• HOME
 • »
 • NEWS
 • »
 • kerala
 • »
 • 'ലൗ ജിഹാദില്ല' ; സിറോ മലബാർ സഭയെ തള്ളി ഓർത്തഡോക്സ് വിഭാഗം തൃശൂർ ഭദ്രാസനാധിപൻ

'ലൗ ജിഹാദില്ല' ; സിറോ മലബാർ സഭയെ തള്ളി ഓർത്തഡോക്സ് വിഭാഗം തൃശൂർ ഭദ്രാസനാധിപൻ

ലൗ ജിഹാദ് ഒരു സാംസ്കാരിക പ്രശ്നമാക്കി തീർക്കുന്നതിന്റെ താല്പര്യം പ്രത്യേകം പരിശോധിക്കണമെന്ന് തൃശൂർ ഭദ്രാസനാധിപൻ യൂഹാനോൻ മാർ മിലിത്തിയോസ്

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

 • Last Updated :
 • Share this:
  കേരളത്തിൽ ലൗ ജിഹാദ് യാഥാർഥ്യമാണെന്ന സിറോ മലബാർ സഭ സിന‍ഡിന്റെ നിലപാട് തള്ളി ഓർത്തഡോക്സ് വിഭാഗം. കേരളത്തിൽ ലൗ ജിഹാദില്ലെന്നും ഇതൊരു സാംസ്കാരിക പ്രശ്നമായി ഉയർത്തിക്കാട്ടുന്നതിന് പിന്നിലെ താൽപര്യം പരിശോധിക്കണമെന്നും തൃശൂർ ഭദ്രാസനാധിപൻ യൂഹാനോൻ മാർ മിലിത്തിയോസ് വ്യക്തമാക്കി. സിപിഐ ദിനപത്രമായ ജനയുഗത്തിൽ 'മതിലുകൾ നിർമിക്കുന്നിടം' എന്ന ലേഖനത്തിലാണ് ലൗ ജിഹാദ് വിഷയത്തിൽ അദ്ദേഹം നിലപാട് വ്യക്തതമാക്കിയത്.

  ലൗ ജിഹാദ് സംബന്ധിച്ച ലേഖനത്തിലെ പരാമർശം ഇങ്ങനെ-

  2020 ജനുവരി 15 ലെ മാധ്യമങ്ങൾ, കേരളത്തിലെ ഒരു ക്രൈസ്തവ സഭാവിഭാഗം കേരളത്തിൽ “ലൗ ജിഹാദ്” വ്യാപകമാണ് എന്നും ക്രിസ്ത്യൻ പെൺകുട്ടികളെ മുസ്ലിം ആൺകുട്ടികൾ പ്രേമഭാവത്തിൽ സമീപിച്ച് വിവാഹം ചെയ്തോ അല്ലാതെയോ മതപരിവർത്തനം നടത്തി തീവ്രവാദ സംഘടനകളിൽ ചേർക്കുകയും കൊല്ലപ്പെടുകയും ചെയ്യുന്നു എന്ന് ആരോപിക്കുന്നതായി റിപ്പോർട്ട് ചെയ്തു. 2019 സെപ്തംബർ 26 ന് ‘ആശങ്കാജനകം’ എന്ന് വിശേഷിപ്പിക്കപ്പെട്ട ഈ അവസ്ഥയെക്കുറിച്ച് ഈ വിഭാഗത്തിൽനിന്നും അറിയിപ്പുണ്ടായിരുന്നു. തുടർന്ന് ദേശീയ ന്യൂനപക്ഷ കമ്മീഷൻ ഉപാധ്യക്ഷൻ കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് ഇതെക്കുറിച്ച് അന്വേഷണം നടത്തണം എന്നാവശ്യപ്പെട്ട് കത്തയക്കുകയുണ്ടായി. എന്നാൽ “ലൗ ജിഹാദ്’ എന്നൊന്ന് ഇവിടെ ഇല്ല എന്ന് “ഹാദിയ ലൗ ജിഹാദ്” കേസിൽ സുപ്രീംകോടതി 2018 മാർച്ചിൽ കേരളാ ഹൈക്കോടതി വിധിക്കെതിരെ പ്രഖ്യാപിച്ചിട്ടുള്ളതാണ്. അതവഗണിച്ചുകൊണ്ട് ഇപ്പോൾ, ഭാരത സർക്കാർ മുസ്‌ലീം സമുദായത്തെ ഈ രാജ്യത്ത് വേർതിരിച്ച് മതില്‍കെട്ടാൻ ശ്രമിക്കുമ്പോൾ, ഈ വിഷയം ഉയർത്തിക്കൊണ്ട് വരുന്നതിന്റെ ലക്ഷ്യം സംശുദ്ധമാണോ എന്ന് ഞാൻ സംശയിക്കുന്നു. മത-സമുദായേതര വിവാഹങ്ങൾ എക്കാലത്തും ഇവിടെ നടന്നിട്ടുണ്ട്. സ്നേഹിക്കുന്നവരുടെ കണ്ണിൽ പുരുഷനും സ്ത്രീയും എന്ന രണ്ട് വിഭാഗമേ ഉള്ളൂ എന്നും പ്രജനനത്തിനും സമൂഹ സൃഷ്ടിക്കുമുള്ള അവർ തമ്മിലുള്ള ബന്ധം സ്വാഭാവികമാണ് എന്നും പരസ്പരം സ്നേഹിക്കുന്നവർ കരുതിയാൽ അതില്‍ മറ്റൊരു നിറം നല്കേണ്ടതില്ല എന്നുമാണ് എന്റെ പക്ഷം. ഈ ധാരണയിലേക്ക് സംസ്കൃത സമൂഹം ഉയരേണ്ടതുണ്ട്.

  അതിനുപകരം ഇതൊരു സാംസ്ക്കാരിക പ്രശ്നമാക്കി തീർക്കുന്നതിന്റെ താല്പര്യം പ്രത്യേകം പരിശോധിക്കേണ്ടതാണ്; അതിലും പ്രത്യേകിച്ച് ഇതിനെ തീവ്രവാദ ലക്ഷ്യം ആരോപിച്ച് ഒരു രാഷ്ട്രീയ- രാഷ്ട്രസുരക്ഷിതത്വ വിഷയമാക്കി അവതരിപ്പിക്കുമ്പോൾ.

  സിറോ മലബാർ സഭയുടെ ആരോപണം-

  കേരളത്തില്‍ ലൗ ജിഹാദ് യാഥാര്‍ത്ഥ്യമാണെന്നാണ് സിറോ മലബാര്‍ സഭ സിനഡ് ചൂണ്ടിക്കാട്ടിയത്. ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ ലക്ഷ്യമാക്കി ആസൂത്രിതമായ ലൗ ജിഹാദ് നടക്കുന്നുവെന്നും പരാതികളില്‍ പൊലീസ് കാര്യമായ നടപടികള്‍ സ്വീകരിച്ചില്ലെന്നും സിനഡ് കുറ്റപ്പെടുത്തുന്നു. ലൗ ജിഹാദിനെതിരായി ബോധവത്കരണം നടത്തുമെന്നും സഭ അറിയിച്ചിരുന്നു.

  കേരളത്തില്‍ ലൗ ജിഹാദിന്റെ പേരില്‍ ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ കൊല്ലപ്പെടുന്ന സാഹചര്യം ഉണ്ടാകുന്നതായാണ് സീറോ മലബാര്‍ സഭയുടെ വിലയിരുത്തല്‍. ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ ലക്ഷ്യമാക്കി ആസൂത്രിതമായ തോതില്‍ ലൗ ജിഹാദ് നടക്കുന്നുണ്ട് പൊലീസിന്റെ കണക്കു പ്രകാരം ഐ.എസിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ട 21 പേരില്‍ പകുതിയും ക്രിസ്ത്യന്‍ സമുദായത്തില്‍പ്പെട്ടവരാണെന്നും സിനഡ് വ്യക്തമാക്കുന്നു. പ്രണയം നടിച്ച് പെണ്‍കൂട്ടികളെ വശീകരിച്ച് പീഡനത്തിനിരയാക്കി മതപരിവര്‍ത്തനത്തിന് നിര്‍ബന്ധിപ്പിക്കുന്നുണ്ടെന്നു ഇത്തരം പരാതികളില്‍ പൊലീസ് ഒരു നടപടിയും സ്വീകരിക്കാത്തത് ഖേദകരമാണെന്നുമാണ് സിനഡ് കുറ്റപ്പെടുത്തി. മതപരിവര്‍ത്തനം ചെയ്യപ്പെടുന്ന ഭൂരിഭാഗം പേരെയും ഭീകരപ്രവര്‍ത്തനങ്ങള്‍ക്കായാണ് ഉപയോഗിക്കുന്നതെന്നും സീറോ മലബാര്‍ സിനഡ് പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

  കേന്ദ്ര സർക്കാരിന്റെ വിശദീകരണം-

  കേരളത്തിൽ ലൗ ജിഹാദ് റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായി പാർലമെന്റിനെ അറിയിച്ചു. കേരളത്തിൽ നടക്കുന്ന ലൗ ജിഹാദുമായി ബന്ധപ്പെട്ട എത്ര കേസുകൾ കേന്ദ്രത്തിനു മുന്നിൽ എത്തിയിട്ടുണ്ടെന്ന ബെന്നി ബെഹനാൻ എംപിയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. കേന്ദ്ര ഏജൻസികളൊന്നും ഇത്തരം കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാൽ രണ്ട് മിശ്രവിവാഹങ്ങൾ എൻ.ഐ.എ അന്വേഷിക്കുന്നുണ്ടെന്നും നിത്യാനന്ദ റായ് പറഞ്ഞു.

  ലൗ ജിഹാദ് എന്ന പദം ഇപ്പോൾ നിർവചിക്കപ്പെട്ടിട്ടില്ല. അങ്ങനെ ഒരു വാക്ക് നിലവിലില്ല. അതുകൊണ്ട് തന്നെ ലൗ ജിഹാദ് നിലവിലുണ്ടോ എന്നത് സംബന്ധിച്ച ചോദ്യത്തിന് മറുപടി നൽകാൻ രേഖാ മൂലം സാധിക്കില്ലെന്ന് അമിത് ഷായും പാർലമെന്റിൽ വ്യക്തമാക്കി.‌

  Also Read- പ്രഭാവർമ്മയ്ക്ക് ഗുരുവായൂർ ദേവസ്വം അവാർഡ് നൽകുന്നതിനെതിരെ ഹൈന്ദവ സംഘടനകൾ
  First published: