• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'യൂണിയൻ ശക്തി': സർക്കാർ ജീവനക്കാരനേയും മകളെയും മർദിച്ച KSRTC ജീവനക്കാരെ 9 ദിവസമായിട്ടും തൊടാനാവാതെ പൊലീസ്

'യൂണിയൻ ശക്തി': സർക്കാർ ജീവനക്കാരനേയും മകളെയും മർദിച്ച KSRTC ജീവനക്കാരെ 9 ദിവസമായിട്ടും തൊടാനാവാതെ പൊലീസ്

യൂണിയൻ നേതാക്കളായ പ്രതികൾക്കു മുൻകൂർ ജാമ്യം ലഭിക്കാനാണ് അറസ്റ്റു വൈകിക്കുന്നതെന്ന ആരോപണം ശക്തമാണ്

  • Share this:
തിരുവനന്തപുരം: കാട്ടാക്കടയിൽ കൺസഷൻ കാർഡ് പുതുക്കാനെത്തിയ അച്ഛനെയും മകളെയും കെഎസ്ആർടിസി ജീവനക്കാർ ആക്രമിച്ച സംഭവത്തിൽ 9 ദിവസമായിട്ടും പ്രതികളെ തൊടാതെ കേരള പൊലീസ്. പ്രതികൾ ഒളിവിലാണെന്ന വാദമാണ് ഇപ്പോഴും പൊലീസ് ഉയർത്തുന്നത്. സംസ്ഥാനത്താകെ ചർച്ചയായിട്ടും, ഹൈക്കോടതിപോലും ചോദിച്ചിട്ടും പ്രതികളെ പിടികൂടാത്തതിന് പിന്നിൽ ജീവനക്കാരുടെ യൂണിയന്റെ സമ്മർദമെന്നാണ് ആക്ഷേപം. യൂണിയൻ നേതാക്കളായ പ്രതികൾക്കു മുൻകൂർ ജാമ്യം ലഭിക്കാനാണ് അറസ്റ്റു വൈകിക്കുന്നതെന്ന ആരോപണം ശക്തമാണ്.

സംഭവം നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും പ്രതികളെ പിടികൂടാത്തത് ചൂണ്ടിക്കാടി മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും മർദനമേറ്റ പ്രേമനനൻ ഇന്നലെ പരാതി നൽകിയിരുന്നു. പ്രതികൾക്കെതിരെ പട്ടിക ജാതി- പട്ടിക വർഗ അതിക്രമ നിയമവും ചുമത്തണമെന്ന് പ്രേമനൻ അഭ്യർത്ഥിച്ചു.

Also Read- മകളുടെ കൺസഷന് എത്തിയ പിതാവിനെ മർദിച്ച സംഭവം; ഒരു KSRTC ജീവനക്കാരന് കൂടി സസ്പെൻഷൻ

മകൾ രേഷ്മയുടെ മുന്നിൽ വച്ചു മർദനമേറ്റ പ്രേമനൻ പൂവച്ചൽ പഞ്ചായത്ത് ജീവനക്കാരനാണ്. 20നു നടന്ന സംഭവത്തിന്റെ വിഡിയോ പുറത്തുവരികയും വലിയ ചർച്ചയാകുകയും ചെയ്തതോടെ ജീവനക്കാരെ സസ്പെൻഡ് ചെയ്തിരുന്നു. പിന്നാലെ കെഎസ്ആർടിസി എം ഡി പരസ്യമായി മാപ്പു പറയുകയും ചെയ്തു. ഇതിനിടെ പ്രതികൾ ഒളിവിൽ പോകുകയായിരുന്നു.

കണ്ടക്ടർ എൻ അനിൽകുമാർ, ആര്യനാട് ഡിപ്പോയിലെ സ്റ്റേഷൻ മാസ്റ്റർ എ മുഹമ്മദ് ഷെറീഫ്, കാട്ടാക്കട ഡിപ്പോയിലെ സുരക്ഷാ ജീവനക്കാരൻ എസ് ആർ‌ സുരേഷ് കുമാർ, അസിസ്റ്റന്റ് കള്ളിക്കാട് സ്വദേശി സി പി മിലൻ ഡോറിച്ച് എന്നിവരാണ് പ്രതികൾ. ഇവരെ സസ്പെൻഡ് ചെയ്തിരുന്നു. കാട്ടാക്കട ഡിപ്പോയിലെ മെക്കാനിക്കൽ വിഭാഗം ജീവനക്കാരൻ അജി കുമാറിനെ പ്രേമനന്റെയും മകളുടെയും മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് പ്രതി ചേർത്തു. ഇന്നലെ ഇയാളെയും സസ്പെൻഡ് ചെയ്തു.

Also Read- 'ആസൂത്രണം ചെയ്ത് വ്യക്തിവൈരാഗ്യം തീര്‍ക്കാനുള്ള വ്യാജപരാതി'; കാട്ടാക്കട സംഭവത്തില്‍ മുന്‍കൂര്‍ ജാമ്യംതേടി KSRTC ജീവനക്കാര്‍

സിഐടിയു, ഐഎൻടിയുസി യൂണിയനുകളുടെ നേതാക്കളായ പ്രതികളെ രാഷ്ട്രീയ നേതൃത്വത്തിന്റെ ഇടപെടലിനെത്തുടർന്നാണ് അറസ്റ്റ് ചെയ്യാതെ പൊലീസ് സഹായിക്കുന്നതെന്നാണ് ആരോപണം. പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയും പ്രതികളെയെല്ലാം തിരിച്ചറിയുകയും ചെയ്തെങ്കിലും ഇവർ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് ഒളിവിൽ പോയെന്നാണ് പൊലീസിന്റെ വിശദീകരണം. സംഭവ ദിവസം രാത്രി വരെ പ്രതികളിൽ പലരും കാട്ടാക്കട ഡിപ്പോയ‍ിലും പരിസരത്തുമായി ഉണ്ടായിരുന്നിട്ടും പൊലീസ് കണ്ണടച്ചു.

Also Read- 'ആക്രമണം നടത്തിയത് മാനസിക വിഭ്രാന്തിയുള്ള ജീവനക്കാർ'; കാട്ടാക്കട സംഭവത്തില്‍ മാപ്പ് ചോദിച്ച് KSRTC എംഡി

എന്നാൽ, കെഎസ്ആർടിസി ജീവനക്കാരെ അപമാനിക്കാൻ പെൺകുട്ടിയുടെ അച്ഛൻ പ്രേമനൻ ആളും ക്യാമറയുമായി എത്തിയെന്നാണ് പ്രതികളുടെ ആരോപണം. ജാമ്യം ലഭിക്കാതിരിക്കാനാണ് സ്ത്രീത്വത്തെ അപമാനിച്ചെന്ന വകുപ്പ് ചുമത്തിയതെന്നും ജാമ്യ ഹർജിയിൽ പ്രതികൾ പറയുന്നു. ഇതിന് പിന്നാലെ പ്രേമനനെ രൂക്ഷമായി വിമ‌ശിച്ച് സിഐടിയു നേതൃത്വവും രംഗത്തുവന്നിരുന്നു.

അതേസമയം, കേസിലെ പ്രതികൾ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.

English Summary: Kerala police fails to arrest KSRTC employees who assaulted father and daughter at Thiruvananthapuram Kattakkada station even after nine days
Published by:Rajesh V
First published: