ആഴ്ചകൾക്ക് മുൻപാണ് സൂറത്തിലെ കോച്ചിംഗ് സെന്ററിലുണ്ടായ തീപിടിത്തത്തിൽ 22 വിദ്യാർഥികൾക്ക് ജീവൻ നഷ്ടപ്പെട്ടത്. സമാനമായ സാഹചര്യമാണ് കേരളത്തിലും നിലനിൽക്കുന്നത്. സംസ്ഥാനത്തെ ഭൂരിഭാഗം കോച്ചിംഗ് സെന്ററുകളും ട്യൂഷൻ സെന്ററുകളും പാരലൽ കോളജുകളും പ്രവർത്തിക്കുന്നത് അഗ്നിസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയാണെന്നാണ് കണ്ടെത്തൽ. ആയിരക്കണക്കിന് വിദ്യാർഥികളാണ് ജീവൻ പണയംവെച്ച് ഇത്തരം സെന്ററുകളിൽ പഠനം നടത്തുന്നത്. ചെറിയ തീപിടിത്തം ഉണ്ടായാൽ അത് തടയാനുള്ള പ്രാഥമിക സംവിധാനംപോലും ഇവിടങ്ങളിൽ ലഭ്യമല്ലെന്നതാണ് നിർഭാഗ്യകരം.
കഴിഞ്ഞ മെയ് 24നാണ് സൂറത്തിലെ കോച്ചിംഗ് സെന്ററിലുണ്ടായ തീപിടിത്തത്തില്‍ 22 വിദ്യാർഥികൾ മരിച്ചത്. ഇതിനെ തുടർന്ന് കേരളത്തിലും ഇത്തരം സ്ഥാനങ്ങൾക്കെതിരെ അഗ്നിസുരക്ഷാ സേന ജാഗ്രതാ നിർദേശം നൽകിയിരുന്നു. അപകടത്തിന്റെ പശ്ചാത്തലത്തിൽ നടത്തിയ വകുപ്പുതല സർവേയിൽ അടിസ്ഥാന സുരക്ഷാ മാനദണ്ഡങ്ങളെല്ലാം അവഗണിച്ചാണ് ഇത്തരം കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇത്തരം കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത് അപകടകരമായ സാഹചര്യത്തിലാണെന്നാണ് റിപ്പോർട്ട്.
മിക്കയിടങ്ങളിലും രണ്ടോ മൂന്നോ നില കെട്ടിടത്തിന് മുകളിൽ ടെറസ് ഭാഗം കവർ ചെയ്ത് ഷീറ്റ് ഇട്ടാണ് കോച്ചിംഗ് സെന്ററുകൾ പ്രവർത്തിക്കുന്നത്. സൂറത്തിലേതിന് സമാനമായ രീതിയിലാണ് ഇവയും പ്രവർത്തിക്കുന്നത്. അത്യാഹിതം ഉണ്ടായാൽ എളുപ്പത്തിൽ പുറത്തേക്ക് കടക്കാൻ പോലുമുള്ള വഴികളോ സൗകര്യങ്ങളോ ഇല്ലെന്നതാണ് വസ്തുത. രണ്ട് നിലകൾക്ക് മുകളിലുള്ള കെട്ടിടങ്ങൾക്കെല്ലാം സുരക്ഷാ മാനദണ്ഡങ്ങൾ ബാധകമാണ്. നൂറുകണക്കിന് വിദ്യാർത്ഥികൾ ഒരേസമയം പഠിക്കുന്ന ഇവിടങ്ങളിൽ പുറത്തേക്ക് പോകാൻ ഇടുങ്ങിയ പടിക്കെട്ടുകളാണുള്ളത്. ഫയർ സേഫ്റ്റി സംവിധാനം പോലും പ്രവർത്തിക്കുന്നില്ല. അപകടമുണ്ടായാൽ പ്രഥമശ്രുശ്രൂഷ നൽകുന്നന് പോലുമുള്ള സൗകര്യങ്ങളുമില്ല.
ബഹുനില കെട്ടിടങ്ങളുടെ ടെറസിൽ തട്ടിക്കൂട്ടുന്ന ഇത്തരം കേന്ദ്രങ്ങളിൽ നിന്ന് എളുപ്പത്തിൽ ആളുകളെ ഒഴിപ്പിക്കുക ദുഷ്കരമാണ്. തീപിടിച്ചുകഴിഞ്ഞാൽ നിമിഷനേരം കൊണ്ട് മുറികൾ പുകകൊണ്ടുമൂടും. ഇത് വലിയ ദുരന്തത്തിലേക്ക് നയിക്കും. അതുകൊണ്ടാണ് ബഹുനില കെട്ടിടങ്ങളിൽ ഫയർ എക്സിറ്റുകൾ നിർബന്ധമാക്കിയിരിക്കുന്നത്. സൂറത്തിൽ തീപിടിത്തമുണ്ടായപ്പോൾ വിദ്യാർഥികൾക്ക് പുറത്തിറങ്ങാൻ വഴിയില്ലാത്തതിനാൽ പലരും മുകളിൽ നിന്ന് താഴേക്ക് ചാടുകയായിരുന്നു. ഇവരിൽ ഭൂരിഭാഗം പേർക്കും ജീവൻ നഷ്ടപ്പെടുകയായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Fire, Fire accident, Fire breakout, കോച്ചിങ് സെന്‍റർ, തീപിടുത്തം