തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യം ഹോം ഡെലിവറിയായി നൽകുന്നത് തൽക്കാലമില്ലെന്നു എക്‌സൈസ് - തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍. മദ്യത്തിന് ഹോം ഡെലിവറി തുടങ്ങണമെങ്കില്‍ നയപരമായ തീരുമാനം വേണം. കോവിഡ് വ്യാപനവും ലോക്ക്ഡൌണും പരിഗണിച്ച് മദ്യവിതരണത്തിന് ആപ്പ് വഴിയുള്ള ബുക്കിങ് സംവിധാനം തിരിച്ചുകൊണ്ടുവരാനാണ് ആലോചിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഇക്കാര്യത്തില്‍ ബെവ്‌കോ എം ഡിയുമായി എക്‌സൈസ് മന്ത്രി ചര്‍ച്ച നടത്തി.
ഓണ്‍ലൈനായി ബുക്കു ചെയ്തു ഹോം ഡെലിവറിയായുള്ള മദ്യവിതരണത്തിന് ഒന്നര വര്‍ഷം മുന്‍പ് സര്‍ക്കാരിനു മുന്നില്‍ അപേക്ഷ എത്തിയിരുന്നെങ്കിലും ഇക്കാര്യം ഇതുവരെ പരിഗണിച്ചിട്ടില്ല. പിന്നീട് കോവിഡ് വ്യാപിച്ചതോടെ തിരക്കു കുറയ്ക്കാന്‍ ബെവ്ക്യു ആപ് ഏര്‍പ്പെടുത്തുകയാണ് എക്സൈസ് വകുപ്പ് ചെയ്തത്. ഇതിനായി അബ്കാരി ചട്ടങ്ങളില്‍ ഭേദഗതി കൊണ്ടുവന്നു. നിയമപ്രകാരം കുപ്പികളില്‍ മദ്യം വില്‍ക്കാന്‍ ബവ്‌റിജസ് ഷോപുകള്‍ക്ക് മാത്രമേ അനുമതിയുള്ളൂ. തിരക്കു നിയന്ത്രിക്കാന്‍ ബാറുകളില്‍ കൗണ്ടറുകള്‍ സ്ഥാപിക്കുന്നതിനും ഭേദഗതി വേണ്ടിവന്നു. ഓണ്‍ലൈന്‍ വഴി മദ്യം വിതരണം ചെയ്യണമെങ്കില്‍ കേരള വിദേശമദ്യ ചട്ടങ്ങളില്‍ ഭേദഗതി വരുത്തണം. ഇതോടൊപ്പം അബ്കാരി ഷോപ് ഡിസ്‌പോസല്‍ റൂളിലും മാറ്റം വരുത്തേണ്ടി വരും.
നിലവിൽ ഒരാൾക്ക് ഒരാളുടെ കൈവശം വയ്ക്കാവുന്ന മദ്യത്തിന്റെ അളവ് മൂന്നു ലിറ്ററാണ്. ഓണ്‍ലൈന്‍ വഴി വിതരണം ചെയ്യാന്‍ തീരുമാനിച്ചാല്‍ വിതരണം നടത്തുന്ന ഹോം ഡെലവറി ബോയിക്ക് ഇതില്‍ കൂടുതല്‍ അളവ് മദ്യം കൈവശം വയ്‌ക്കേണ്ടിവരും. ഇതിനായി ഭേദഗതി കൊണ്ടുവരണം. മദ്യത്തിന്റെ കാര്യമായതിനാല്‍ മന്ത്രിസഭായോഗമായിരിക്കും അന്തിമ തീരുമാനം എടുക്കേണ്ടത്.
അതിനിടെ ബിവറേജസ് കോർപറേഷന്റെ ആറ്റിങ്ങൽ വെയർഹൗസിൽ വീണ്ടും മോഷണം നടന്നു. രണ്ടുതവണയായി 90 കെയ്സ് മദ്യം നഷ്ടപ്പെട്ടതായാണ് വിവരം. അടുത്തിടെ എക്സൈസ് നടത്തിയ പരിശോധനയിൽ ആറ്റിങ്ങൽ പരിസരത്ത് നിന്നും വിദേശമദ്യം പിടിച്ചെടുത്തിരുന്നു. തുടർന്നാണ് മദ്യം സൂക്ഷിക്കുന്ന വെയർഹൗസ് കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിച്ചത്. വെയർഹൗസ് മാനേജരെ വിളിച്ചു വരുത്തി നടത്തിയ പരിശോധനയിലാണ് അമ്പതിലധികം കെയ്സ് മദ്യത്തിന്റെ കുറവ് കണ്ടെത്തിയത്.
മെയ് 9ന് വെയർഹൗസിൽ മോഷണം നടന്നതായാണ് നിഗമനം. സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ വിശദമായി പരിശോധിച്ചുവരികയാണ്. കഴിഞ്ഞ ലോക്ക്ഡൗൺ കാലത്തും ആറ്റിങ്ങലിലെ ബിവറേജസ് വെയർഹൗസിൽനിന്ന് മദ്യം മോഷണം പോയിരുന്നു. അന്ന് ഇവിടെ നിന്ന് 40 കെയ്സ് മദ്യമാണ് കാണാതായത്. ലോക്ക്ഡൗണിനു ശേഷം ഗോഡൗൺ തുറന്ന് സ്റ്റോക്ക് എടുത്തപ്പോഴാണ് സ്റ്റോക്കിൽ കുറവു കണ്ടത്. തുടർന്ന് മാനേജരടക്കം പിഴ അടച്ചിരുന്നു.
ഇപ്പോള്‍ വെയർഹൗസിന്റെ പൂട്ട് പൊളിക്കുകയോ മറ്റ് ഏതെങ്കിലും വിധത്തിൽ മോഷണശ്രമമോ ഇതുവരെയും കണ്ടെത്തിയിട്ടില്ല. വെയർഹൗസ് മാനേജർക്കു പുറമേ, മദ്യം സൂക്ഷിക്കുന്നതിന്റെ താക്കോൽ ഉള്ളത് എക്സൈസ് അധികൃതരുടെ കൈയിലാണ്. ഡ്യുപ്ലിക്കേറ്റ് താക്കോൽ നിർമിച്ച് മോഷണം നടത്തിയെന്നാണ് നിലവിലെ നിഗമനം.
മദ്യം സുരക്ഷിതമായി സൂക്ഷിക്കുന്ന വെയർഹൗസിൽ നിന്നു തന്നെ മദ്യം മോഷ്ടിച്ചുവെന്നത് എക്സൈസിനെയും അമ്പരപ്പിച്ചിട്ടുണ്ട്. സംഭവം ഗുരുതരമായതിനാൽ എക്സൈസ് കമ്മീഷണറേറ്റിലും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത് മറ്റ് വെയർഹൗസുകളിലും സമാന സംഭവങ്ങൾ നടന്നിട്ടുണ്ടോയെന്നും എക്സൈസ് പരിശോധിച്ചുവരികയാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.