തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥന് രാജു നാരായണ സ്വാമി സര്‍വീസില്‍ തുടരും. രാജുനാരായണ സ്വാമിക്കെതിരേയുള്ള റിപ്പോര്‍ട്ട് മുഖ്യമന്ത്രി മടക്കി. നാലുകാര്യങ്ങളില്‍ വ്യക്തത ആവശ്യപ്പെട്ടാണ് ഫയല്തിരിച്ചയച്ചത്. ചീഫ് സെക്രട്ടറി ടോം ജോസ് അധ്യക്ഷനായ അഞ്ചംഗ സമിതിയാണ് സ്വാമിയെ പിരിച്ചുവിടണമെന്ന ശുപാര്‍ശ ചെയ്തിരുന്നത്.
10 വര്‍ഷത്തെ സര്‍വീസ് ശേഷിക്കെയാണ് രാജുനാരായണ സ്വാമിയെ പിരിച്ചുവിടാന്‍ ചീഫ്സെക്രട്ടറിയുടെ സമിതി ശുപാര്‍ശ ചെയ്തത്. എന്നാല്‍ ശുപാര്‍ശയില്‍ അവ്യക്തതയുണ്ടെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട്. നാലുകാര്യങ്ങളില്‍ വ്യക്തത തേടി മുഖ്യമന്ത്രി ഫയല്‍ സമിതിക്ക് തിരിച്ചയക്കുകയായിരുന്നു.
കാലാവധി തീരുന്നതിനു മുന്‍പ് ഡെപ്യൂട്ടേഷന് അവസാനിപ്പിച്ചു വന്നതിന് കേന്ദ്രസര്‍ക്കാര്‍ സ്വാമിക്കെതിരേ എന്തെങ്കിലും നടപടി എടുത്തിട്ടുണ്ടോയെന്നും അത് ഔദ്യോഗികമായി സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടോയെന്നുമാണ് മുഖ്യമന്ത്രിയുടെ ആദ്യ ചോദ്യം. അങ്ങനെയെങ്കില്‍ അതിനെതിരേ സ്വാമി കോടതിയ സമീപിച്ചിട്ടുണ്ടോയെന്ന കാര്യത്തിലും വ്യക്തതയില്ല. ഡെപ്യൂട്ടേഷനു ശേഷം തിരിച്ചെത്താന്‍ സംസ്ഥാന സര്‍ക്കാരിന് സ്വാമി അപേക്ഷ നല്‍കിയിട്ടുണ്ടോ എന്നും കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ടിലെ പ്രതികൂല പരാമര്‍ശങ്ങള്‍ നീക്കാന്‍ സ്വാമി അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലില്‍ പരാതി നല്‍കിയിട്ടുണ്ടോ എന്നും വ്യക്തമാക്കണം.
ഇക്കാര്യങ്ങള്‍ സമിതി പരിശോധിച്ച ശേഷമാണോ പിരിച്ചുവിടാന്‍ ശുപാര്‍ശ നല്‍കിയതെന്നും സമിതിയോട് മുഖ്യമന്ത്രി ചോദിച്ചു. ഇക്കാര്യങ്ങളില്‍ വ്യക്തതയുണ്ടാകും വരെ രാജുനാരായണ സ്വാമിക്കെതിരേ സര്‍ക്കാര്‍ നടപടിയുണ്ടാകില്ല.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Ias officer, Kerala, Kerala news, Latest news