• HOME
  • »
  • NEWS
  • »
  • kerala
  • »
  • UDF അവിശ്വാസം പാസായി; കേരളാ കോണ്‍ഗ്രസ് എമ്മിന് പാലാ ചൂണ്ടച്ചേരി ബാങ്ക് ഭരണം നഷ്ടമായി

UDF അവിശ്വാസം പാസായി; കേരളാ കോണ്‍ഗ്രസ് എമ്മിന് പാലാ ചൂണ്ടച്ചേരി ബാങ്ക് ഭരണം നഷ്ടമായി

നേരത്തെ കേരള കോൺഗ്രസ് എം യുഡിഎഫിന്‍റെ ഭാഗമായിരുന്ന ആയിരുന്ന കാലത്താണ് ചൂണ്ടച്ചേരി ബാങ്ക് ഭരണത്തിൽ കേരള കോൺഗ്രസ്-എം എത്തുന്നത്.

  • Share this:
കേരള കോൺഗ്രസ് (എം ) ന് പാലാ ഭരണങ്ങാനം ചൂണ്ടച്ചേരി സർവീസ് സഹകരണ ബാങ്ക് ഭരണം നഷ്ടമായി. ഭരണ സമിതിക്കെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായതോടെയാണ് കേരള കോണ്‍ഗ്രസ് (എം)ന് ഭരണം നഷ്ടമായത്.

ജോസ് കെ മാണിയുടെ നേതൃത്വത്തിലുള്ള കേരള കോൺഗ്രസ് എം പ്രതിനിധിയായ ജോണി വടക്കേമുളഞ്ഞനാലാണ് പ്രസിഡന്‍റ് പദവിയിൽ നിന്നും പുറത്തു പോകേണ്ടി വന്നത്.

നേരത്തെ കേരള കോൺഗ്രസ് എം യുഡിഎഫിന്‍റെ ഭാഗമായിരുന്ന ആയിരുന്ന കാലത്താണ് ചൂണ്ടച്ചേരി ബാങ്ക് ഭരണത്തിൽ കേരള കോൺഗ്രസ്-എം എത്തുന്നത്. അന്ന് കേരള കോൺഗ്രസ് എം- കോൺഗ്രസ് സഖ്യത്തിന് 12 അംഗങ്ങൾ ഉണ്ടായിരുന്നു. ഒരാൾ സ്വതന്ത്രനായി വിജയിച്ചാണ് ബാങ്ക് ഭരണസമിതിയിൽ എത്തിയത്. ഇതിനു പിന്നാലെ കേരള കോൺഗ്രസ് മുന്നണി വിടുകയായിരുന്നു. കോൺഗ്രസ് - കേരള കോൺഗ്രസ് എം ധാരണപ്രകാരം  ആദ്യ ടേം ഭരണമായിരുന്നു കേരള കോൺഗ്രസ് എമ്മിന്  ലഭിച്ചത്. ഇതോടെ ജോണി വടക്കേമുളഞ്ഞനാലിനെ ബാങ്ക് ഭരണ സമിതിയുടെ അധ്യക്ഷനായി തെരഞ്ഞെടുത്തു.

കേരള കോൺഗ്രസ് എം മുന്നണി  വിട്ടതോടെ കോൺഗ്രസ് ഉൾപ്പെട്ട യുഡിഎഫ് പ്രതിപക്ഷത്ത് ആയിരുന്നു. ഇതിനുപിന്നാലെയാണ് അനുകൂല സാഹചര്യം നോക്കി ബാങ്ക് ഭരണസമിതിക്കെതിരെ  അവിശ്വാസം കൊണ്ടുവരാൻ കോൺഗ്രസ് തീരുമാനിച്ചത്.  കോൺഗ്രസ് അംഗങ്ങളെ കൂടാതെ സ്വതന്ത്ര അംഗമായ പ്രതിനിധിയും  കോൺഗ്രസ് കൊണ്ടുവന്ന അവിശ്വാസപ്രമേയത്തെ പിന്തുണച്ചു. ഇതോടെയാണ് ചൂണ്ടച്ചേരി ബാങ്ക് ഭരണത്തിൽനിന്ന്  കേരള കോൺഗ്രസ് എം പുറത്തായത്. കേരള കോൺഗ്രസ്-എം പ്രതിനിധിയായി ഭരണത്തിൽ ഉണ്ടായിരുന്ന അംഗം അയോഗ്യനായി എന്നതും അവിശ്വാസ പ്രമേയത്തിൽ നിർണായകമായി.

അടുത്തിടെ ഭരണങ്ങാനം പഞ്ചായത്ത് ഭരണത്തിൽ നിന്നും കേരള കോൺഗ്രസ്-എം തിരിച്ചടി നേരിട്ടിരുന്നു. പഞ്ചായത്ത് വൈസ് ചെയർമാൻ പദവിയാണ് കേരള കോൺഗ്രസ് എമ്മിന് നഷ്ടമായത്. കോൺഗ്രസ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായതോടെയാണ്  ഭരണങ്ങാനത്ത് പഞ്ചായത്ത് വൈസ് ചെയർമാൻ നഷ്ടമായത്. ഇതിനുപിന്നാലെ ചൂണ്ടച്ചേരി ബാങ്ക് ഭരണത്തിൽനിന്ന് കേരള കോൺഗ്രസ് എമ്മിനെ മാറ്റി നിർത്താൻ ആയത് യുഡിഎഫ് ക്യാമ്പിന് വലിയ ആത്മവിശ്വാസമാണ് നൽകുന്നത്.ബാങ്ക് ഭരണം കൂടി നഷ്ടപെട്ടതോടെ ഭരണങ്ങാനം പഞ്ചായത്തിൽ കേരള കോൺഗ്രസിന്   ഒരിടത്തും അധ്യക്ഷ, ഉപാധ്യക്ഷ പദവികൾ ഇല്ലാതായതായി യുഡിഎഫ്  ചെയർമാൻ  ടോമിഫ്രാൻസിസ് പൊരിയത്ത് പറഞ്ഞു

എൽഡിഎഫ് പ്രവേശനത്തോടെ ജോസ് കെ മാണിയുടെ കേരള കോൺഗ്രസ് എം ജില്ലയിൽ പലയിടത്തും പുതിയതായി അധികാരത്തിലെത്തിയിരുന്നു. ജില്ലാ പഞ്ചായത്ത് അധ്യക്ഷസ്ഥാനം കൂടാതെ ആകെയുള്ള 71 പഞ്ചായത്തുകളിൽ 50 എണ്ണം പിടിക്കാൻ ഇടതു മുന്നണിക്കായി.  എന്നാൽ കേരള കോൺഗ്രസ് ശക്തികേന്ദ്രങ്ങളായ പാലായിലും കടുത്തുരുത്തിയിലും ജോസ് കെ മാണിയും പാർട്ടി ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജും പരാജയപ്പെട്ടത് വൻ തിരിച്ചടിയായി.  തെരഞ്ഞെടുപ്പിൽ തോറ്റതോടെയാണ് ജോസ് കെ മാണി നേരത്തെ രാജിവെച്ച് ഒഴിഞ്ഞ രാജ്യസഭാ സീറ്റിലേക്ക് വീണ്ടും ജോസ് കെ മാണി തന്നെ മത്സരിച്ചത്. പാലായിൽ മാണി സി കാപ്പൻ വിജയിച്ചതും യുഡിഎഫ് ക്യാമ്പിന് വലിയ നേട്ടമായിരുന്നു.
Published by:Arun krishna
First published: