തിരുവനന്തപുരം: വീണ്ടും മന്ത്രിയാകുന്നതിന് നിയമപരമായി തടസ്സമില്ലെന്ന് സജി ചെറിയാൻ. ധാർമികതയുടെ പേരിലാണ് രാജിവെച്ചത്. തെറ്റ് ചെയ്തിട്ടില്ലെന്ന് തെളിഞ്ഞത് കൊണ്ടാണ് മന്ത്രി സഭയിലേക്ക് തിരിച്ചെത്തുന്നത്. തന്റെ പ്രസംഗത്തിൽ ഭരണഘടനവിരുദ്ധതയില്ലെന്ന് പോലീസും കോടതിയും കണ്ടെത്തിയെന്നും സജി ചെറിയാൻ പ്രതികരിച്ചു.
പരാതിക്കാരനും പ്രതിപക്ഷ നേതാവിനും കൂടുതൽ വിശദീകരണം വേണമെങ്കിൽ ഇനിയും കോടതിയിൽ പോകാം. പ്രധാനപ്പെട്ട ഒരു സ്ഥാനം പോകുമെന്ന് പറഞ്ഞപ്പോള്‍ താന്‍ ഭയപ്പെട്ടില്ല. മന്ത്രിസ്ഥാനത്ത് കടിച്ചുതൂങ്ങി കിടന്നുമില്ല. പ്രതിപക്ഷം ആരോപണം ഉന്നയിച്ചപ്പോള്‍ വ്യക്തിപരമായ ധാര്‍മ്മികതയുടെ പേരിൽ മാത്രമല്ല, പാര്‍ട്ടിയുടെ ധാര്‍മ്മികതകൂടി ഉയര്‍ത്തിപ്പിടിച്ചായിരുന്നു രാജിവെച്ചത്.
കോടതിയില്‍ രണ്ടു കേസുകള്‍ വന്നതുകൊണ്ടുകൂടിയാണ് രാജിവെച്ചത്. രണ്ടുകേസുകളെ സംബന്ധിച്ച് തീരുമാനമുണ്ടായപ്പോള്‍ ധാര്‍മികമായ രാജി പിന്‍വലിക്കുന്ന കാര്യം ആലോചിക്കേണ്ടത് പാര്‍ട്ടിയാണ്. ആ ആലോചനയാണ് പാര്‍ട്ടി നടത്തിയത്. വകുപ്പും, സത്യപ്രതിജ്ഞയും തീരുമാനിക്കേണ്ടത് പാർട്ടിയാണെന്നും സജി ചെറിയാൻ പറഞ്ഞു.
Also Read- ഭരണഘടനാ വിരുദ്ധപരാമർശത്തിൽ പുറത്തായ സജി ചെറിയാൻ വീണ്ടും മന്ത്രിയാകും; തീരുമാനം CPM സെക്രട്ടേറിയേറ്റിന്റേത്
അതേസമയം, ജനുവരി നാലിന് സത്യപ്രതിജ്ഞയ്ക്ക് ഗവർണറുടെ സമയം ചോദിച്ച് സർക്കാർ രാജ്ഭവന് കത്തയച്ചിരിക്കുകയാണ്. . തീയതിയുടെ കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല. നിയമസഭാ സമ്മേളനം ചേരും മുൻപ് സജി ചെറിയാനെ വീണ്ടും മന്ത്രിസഭയിൽ കൊണ്ടുവരാനാണ് സിപിഎം തീരുമാനം. സജി ചെറിയാൻ മന്ത്രിസഭയിൽ തിരിച്ചെത്തുന്നതിന് നിയമപ്രശ്നം ഇല്ലെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞത്.
ജൂലൈ മൂന്നിന് മല്ലപ്പള്ളിയിൽ നടത്തിയ പ്രസംഗമാണ് സജി ചെറിയാന്റെ രാജിയിൽ എത്തിയത്. സജി ചെറിയാന് ക്ലീൻ ചിറ്റ് നൽകി പൊലീസ് നേരത്തെ തിരുവല്ല കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. കേസിൽ സർക്കാർ നിലപാട് കോടതി ആരാഞ്ഞിട്ടുണ്ട്. മന്ത്രിസ്ഥാനത്തേക്ക് എത്തിയശേഷം കോടതിയുടെ ഭാഗത്തുനിന്ന് സജി ചെറിയാനെതിരെ എന്തെങ്കിലും പരാമർശമോ വിധിയോ ഉണ്ടായാൽ അത് സിപിഎമ്മിന് തിരിച്ചടിയാകും. എന്നാൽ ഏത് സാഹചര്യത്തെയും നിയമപരമായും രാഷ്ട്രീയമായും നേരിടാൻ ഉറച്ചു തന്നെയാണ് സിപിഎം മുന്നോട്ടുപോകുന്നത്. തീരുമാനത്തിനെതിരെ കോടതിയെ സമീപിക്കുമെന്ന് ഹർജിക്കാരൻ പറഞ്ഞു. പ്രസംഗത്തിൽ കേന്ദ്ര ഏജൻസിയുടെ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.