HOME » NEWS » Kerala » NO INSPECTION TELANGANA INDUSTRIES MINISTER ASSURES KITEX RV TV

പരിശോധനയുടെ പേരിൽ ബുദ്ധിമുട്ടിക്കില്ല; കിറ്റക്സിന് തെലങ്കാന വ്യവസായ മന്ത്രിയുടെ ഉറപ്പ്

പ്രാദേശിക രാഷ്ട്രീയക്കാരുടെതടക്കമുള്ള ശല്യങ്ങളോ ഉപദ്രവങ്ങളോ ഒരുതരത്തിലും ഉണ്ടാവില്ല. തെലങ്കാനയില്‍ നിക്ഷേപിച്ചാല്‍ മനസമാധാനത്തോടെ വ്യവസായം നടത്താൻ അന്തരീക്ഷം ഒരുക്കുമെന്നും രാമറാവു പറഞ്ഞു.

News18 Malayalam | news18-malayalam
Updated: July 10, 2021, 10:02 AM IST
പരിശോധനയുടെ പേരിൽ ബുദ്ധിമുട്ടിക്കില്ല; കിറ്റക്സിന് തെലങ്കാന വ്യവസായ മന്ത്രിയുടെ ഉറപ്പ്
കിറ്റക്സ് എംഡി സാബു ജേക്കബും തെലങ്കാന വ്യവസായ മന്ത്രി കെ ടി രാമറാവുവും ചർച്ച നടത്തുന്നു
  • Share this:
കൊച്ചി: പരിശോധനകളുടെ  പേരില്‍ ബുദ്ധിമുട്ടിക്കില്ലെന്ന്‌ കിറ്റക്സ് ഗ്രൂപ്പിന് തെലങ്കാന വ്യവസായ വകുപ്പ് മന്ത്രി കെ ടി രാമറാവുവിന്റെ ഉറപ്പ്. പ്രാദേശിക രാഷ്ട്രീയക്കാരുടെതടക്കമുള്ള ശല്യങ്ങളോ ഉപദ്രവങ്ങളോ ഒരുതരത്തിലും ഉണ്ടാവില്ല. തെലങ്കാനയില്‍ നിക്ഷേപിച്ചാല്‍ മനസമാധാനത്തോടെ വ്യവസായം നടത്താൻ അന്തരീക്ഷം ഒരുക്കുമെന്നും രാമറാവു പറഞ്ഞു.

വ്യവസായം നടത്തിയതിന്റെ പേരിൽ ഒരു തരത്തിലുള്ള വേട്ടയാടലും ഉണ്ടാവുകയില്ലെന്നാണ് കിറ്റക്സ് കമ്പനി പ്രതിനിധികളുമായുള്ള കൂടിക്കാഴ്ചയിൽ കെ ടി രാമറാവു നൽകിയ ഉറപ്പ്. സൗഹൃാര്‍ദ്ദപരമായ വ്യവസായ അന്തരീക്ഷമാണ് തെലങ്കാനയില്‍ ഉള്ളത്. രാഷ്ട്രീയ അഭിപ്രായ വ്യത്യാസം ഉണ്ടെങ്കിലും കേന്ദ്ര സര്‍ക്കാരും തെലങ്കാന വ്യവസായത്തെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. കിറ്റെക്‌സിന് എന്താണോ ആവശ്യം അത് പരിഗണിക്കുകയും പരിഹരിക്കുകയും ചെയ്യും. തൊഴില്‍ അവസരവും നിക്ഷേപങ്ങള്‍ വര്‍ദ്ധിപ്പിക്കലുമാണ് തെലങ്കാനയുടെ മുഖ്യ പരിഗണനയെന്നും കിറ്റക്സ് സംഘത്തോട് മന്ത്രി പറഞ്ഞു. കര്‍ണ്ണാടക, ആന്ധ്ര, തമിഴ്‌നാട്, ഗുജറാത്ത്, മഹാരാഷ്ട്ര തുടങ്ങിയ  സംസ്ഥാങ്ങള്‍ നല്‍കുന്നതിലും മികച്ച ആനുകൂല്യങ്ങളും കിറ്റക്‌സിന് നല്‍കാമെന്നും അദ്ദേഹം പറഞ്ഞു.

Also Read- തെലങ്കാനയിൽ കിറ്റക്സ് ആദ്യഘട്ടത്തിൽ 1000 കോടി രൂപ നിക്ഷേപം; 4000 പേർക്ക് തൊഴിലവസരം

തുടർച്ചയായ ഉദ്യോഗസ്ഥ പരിശോധനയിൽ പ്രതിഷേധിച്ചായിരുന്നു കേരളത്തിൽ  3,500 കോടി രൂപയുടെ പദ്ധതി നടപ്പാക്കുന്നത് വേണ്ടെന്നുവച്ചത്. ഇതിനുശേഷം തെലങ്കാന സർക്കാർ നിക്ഷേപം നടത്തുന്നതിന് കിറ്റക്സ് ഗ്രൂപ്പിനെ ക്ഷണിക്കുകയായിരുന്നു. തെലങ്കാനയില്‍ ആദ്യഘട്ടത്തിൽ ആയിരം കോടി രൂപയുടെ പദ്ധതിയാണ് കിറ്റക്‌സ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. 4000 പേര്‍ക്ക് തൊഴില്‍ നല്‍കുന്ന ടെക്‌സ്റ്റൈല്‍സ് അപ്പാരല്‍ പ്രോജക്റ്റ് വാറങ്കലിലെ  കാകത്തിയ മെഗാ ടെക്‌സ്‌റ്റൈല്‍സ് പാര്‍ക്കിലാകും നടപ്പാക്കുക. വേഗത്തില്‍ തീരുമാനമെടുത്ത കിറ്റക്സ് ഗ്രൂപ്പിനെ തെലങ്കാന വ്യവസായ വകുപ്പ് മന്ത്രി കെ ടി രാമറാവു നന്ദി അറിയിച്ചിരുന്നു.

Also Read- കിറ്റക്സ് സംഘത്തെ ഇരുകൈയും നീട്ടി സ്വീകരിച്ച് തെലങ്കാന വ്യവസായ മന്ത്രി കെ ടി രാമറാവു

ഇന്നലെ നടന്ന കൂടിക്കാഴ്ച്ചയില്‍ വ്യവസായ വകുപ്പ് മന്ത്രി കെ ടി രാമരാവു തെലങ്കാന സര്‍ക്കാര്‍ നല്‍കുന്ന വാഗ്ദാനങ്ങള്‍ അവതരിപ്പിച്ചു. തുടര്‍ന്ന്  വാറങ്കലിലെ കാകത്തിയ മെഗാ ടെക്‌സ്റ്റൈല്‍സ് പാര്‍ക്കില്‍ കിറ്റെക്‌സ് സംഘം എത്തി. പദ്ധതി നടപ്പാക്കാനുള്ള സൗകര്യങ്ങള്‍ നേരില്‍ കണ്ടു. ഇതിനുശേഷം ഹൈദരാബാദിലെത്തി കെ ടി രാമറാവുമായുള്ള ചര്‍ച്ചയിലാണ് 1000 കോടിയുടെ പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചത്. രണ്ട് വര്‍ഷം കൊണ്ട് 4000 പേർക്ക് പദ്ധതി തൊഴില്‍ വാഗ്ദാനം ചെയ്യുന്നു. ആദ്യഘട്ട പദ്ധതിയുടെ പുരോഗതിയുടെ അടിസ്ഥാനത്തിലാകും തുടര്‍ നിക്ഷേപമെന്ന് കിറ്റക്‌സ് എം ഡി സാബു എം ജേക്കബ് തെലങ്കാന സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. തെലുങ്കാനയടക്കം 9 സംസ്ഥാനങ്ങളാണ് കിറ്റക്‌സിനെ പദ്ധതി നടപ്പാക്കാന്‍ സമീപിച്ചിരുന്നത്.

കിറ്റക്സിന് തെലുങ്കാനയുടെ വാഗ്ദാനങ്ങൾ എന്തെല്ലാം?

1) 50 മുതൽ 1000 പേർക്ക് വരെ പേർക്ക് തൊഴിൽ നൽകിയാൽ നിക്ഷേപത്തിന്റെ 35 ശതമാനം വരെ സബ്‌സിഡി. 40 കോടി രൂപ വരെ സംരംഭകർക്ക്  ലാഭിക്കാം.

2) വാടകയ്ക്ക് എടുക്കുന്ന സർക്കാർ ഭൂമിയിൽ ആദ്യ അഞ്ച് വർഷത്തേക്ക് 25 ശതമാനം വരെ സബ്സിഡി.

3) പുതിയ സംരംഭങ്ങൾക്കുള്ള ലോണിന്റെ  75 ശതമാനം വരെ പ്രത്യേക പദ്ധതിയിൽ ഉൾപ്പെടുത്തി 8 ശതമാനം പലിശയ്ക്ക് സർക്കാർ ലഭ്യമാക്കും. എട്ടു വർഷം വരെ ഇതിന്റെ പലിശയിളവ് ലഭിക്കും

4) 50 മുതൽ 200 ജീവനക്കാർക്ക്‌ വരെ തൊഴിൽ നൽകുന്ന സംരംഭകർക്ക് യൂണിറ്റിന് ഒരു രൂപ നിരക്കിൽ വൈദ്യുതി. വൻകിട സംരംഭങ്ങൾക്ക് യൂണിറ്റിന് പരമാവധി രണ്ട് രൂപ വരെ നിരക്ക്‌ ഈടാക്കും

5) തൊഴിലാളികൾക്ക് താമസിക്കാനുള്ള കെട്ടിടം പണിയുന്നതിന്  സംരംഭകർക്ക് സർക്കാരിന്റെ സഹായം

6) സംരംഭം തുടങ്ങി ഏഴ് വർഷത്തേക്ക് വാറ്റ്, ജിഎസ്ടി തുടങ്ങിയവ ഒഴിവാക്കും

7) കയറ്റുമതി ഉത്പന്നങ്ങൾ നിർമ്മിക്കുന്ന സംരംഭങ്ങൾക്ക് ഇറക്കുമതി ചെയ്യുന്ന ഉൽപ്പന്നങ്ങൾക്ക്‌ നികുതിയിളവ്. ആദ്യ രണ്ട് വർഷത്തേക്ക്  75 ശതമാനം വരെ ഇളവ് ലഭിക്കും

8) സംരംഭം പാട്ടത്തിന് എടുക്കുന്ന സ്ഥലത്തിന്റെ സ്റ്റാമ്പ് ഡ്യൂട്ടിയടക്കം സർക്കാർ വഹിക്കും

9) ഉൽപ്പന്നങ്ങളുടെ ഡിസൈനിനുള്ള തുകയുടെ 20 ശതമാനം വരെ സർക്കാർ നൽകും

10) തൊഴിലാളികൾക്ക് വിദഗ്ദ്ധ പരിശീലനം നൽകാൻ സർക്കാർ സഹായം

11)റോഡ് സൗകര്യവും വെള്ളവും  സർക്കാർ നൽകും

12)  മാലിന്യ സംസ്കരണ പ്ലാന്റ് സർക്കാർ നിർമ്മിച്ച് നൽകും

Also Read- കേരളം വിടുന്നുവെന്ന റിപ്പോർട്ട്; കുതിച്ചുയർന്ന് കിറ്റക്‌സ് ഓഹരി വില
Published by: Rajesh V
First published: July 10, 2021, 10:02 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories