• HOME
  • »
  • NEWS
  • »
  • kerala
  • »
  • സംസ്ഥാനത്ത് പ്ലസ് ടു, വിഎച്ച്എസ്ഇ പ്രാക്ടിക്കല്‍ പരീക്ഷകള്‍ക്ക് മാറ്റമില്ല; ഈ മാസം 22ന് തുടങ്ങും

സംസ്ഥാനത്ത് പ്ലസ് ടു, വിഎച്ച്എസ്ഇ പ്രാക്ടിക്കല്‍ പരീക്ഷകള്‍ക്ക് മാറ്റമില്ല; ഈ മാസം 22ന് തുടങ്ങും

കോവിഡ്  സാഹചര്യത്തിൽ പരീക്ഷകൾ വീണ്ടും മാറ്റണമെന്ന് അധ്യാപക സംഘടനകൾ അടക്കം ആവശ്യമുന്നയിച്ചിരുന്നു. പ്രാക്ടിക്കൽ പരീക്ഷകൾ വിദ്യാർഥികൾക്കിടയിൽ കോവിഡ് വ്യാപനത്തിന് കാരണമാകുമെന്നാണ് അധ്യാപക സംഘടനകളുടെ നിലപാട്.

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:
തിരുവനന്തപുരം: കോവിഡ്  അതിതീവ്ര വ്യാപനം കാരണം നേരത്തെ മാറ്റിവച്ചിരുന്ന പരീക്ഷകളാണ് ഈ മാസം 22 മുതൽ ആരംഭിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനമെടുത്തത്. എന്നാൽ കോവിഡ്  സാഹചര്യത്തിൽ പരീക്ഷകൾ വീണ്ടും മാറ്റണമെന്ന് അധ്യാപക സംഘടനകൾ അടക്കം ആവശ്യമുന്നയിച്ചിരുന്നു. പ്രാക്ടിക്കൽ പരീക്ഷകൾ വിദ്യാർഥികൾക്കിടയിൽ കോവിഡ് വ്യാപനത്തിന് കാരണമാകുമെന്നാണ് അധ്യാപക സംഘടനകളുടെ നിലപാട്.

എന്നാൽ പരീക്ഷകൾ മാറ്റി വയ്ക്കേണ്ടത് ഇല്ലെന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. പ്രാക്ടിക്കൽ പരീക്ഷകൾക്കായി സ്കൂളുകളിൽ പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് സർക്കുലർ ഇറക്കി. ഒരു സമയം 15 പേര്‍ക്ക് വീതമാണ് പരീക്ഷയില്‍ പങ്കെടുക്കാന്‍ അവസരമൊരുക്കുക.

ശരീരോഷ്മാവ് പരിശോധിച്ച ശേഷമായിരിക്കും പരീക്ഷ ഹാളിൽ  പ്രവേശിപ്പിക്കുക. കോവിഡ് ബാധിതരായ വിദ്യാർത്ഥികൾക്കുള്ള പരീക്ഷ പിന്നീട് നടത്തും. ശരീരോഷ്മാവ് കൂടിയ കുട്ടികള്‍ക്ക് പ്രത്യേക മുറിയില്‍ പ്രാക്ടിക്കല്‍ ചെയ്യാന്‍ അവസരമൊരുക്കും. പരീക്ഷ ഉപകരണങ്ങളെല്ലാം പരീക്ഷയ്ക്കു മുമ്പും ശേഷവും സാനിറ്റൈസ് ചെയ്യും. തുറന്നിട്ട മുറികളിലാവണം പരീക്ഷ നടത്തേണ്ടതെന്നും കുട്ടികളും അധ്യാപകരും ഇരട്ട മാസ്‌ക് ധരിക്കണമെന്നും വിദ്യാഭ്യാസ വകുപ്പ് ഇറക്കിയ സര്‍ക്കുലറില്‍ പറയുന്നു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുള്ള മുന്നൊരുക്കങ്ങള്‍ നടത്താന്‍ സര്‍ക്കുലറില്‍ നിര്‍ദേശിച്ചിട്ടുണ്ട്.

അതിനിടെ പ്ലസ് വൺ പരീക്ഷ പൂർത്തിയാകാതെ പ്ലസ് ടു ക്ലാസുകൾ ആരംഭിച്ച വിഷയത്തിൽ പ്രതികരണവുമായി കൈറ്റ് സിഇഒ അൻവർ സാദത്ത് നേരത്തെ രംഗത്തെത്തിയിരുന്നു. പ്ലസ് വണ്‍ പരീക്ഷ പൂ‍ർത്തിയാകാതെ പ്ലസ് ടു ക്ലാസുകള്‍ ആരംഭിച്ചതിനെക്കുറിച്ച് വിദ്യാർഥികൾ ആശങ്ക അറിയിച്ച സാഹചര്യത്തിലാണ് അൻവർ സാദത്തിന്‍റെ പ്രതികരണം.

ജൂൺ ആദ്യ വാരം മുതലാണ് ട്രയൽ അടിസ്ഥാനത്തിൽ  പ്ലസ് ടു ഡിജിറ്റൽ ക്ലാസുകൾ ആരംഭിച്ചത്. എന്നാൽ പ്ലസ് വണ്‍ പൊതു പരീക്ഷക്ക് ഒരു മാസം മുമ്പ്  ഈ ക്ലാസുകള്‍ നിർത്തുമെന്നാണ് അൻവര്‍ സാദത്ത് അറിയിച്ചിരിക്കുന്നത്. തുടര്‍ന്ന് കഴിഞ്ഞ വർഷം പൊതുപരീക്ഷ എഴുതിയ പത്താം ക്ലാസിലെയും പ്ലസ് ടുവിലേയും കുട്ടികള്‍ക്ക് നല്‍കിയപോലെ പ്ലസ് വണ്‍ പൊതുപരീക്ഷയ്ക്ക് ഫോക്കസ് ഏരിയ അടിസ്ഥാനമാക്കിയുള്ള റിവിഷന്‍ ക്ലാസുകളും സംശയ നിവാരണത്തിനുള്ള ലൈവ് ഫോണ്‍-ഇന്‍-പരിപാടികളുമായിരിക്കും ഈ കുട്ടികള്‍ക്കായി കൈറ്റ് വിക്ടേഴ്സില്‍ സംപ്രേഷണം ചെയ്യുക.പ്ലസ് വണ്‍ പൊതുപരീക്ഷയ്ക്ക് ഒരു മാസം മുമ്പ് ആരംഭിക്കുന്ന റിവിഷന്‍ ക്ലാസുകളും പരീക്ഷാ കാലയളവും കഴിഞ്ഞതിന് ശേഷം മാത്രമായിരിക്കും തുടർന്ന് പ്ലസ് ടു ക്ലാസുകള്‍ സംപ്രേഷണം ചെയ്യുക.
Also Read-സ്‌കൂളുകളുടെ റാങ്കിങ്ങില്‍ കേരളം ഒന്നാമതല്ല, നാലാമത്; കണക്കുകളുമായി കെ എസ് ശബരീനാഥന്‍

ജൂണ്‍ മാസം തന്നെ പ്ലസ് ടു ക്ലാസുകളുടെ സംപ്രേഷണം ആരംഭിച്ചത് കൂടുതല്‍ പഠന ദിനങ്ങള്‍ കുട്ടികള്‍ക്ക് ലഭിക്കാനാണെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.  അതോടൊപ്പം ഈ ആഴ്ചയിലെ ട്രയലും ജൂണ്‍ 14 മുതല്‍ 18 വരെയുള്ള പുനഃസംപ്രേഷണവും കഴിഞ്ഞ ശേഷം കുട്ടികള്‍ക്ക് ക്ലാസുകള്‍ കാണാന്‍ അവസരം ഉണ്ട് എന്ന് ഉറപ്പ് വരുത്തിയതിന് ശേഷം മാത്രമേ തുടർ ക്ലാസുകള്‍ സംപ്രേഷണം ചെയ്യൂ. ഇക്കാര്യങ്ങളില്‍ കുട്ടികള്‍ യാതൊരുവിധേനയും ആശങ്കപ്പെടേണ്ട അവസ്ഥയില്ല എന്നാണ് പത്രക്കുറിപ്പിൽ വ്യക്തമാക്കിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം മുതലാണ് സംസ്ഥാനത്തെ പ്ലസ് ടു വിദ്യാർഥികൾക്കായി ഡിജിറ്റൽ ക്ലാസുകൾ ആരംഭിച്ചത്.രാവിലെ 8. 30 മുതൽ 10 വരെയും വൈകിട്ട് 5 മുതൽ 6 മണി വരെയുമാണ് ക്ലാസുകൾ സംപ്രേഷണം ചെയ്യുക. കൈറ്റ് വിക്ടേഴ്സ് ആപ്പിലൂടെയും ക്ലാസ്സുകൾ കാണാൻ സാധിക്കും. തിങ്കൾ മുതൽ വെള്ളിവരെ സംപ്രേഷണം ചെയ്യുന്ന ക്ലാസ്സുകളുടെ പുനഃസംപ്രേഷണമായിരിക്കും അടുത്തയാഴ്ച നടക്കുക.

ഗൂഗിള്‍ പ്ലേസ്‌റ്റോറില്‍ നിന്ന് ആപ് സ്‌റ്റോറില്‍ നിന്നും KITE VICTERS എന്ന് നല്‍കി ഡൗണ്‍ലോഡ് ചെയ്യാവുന്ന മൊബൈല്‍ ആപ്പിലൂടെ ഇനി കൈറ്റ് വിക്ടേഴ്‌സ് പരിപാടികളോടൊപ്പം ഫസ്റ്റ്‌ബെല്‍ 2.0 ക്ലാസുകളും കാണാനാവുമെന്ന് കൈറ്റ് സി.ഇ.ഒ. കെ.അന്‍വര്‍ സാദത്ത് പറഞ്ഞു.
Published by:Anuraj GR
First published: