താമസിക്കുന്ന വീടുകൾ വമ്പൻ മതിലുകൾ കൊണ്ട് വേർതിരിക്കുന്ന സംസ്കാരം മാറണം. കല്ലും സിമന്റും ഉപയോഗിച്ചുള്ള മതിൽ നിർമാണത്തിന് പകരം ജൈവവേലികൾ പോലുള്ള സംവിധാനം കൊണ്ടുവരണം.

  • നവകേരള നിർമാണ പദ്ധതിയുടെ ആസൂത്രണഘട്ടത്തിൽ തന്നെ പരിസ്ഥിതി ഓഡിറ്റിന് വിധേയമാക്കണം.

  • ജലസ്രോതസ്സുകൾ സംരക്ഷിക്കണം. വയലുകളും തണ്ണീർത്തടങ്ങളും നിലനിർത്തുന്നതിനുള്ള നിയമവ്യവസ്ഥകൾ കർശനമായി നടപ്പാക്കണം.

  • വ്യക്തിയുടെ വരുമാനത്തിന് ആനുപാതികമായി ഗൃഹനിർമാണ ചെലവ്, വീടിന്റെ തറവിസ്തൃതി, വലുപ്പം, നിർമാണ വസ്തുക്കൾ എന്നിവ നിയമംമൂലം വ്യവസ്ഥ ചെയ്യണം.

  • മോഡുലാർ ഭവനങ്ങൾ പോലുള്ള നിർമാണ പദ്ധതിക്ക് രൂപം നൽകണം.

  • വീടിന് ബലമുള്ള പുറംഭിത്തിയും ഉള്ളിലെ മുറികൾ കനം കുറഞ്ഞ രീതിയിലും നിർമിക്കുന്നതിലൂടെ സിമന്റിന്റെയും കമ്പിയുടെയും ഉപയോഗം കുറയ്ക്കാനാകും.

  • കുറഞ്ഞ വിഭവങ്ങൾ ഉപയോഗിക്കുന്ന ഊർജ സാന്ദ്രത കുറഞ്ഞ വീടുകൾക്ക് പ്രത്യേക പരിഗണന വേണം. ഒന്നിലധികം വീടുകൾക്ക് അനുമതി നൽകുന്നതിന് അധിക നികുതി ഈടാക്കൽ അടക്കമുള്ളവ പരിഗണിക്കണം.

  • സമതല പ്രദേശങ്ങളിലേതിൽ നിന്ന് വ്യത്യസ്തമായ നിർമാണ രീതികൾ മലയോര പ്രദേശങ്ങളിൽ കൊണ്ടുവരണം.

  • മറ്റുപല രാജ്യങ്ങളിലും ഉള്ളതുപോലെ വീടുകളും വാണിജ്യ സ്ഥാപനങ്ങളും നിർമിക്കുന്നതിനുള്ള പ്രദേശങ്ങൾ നിയമംമൂലം വേർതിരിക്കണം.

  • സ്കൂളുകൾ, സർക്കാർ ഓഫീസുകൾ, ആശുപത്രികൾ എന്നിവയുടെ കാര്യത്തിൽ പരിസ്ഥിതി സൗഹൃദ നിർമാണ രീതി പാലിക്കാൻ നിയമനിർമാണം വേണം.

  • ഭൂമിയുടെ ഉപയോഗം കുറച്ചുകൊണ്ടുള്ളതും കൂടുതൽ ഭൂമി നിലനിർത്തുന്നതിന് സഹായകവുമായ കെട്ടിടനിർമാണ ശൈലിക്കായി നിയമം കൊണ്ടുവരണം.

  • പരിസ്ഥിതി സൗഹൃദമായ വിനോദ സഞ്ചാര നയവും മാതൃകയും വേണം. വില്ലേജ്-ഫാം -ഉത്തരവാദിത്ത ടൂറിസം പദ്ധതികൾ പരിഷ്കരിക്കണം.

  • പാറ, മണൽ എന്നിവ എവിടെ നിന്ന് എത്രളയളവ് എടുക്കാം എന്നത് നിയമംമൂലം വ്യവസ്ഥ ചെയ്യണം.

  • പ്രളയം ഭൂമിയുടെ ആന്തരിക ഘടനയിലുണ്ടാക്കിയ ആഘാതത്തെ കുറിച്ച് വിദേശ സാങ്കേതിക വിദഗ്ധരുടെയും ഏജൻസികളുടെയും സേവനം പ്രയോജനപ്പെടുത്തി പഠനം നടത്തണം.

  • ശക്തമായ മഴയെ അതിജീവിക്കാനുള്ള റോഡ് നിർമാണ സാങ്കേതിക മാർഗങ്ങൾ തേടണം.

  • നദികളുടെ സംരക്ഷണത്തിനും പരിപാലനത്തിനുമായി അതോറിറ്റി രൂപീകരിക്കണം.

  • പുഴയ്ക്ക് വേണ്ടി പരാതിപ്പെടാൻ ഒരു വകുപ്പോ ഏജൻസിയോ ഇല്ലെന്നത് ആശങ്കാജനകം. ചുമതലകളും ഉത്തരവാദിത്തങ്ങളും നിയമം വഴി വ്യവസ്ഥ ചെയ്യണം.

  • ഡിജിറ്റൽ സാറ്റലൈറ്റ് മാപ്പിംഗ് നടത്തി കുളങ്ങളുടെ പട്ടിക തയാറാക്കണം. കുളങ്ങളിലെ കയ്യേറ്റങ്ങൾ കണ്ടെത്തി റീചാർജ് ചെയ്ത് സജീവമാക്കണം.

  • വയനാട്ടിലെ ചതുപ്പുകളിൽ വെള്ളം കെട്ടിനിർത്തിയിട്ടുള്ള നെൽകൃഷിയും വേനലിലെ പച്ചക്കറി- പയർ കൃഷിയും മണ്ണിന്റെ ആരോഗ്യം നിലനിർത്തുമെന്ന നിർദേശം പരിഗണിക്കണം.

  • തണ്ണീർത്തടങ്ങളും നെൽവയലുകളും അനിയന്ത്രിതമായി നികത്തുന്നതിനെതിരെ കർശന നടപടികൾ സ്വീകരിക്കണം.

  • മലയോര പ്രദേശങ്ങൾ കൃഷിക്ക് വിട്ടുകൊടുത്ത് തികച്ചും അപകട രഹിതമായ പ്രദേശങ്ങൾ താമസസ്ഥലമായി തെരഞ്ഞെടുക്കുന്നതിന് നിയനിർമാണവും ബോധവൽക്കരണവും വേണം.

  • ആവാസ വ്യവസ്ഥയെയും ജൈവ വൈവിധ്യത്തെയും നശിപ്പിക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിൽ മലമ്പുഴ ഡാമിന്റെ വൃഷ്ടി പ്രദേശത്ത് സ്ഥാപിച്ചിട്ടുള്ള ആശുപത്രി മാലിന്യ സംസ്കരണ യൂണിറ്റായ 'ഇമേജി'ന്റെ പ്രവർത്തനം നിയന്ത്രിക്കണം.

  • കാലാവസ്ഥാ പ്രവചനം, മുന്നറിയിപ്പ്, ദുരന്തനിവാരണ സംവിധാനം എന്നിവ കാര്യക്ഷമമായ ഏകോപനത്തോടെ പ്രവർത്തിക്കുന്നതിന് ആവശ്യമായ നടപടി വേണം.

  • കേരളത്തിലെ അണക്കെട്ടുകളുടെ വിശദാംശം, വെള്ളത്തിന്റെ അളവ്, സംഭരണശേഷി, അണക്കെട്ടുകളുടെ പഴക്കം തുടങ്ങിയ വിവരങ്ങളുടെ ഒരു ധവളപത്രം പ്രസിദ്ധീകരിക്കണം.

  • 13000 ഉരുൾപൊട്ടൽ മേഖലകളെയും 17000 മലയിടിച്ചിൽ മേഖലകളെയും ചൂണ്ടിക്കാട്ടിയ ഭൗമശാസ്ത്ര പഠനകേന്ദ്രത്തിന്റെയും ജിയോളജിക്കൽ സർവെ ഓഫ് ഇന്ത്യയുടെയും റിപ്പോർട്ട് പഠിച്ച് ആവശ്യമായ നടപടി സ്വീകരിക്കണം.

  • മഴവെള്ള സംഭരണശേഷി ഓരോതരം മണ്ണിലും വ്യത്യാസപ്പെട്ടിരിക്കുന്നു എന്നതിനാൽ ഇക്കാര്യത്തിൽ ഭൂമിശാസ്ത്രപരമായ പഠനം നടത്തണം.

  • കേരളത്തിലെ വിവിധ പ്രദേശങ്ങൾക്ക് അനുയോജ്യമായ കൃഷി സംബന്ധിച്ച് മാർഗനിർദേശങ്ങൾ രൂപീകരിക്കണം.

  • നദീതിരങ്ങൾ കയ്യേറ്റമുക്തമാക്കണം. നദികളുടെയും കായലുകളുടെയും സംരക്ഷണത്തിന് പ്രാദേശിക സമിതികൾ രൂപീകരിക്കണം. അനാവശ്യ ബണ്ട് നിർമാണം ഒഴിവാക്കണം.

  • മണ്ണിടിച്ചിലുണ്ടായ ഭാഗങ്ങൾ കയർഭൂവസ്ത്രം പോലുള്ളവ ഉപയോഗിച്ച് ബലപ്പെടുത്തുന്നതിനുള്ള സാധ്യത പരിശോധിക്കണം.

  • ആലപ്പുഴയിൽ ജലം കടലിലേക്ക് സുഗമമായി ഒഴുകിപോകുന്നതിന് കനാലുകളുടെയും തോടുകളുടെയും ആഴം കൂട്ടണം. കുട്ടനാടിന്റെ പരിസ്ഥിതിക്ക് അനുയോജ്യമായ രീതിയിൽ ബണ്ടുകളും തോടുകളും നിര്‍മിക്കണം.

  • സ്ഥിരമായി വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന കുട്ടനാട്, തീരപ്രദേശം എന്നിവിടങ്ങളിലെ ജനങ്ങൾക്കായി സ്ഥിരം പുനരധിവാസ സംവിധാനം ഒരുക്കണം. കുട്ടനാട്ടിൽ‌ പില്ലർ ഉപയോഗിച്ച് അടിത്തറ ഉയർത്തി കെട്ടിടങ്ങൾ നിർമിക്കണം.

  • പ്രളയാനന്തരം മണ്ണിന്റെ ഘടനയിലുണ്ടായ മാറ്റം കണക്കിലെടുത്ത് മണ്ണ് സംരക്ഷണ വകുപ്പ് പ്രത്യേക പഠനം നടത്തണം.

  • ചെറുതോണി പട്ടണത്തിന്റെ പുനർനിർമാണത്തിനായി സർവേ റിപ്പോർട്ടിനായി കാത്തിരിക്കാതെ പാലത്തിൽ അടിഞ്ഞുകൂടിയ മരങ്ങൾ നീക്കണം. ഗതാഗതത്തിന് പാലം നിർമിക്കണം. പുഴയ്ക്ക് ഇപ്പോഴുള്ള വീതി നിലനിർത്തണം.

  • മണ്ണിടിച്ചിൽ സാധ്യതയുള്ള ഭാഗങ്ങളിൽ നിർമാണ പ്രവർത്തനങ്ങൾ അനുവദിക്കരുത്. മണ്ണൊലിപ്പ് തടയുന്ന തരത്തിലുള്ള വൃക്ഷങ്ങൾ വെച്ചുപിടിപ്പിക്കണം.

  • ഉരുൾപൊട്ടലുകളും മണ്ണിടിച്ചിലും സംബന്ധിച്ച് ഹൈഡ്രോളജി വിഭാഗം വിദഗ്ധ പഠനം നടത്തി ശാസ്ത്രീയമായ പരിഹാര നിർദേശങ്ങൾ തയാറാക്കണം.

  • പാലക്കാട് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ കളിമണ്ണ് നീക്കം ചെയ്ത് മണ്ണിട്ട് വെള്ളക്കെട്ട് ഒഴിവാക്കുന്നത് ശാസ്ത്രീയമായി അനുയോജ്യമാണോ എന്നത് പരിശോധിക്കണം.


  First published: