തിരുവനന്തപുരം: ഇൻഡിഗോ (IndiGo) വിമാനത്തിൽ യൂത്ത് കോൺഗ്രസുകാരെ (Youth Congress)മർദ്ദിച്ചെന്ന പരാതിയിൽ ഇടതുമുന്നണി കൺവീനർ ഇപി ജയരാജനെതിരെ (EP Jayarajan)കേസെടുക്കില്ല. ജയരാജനെതിരെ കേസെടുക്കേണ്ടെന്നാണ് തീരുമാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ രേഖാമൂലം നിയമസഭയെ അറിയിച്ചു. ജയരാജനെതിരെ പരാതി നൽകിയത്, മുഖ്യമന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ച കേസിൽ പ്രതികളുടെ കുറ്റകൃത്യത്തിന്റെ ഗൗരവം ലഘൂകരിക്കുന്നതിനു വേണ്ടിയാണെന്ന് ബോധ്യമായി.
അതിനാലാണ് പ്രത്യേകം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തേണ്ടെന്ന് തീരുമാനിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സണ്ണി ജോസഫ്, കെ.ബാബു, എ.പി.അനിൽകുമാർ, ഉമാ തോമസ് എന്നിവരുടെ ചോദ്യങ്ങൾക്കായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
Also Read-രാഹുൽ ഗാന്ധി എംപിയുടെ ഓഫീസ് ആക്രമിച്ച കേസ്; ജാമ്യം കിട്ടിയ SFI പ്രവർത്തകർക്ക് വൻ സ്വീകരണം
മുഖ്യമന്ത്രിക്കെതിരെ വിമാനത്തിന് അകത്ത് യൂത്ത് കോൺഗ്രസ് പ്രതിഷേധം#NewsAlert #Pinarayivijayan #kerala pic.twitter.com/heRV9Rbt4L
— News18 Kerala (@News18Kerala) June 13, 2022
യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ഫർസീൻ മജീദ്, നവീൻ കുമാർ, സുനിത് നാരായണൻ എന്നിവർ വിമാനത്തിൽ മുഖ്യമന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ചു. ഈ സമയം വിമാനത്തിൽ ഉണ്ടായിരുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി കൺവീനർ ഇപി ജയരാജൻ ആക്രമണം തടയാൻ ശ്രമിച്ചു. ഈ സംഭവത്തെയാണ് അദ്ദേഹം മർദ്ദിച്ചതായി ആരോപിച്ചത്.
Also Read-എല്‍ഡിഎഫിൽ നിന്ന് യുഡിഎഫിലേക്ക് മാറി; ഇരുപത്തിരണ്ടുകാരി അടിമാലി പഞ്ചായത്ത് പ്രസിഡന്റ്
നിത്യാനന്ദ കെ.യു, ദിൽജിത്ത് എന്നിവർ ഈ വിഷയത്തിൽ ഇ-മെയിൽ മുഖാന്തിരം പരാതി നൽകിയെന്നും മുഖ്യമന്ത്രി സ്ഥിരീകരിച്ചു. മുഖ്യമന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ചതിന് ഫർസീൻ മജീദ്, നവീൻകുമാർ, സുനിത് നാരായണൻ എന്നിവരെ പ്രതികളാക്കി വലിയതുറ പൊലീസ് കേസെടുത്തിട്ടുണ്ട്. അൺ ലാഫുൾ ആക്ട്സ് എഗൈയിൻസ്റ്റ് സിവിൽ ഏവിയേഷൻ ആക്ട് 1982 പ്രകാരവും ഇന്ത്യൻ ശിക്ഷാ നിയമങ്ങൾ അനുസരിച്ചും ഇവർക്കെതിരേ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരികയാണ്.
കേസിലെ ഒന്നും രണ്ടും പ്രതികൾ കോടതിയിലോ പൊലീസ് കസ്റ്റഡിയിലോ ഉണ്ടായിരുന്നപ്പോഴോ ഇപി ജയരാജനെതിരെ പരാതി പറഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ അല്ല ജയരാജനെതിരെ കേസ് എടുക്കേണ്ടെന്നു തീരുമാനിച്ചതെന്നും മുഖ്യമന്ത്രിയുടെ മറുപടിയിൽ ഉണ്ട്.
സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ ആരോപണങ്ങൾക്കു പിന്നാലെ മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷം സംസ്ഥാനത്ത് വ്യാപകമായി പ്രതിഷേധം നടത്തിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് വിമാനത്തിനുള്ളിലും പ്രതിഷേധം നടന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Chief Minister Pinarayi Vijayan, Ep jayarajan, Gold Smuggling Case, Swapna suresh, Youth congress