• HOME
  • »
  • NEWS
  • »
  • kerala
  • »
  • NO CBI PROBE IN TREE FELLING ASSIGNED LAND CASE HIGH COURT DIRECTS GUIDELINES NJ TV

പട്ടയഭൂമിയിലെ മരം മുറി: സി.ബി.ഐ അന്വേഷണമില്ല; മാർഗരേഖ നിർദ്ദേശിച്ച് ഹൈക്കോടതി

മരംമുറി കേസുകളിൽ കാര്യക്ഷമവും ഫലപ്രദവുമായ അന്വേഷണം ഉണ്ടാകണമെന്ന് കോടതി സർക്കാരിനോട് നിർദ്ദേശിച്ചു.

കേരള ഹൈക്കോടതി

കേരള ഹൈക്കോടതി

  • Share this:
കൊച്ചി: മുട്ടിൽ അടക്കം പട്ടയഭൂമിയിലെ മരംമുറിച്ച കേസിൽ  സിബിഐ അന്വേഷണം ഇല്ല. ക്രൈം ബ്രാഞ്ച് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. തൃശൂർ സ്വദേശി ജോർജ് വട്ടുകളം സമർപ്പിച്ച പൊതുതാല്പര്യ ഹർജിയി ചീഫ് ജസ്റ്റിസ് ഉൾപ്പെടുന്ന ബഞ്ച്  തീർപ്പാക്കി.

മരംമുറി കേസുകളിൽ കാര്യക്ഷമവും ഫലപ്രദവുമായ അന്വേഷണം ഉണ്ടാകണമെന്ന് കോടതി സർക്കാരിനോട് നിർദ്ദേശിച്ചു. ക്രൈംബ്രാഞ്ച് അന്വേഷണത്തിനായി മാർ​ഗരേഖയും നൽകി. അന്വേഷണം സംബന്ധിച്ച് പരാതി ഉണ്ടെങ്കിൽ ഭാവിയിൽ ആർക്കും കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി. മരങ്ങൾ മുറിച്ചുമാറ്റാൻ അനുമതി നൽകിയതിൽ ക്രമക്കേടുണ്ടെന്നും ക്രൈംബ്രാഞ്ച് അന്വേഷണം ഫലപ്രദമല്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഹർജിക്കാരൻ കോടതിയെ സമീപിച്ചത്.

ഗൂഢാലോചനയടക്കം പുറത്ത് കൊണ്ടുവരേണ്ടതിനാൽ അന്വേഷണത്തിന് സാവകാശം വേണ്ടിവരുമെന്നും കേസുകൾ സിബിഐക്ക് കൈമാറേണ്ടതില്ലെന്നുമാണ് സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചിരുന്നത്. കേസ് ഡയറിയടക്കമുള്ള രേഖകൾ മുദ്രവച്ച കവറിൽ സമർപ്പിച്ചിരുന്നു.

മരംമുറിക്കേസുകളിലെ   പ്രതികൾക്കെതിരെ നിസ്സാര വകുപ്പുകൾ മാത്രം ചുമത്തിയത് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് നേരത്തെ ചോദ്യം ചെയ്തിരുന്നു. ഹൈക്കോടതിയുടെ ഭാഗത്ത് നിന്നും രൂക്ഷ വിമർശനമുണ്ടായതിനു പിന്നാലെയായിരുന്നു മുട്ടിൽ മരം മുറിക്കേസിലെ പ്രതികളെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തതും.

Also Read-അഴിമതി ആരോപണങ്ങൾ: പാലക്കാട് പുതുശ്ശേരി സി പി എം ഏരിയാ കമ്മറ്റിയിൽ കൂട്ട നടപടി

ഹർജി പരിഗണിയ്ക്കുന്നതിനിടെ മുട്ടിൽ മരംമുറി വിഷയത്തിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷമായ വിമർശനവുമായി കോടതി രംഗത്തെത്തിയിരുന്നു. മരം മുറിക്കുന്നത് സംബന്ധിച്ചുള്ള അനുവാദം നൽകികൊണ്ട് സർക്കാർ ഇറക്കിയ ഉത്തരവിലാണ് കോടതി ആശങ്ക പ്രകടിപ്പിച്ചത്. നിലവിലെ നിയമങ്ങൾ മറികടക്കുന്നതാണ് സർക്കാരിന്റെ ഉത്തരവെന്നും ഹൈക്കോടതി വിമർശിച്ചു.

സർക്കാരിനെയും റവന്യു വകുപ്പിനേയും രൂക്ഷമായ ഭാഷയിലാണ് കോടതി വിമർശിച്ചത്.കഴിഞ്ഞ സർക്കാരിന്റെ കാലത്ത് റവന്യു വകുപ്പ് മന്ത്രിയുടെ കൂടി അറിവോടെയാണ് മരം മുറിക്കാനുള്ള ഉത്തരവ് ഇറങ്ങിയത്. സംസ്ഥാന സർക്കാരിന് ആവശ്യമെങ്കിൽ മുൻകാല പ്രാബല്യത്തോടെ നിയമഭേദഗതി കൊണ്ടുവരാനുള്ള അവകാശമുണ്ടല്ലോയെന്നും, എന്നാൽ നിലവിലുള്ള നിയമത്തെ മറികടക്കുന്നത് ആശങ്ക സൃഷ്ടിക്കുന്നുവെന്നുമാണ് കോടതി വിമർശിച്ചത്.

മുട്ടിൽ മരം മുറിക്കേസിൽ പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷകൾ ഹൈക്കോടതി തള്ളിയിരുന്നു. വനഭൂമിയിൽ നിന്ന് മരങ്ങൾ മുറിച്ചു കടത്തിയെന്ന കേസിൽ പ്രതികളായ ആന്റോ ആഗസ്റ്റിൻ, റോജി അഗസ്റ്റിൻ എന്നിവരുടെ ജാമ്യാപേക്ഷകളാണ് ജസ്റ്റിസ് കെ.പരിപാൽ തള്ളിയത്. പ്രതികൾക്കെതിരെ അന്വേഷണം തുടരുകയാണെന്നും ജാമ്യം നൽകിയാൽ അന്വേഷണത്തെ ബാധിക്കുമെന്ന സർക്കാർ വാദം കണക്കിലെടുത്താണ് കോടതി നടപടി. മരം മുറിയുമായി ബന്ധപ്പെട്ട് ആകെ 43 കേസുകളാണുള്ളത്. ഇതില്‍ 37 ലും ഹർജിക്കാർ പ്രതികളാണെന്ന് സർക്കാർ കോടതിയില്‍ അറിയിച്ചു.

പ്രതികളുടെ വീണ്ടും നൽകിയ ജാമ്യ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസിലെ മുഖ്യപ്രതികളായ  ആന്റോ അഗസ്റ്റിൻ, റോജി അഗസ്റ്റിൻ, ജോസ്കുട്ടി അഗസ്റ്റിൻ എന്നിവരാണ്  ജാമ്യമാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. തങ്ങൾക്കെതിരെ രജിസ്റ്റർ ചെയ്തകേസും ആരോപണങ്ങളും പൊതു ജന പ്രതിഷേധത്തെ പ്രതിരോധിക്കാനെടുത്ത പുകമറ മാത്രമെന്നാണ് ഹർജിയിൽ  പ്രതികളുടെ വാദം.കൂടാതെ 2020നവംബർ , ഡിസംബർ മാസങ്ങളിലും  ഈ വർഷം ജനുവരിയിലും നടന്ന  മരം മുറിയിൽ ആറ് മാസങ്ങൾക്ക് ശേഷം മാത്രമാണ്  കേസെടുത്തത്.രേഖകളും മുറിച്ചുകടത്തിയ തടികളും പിടിച്ചെടുത്തിട്ടുള്ളതിനാൽ  വീണ്ടും കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്നും  ഹർജിയിൽ പറയുന്നു.

അന്വേഷണവുമായി സഹകരികരിക്കാൻ തയ്യാറാണെന്നും ജാമ്യം അനുവദിക്കണമെന്നുമാണ് ആവശ്യം.നേരത്തെ സുൽത്താൻ ബത്തേരി കോടതി മൂവരുടെയും ജാമ്യാപേക്ഷ തള്ളിയിരുന്നു.
Published by:Naseeba TC
First published:
)}