പട്ടിക വർഗ വകുപ്പ് നൽകേണ്ട ഫണ്ട് മുടങ്ങിയതോടെ നിലമ്പൂർ കവളപ്പാറ ദുരന്തത്തിൻ്റെ ഇരകളായ ആദിവാസികളുടെ വീട് നിർമാണം മുടങ്ങി. സർക്കാരിൽ നിന്നും ഇനി 2 ലക്ഷം കൂടി ലഭിച്ചാൽ മാത്രമേ വീടുകളുടെ നിർമാണം പൂർത്തീകരിക്കാൻ കഴിയൂ. കവളപ്പാറ മണ്ണിടിച്ചിൽ ദുരന്തത്തിൽ ഇരകളായ ആദിവാസി വിഭാഗക്കാർക്ക് അർഹമായ പുനരധിവാസം ലഭിച്ചത് തന്നെ മറ്റെല്ലാവർക്കും നൽകി കഴിഞ്ഞാണ്, അതും കോടതി വരെ ഇടപെട്ടിട്ട്.
എന്നാല്‍ ഈ വീടുകളുടെ നിർമാണവും 6 മാസമായി നിലച്ചിരിക്കുകയാണ്. ആകെ 32 വീടുകൾ ആണ് നിർമിക്കുന്നത്. ഒരു വീടിന് 6 ലക്ഷം രൂപ നിർമാണ ചെലവ് വകയിരുത്തി. മാസങ്ങൾക്ക് ഇപ്പുറം 4 ലക്ഷം രൂപ കൊണ്ട് മേൽക്കൂര കോൺക്രീറ്റ് കഴിഞ്ഞത് 27 വീടുകളുടെ മാത്രം. ഇവയുടെ നിർമാണം തീർക്കാൻ ഇനി വേണ്ടത് 2 ലക്ഷം രൂപ .അത് അനുവദിക്കേണ്ടത് ഐ ടി ഡി പി ആണ്.പല തവണ അധികൃതരെ സമീപിച്ചു എങ്കിലും ഒരു ഫലവും ഇല്ല. എംഎൽഎ പിവി അൻവറിനെ വിവരം അറിയിക്കാൻ പോലും കഴിയുന്നില്ല. രണ്ട് കൊല്ലത്തിൽ അധികമായി ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്ന ഇവർ കടുത്ത പ്രതിഷേധത്തിൽ ആണ്.
ഫണ്ട് അനുവദിക്കൽ ഇനിയും വൈകിയാൽ കോടതിയെ സമീപിക്കാൻ ആണ് ഇവരുടെ ആലോചന. കവളപ്പാറയിലെ പഞ്ചായത്ത് അംഗം കൂടിയായ ദിലീപ് എം പറയുന്നു.
" ഈ വീടുകളുടെ നിർമാണം തുടങ്ങിയത് തന്നെ കോടതി ഇടപെട്ടതിനെ തുടർന്നാണ്. പല തവണ പല വിധം തടസങ്ങൾ ഉണ്ടായി. അതിൽ ഏറ്റവും ഒടുവിലത്തെ ആണ് ഇപ്പൊൾ ഫണ്ട് ലഭിക്കാത്തത് കൊണ്ട് നിർമാണം തടസ്സപ്പെട്ടത്. 3 മാസത്തിനകം വീടുകളുടെ നിർമ്മാണം പൂർത്തിയായില്ലെങ്കിൽ അടുത്ത മഴക്കാലത്തും ഇവർ ദുരിതാശ്വാസ ക്യാമ്പുകളിൽ തന്നെ ആകും. അത് പാടില്ല. അതിന് വേണ്ടി പ്രതിഷേധം ഉയർത്തും, പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കും. കോടതിയെ സമീപിക്കാനും ആലോചിക്കുന്നുണ്ട്. രണ്ട് ദിവസത്തിനകം കോടതിയെ സമീപിക്കാൻ ആണ് ഇപ്പോഴത്തെ തീരുമാനം".A
ഏറെ വിവാദങ്ങൾക്ക് ശേഷം ആണ് കവളപ്പാറയിലെ ആദിവാസി വിഭാഗക്കാരുടെ പുനരധിവാസം തുടങ്ങിയത്. എംഎൽഎ പിവി അൻവറും മുൻ കലക്ടർ ജാഫർ മാലിക്കും തമ്മിൽ ഉള്ള തർക്കം വലിയ വിവാദം ആയിരുന്നു. നിലവിൽ വീടുകളുടെ നിർമാണം നടക്കുന്ന സ്ഥലം ഏറ്റെടുത്ത് മാതൃക വില്ലേജ് പണിയാൻ ഉള്ള കലക്ടറുടെ നീക്കത്തെ അൻവർ എതിർത്തു. അൻവറിന് റിയൽ എസ്റ്റേറ്റ് താൽപര്യം ആണെന്ന് കലക്ടർ തുറന്നടിച്ചു. ഈ ഭൂമി ഏറ്റെടുക്കുന്നതിന് എതിരെ അൻവറും രംഗത്ത് എത്തി. തുടർന്ന് ഹൈകോടതി ഇടപെട്ടതോടെ ആണ് സര്ക്കാര് പുനരധിവാസം ദ്രുത ഗതിയിൽ പ്രഖ്യാപിച്ചത്. മുൻപ് ജാഫർ മാലിക് നിർദേശിച്ച സ്ഥലത്ത് തന്നെ വീടുകളുടെ നിർമാണം തുടങ്ങി. ഇത് പി വി അൻവറിനും പ്രാദേശിക ഇടത് നേതാക്കൾക്കും വലിയ തിരിച്ചടി ആയിരുന്നു. അത് കൊണ്ട് തന്നെ ആണ് ഈ നിർമ്മാണം വൈകാൻ പ്രാദേശിക രാഷ്ട്രീയക്കാർ ഇടപെടുന്നു എന്ന് ഗുണഭോക്താക്കൾ ആരോപണം ഉന്നയിക്കുന്നത്.
എന്നാല്‍ ധന വകുപ്പിൽ നിന്നും ഫണ്ട് ലഭ്യമാകാത്തതാണ് പ്രതിസന്ധി എന്ന് ഐ ടി ഡി പി അധികൃതരുടെ വിശദീകരണം. സാധാരണ വീട് നിർമാണത്തിന് അനുവദിക്കാറുള്ള 4 ലക്ഷം രൂപ നൽകി കഴിഞ്ഞു. ബാക്കി രണ്ട് ലക്ഷം റീ ബിൽഡ് കേരള പദ്ധയിയിൽ ഉൾപ്പെടുത്തി വേണം നൽകാൻ. കവളപ്പാറ ഉൾപ്പെടെ 250 വീടുകൾക്ക് ഈ പണം നൽകണ്ടത് ഉണ്ട്. അതിന് ധന വകുപ്പ് അനുമതി വൈകുന്നത് ആണ് പ്രതിസന്ധിയുടെ കാരണം എന്നും ഐ ടി ഡി പി വിശദീകരിക്കുന്നു. അടുത്ത മഴക്കാലത്തിനു മുൻപ് എങ്കിലും സ്വന്തം മേൽക്കൂരയ്ക്ക് താഴെ അന്തിയുറങ്ങാൻ കഴിയുമോ എന്ന ചോദ്യമാണ് ഈ ദൗർഭാഗ്യജനത ഉയർത്തുന്നത്
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.