തിരുവനന്തപുരം: വ്യവസായശാലകൾക്കെതിരെ ഉയർന്ന പരാതികളിൽ പരിശോധന നടത്താൻ കേന്ദ്രീകൃത സംവിധാനം സർക്കാർ കൊണ്ടുവരുന്നു. ഓരോ സ്ഥാപനങ്ങളിലും പരിശോധന നടത്തേണ്ട ഉദ്യോഗസ്ഥൻ ആരാണെന്ന് സോഫ്റ്റ്‌വെയർ മുഖേന തെരഞ്ഞെടുക്കും. പരാതികളുടെ അടിസ്ഥാനത്തിൽ പരിശോധന നടത്താൻ മേലുദ്യോഗസ്ഥന്റെ അനുമതി വാങ്ങണം. പരിശോധന റിപ്പോർട്ട് സ്ഥാപനങ്ങൾക്ക് 48 മണിക്കൂറിനുള്ളിൽ കൈമാറും.
വ്യവസായ സ്ഥാപനങ്ങളെ മൂന്നായി തരംതിരിക്കും. ലോ, മീഡിയം, ഹൈ റിസ്ക് വിഭാഗങ്ങളിൽ ആയിട്ടാണ് ഈ തരം തിരിവ്. ലോ റിസ്ക് വ്യവസായങ്ങളിൽ വർഷത്തിൽ ഒരുതവണ നേരിട്ടോ ഓൺലൈൻ ആയിട്ടോ ആയിരിക്കും പരിശോധന. ഹൈ റിസ്ക് വിഭാഗത്തിൽ മുൻകൂർ നോട്ടീസ് നൽകി മാത്രമായിരിക്കും പരിശോധന. പരിശോധനയ്ക്ക് പോകേണ്ട ഉദ്യോഗസ്ഥരുടെ പട്ടിക പ്രത്യേകം തയാറാക്കും. കിറ്റെക്‌സ് വിവാദങ്ങളുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി വിളിച്ച യോഗത്തിലാണ് തീരുമാനം.
കിറ്റെക്‌സ് എം ഡി സാബു എം ജേക്കബിന്റെ പരാമർശങ്ങൾ അതിരുകടന്നുവെന്ന് തന്നെയാണ് സർക്കാർ നിലപാട്. നിയമാനുസൃതമായി പരാതി പറയാൻ സംവിധാനം ഉണ്ടായിട്ടും അത് ഉപയോഗപ്പെടുത്തിയില്ല. പകരം സമൂഹമാധ്യമങ്ങളിലൂടെ സംസ്ഥാനത്തെ തന്നെ അധിക്ഷേപിക്കാൻ ശ്രമം നടത്തി. ഇത്തരത്തിൽ അധിക്ഷേപം കേൾക്കാൻ സർക്കാർ എന്ത് തെറ്റ് ചെയ്തു എന്നാണ് വ്യവസായമന്ത്രി പി രാജീവിന്റെ ചോദ്യം. കിറ്റക്സിന് പരാതിയുണ്ട് എന്ന് അറിഞ്ഞപ്പോൾ നേരിട്ട് വിളിക്കാൻ ശ്രമിച്ചു. എന്നാൽ സാബു ജേക്കബ് ഫോൺ എടുക്കുകയോ തിരിച്ചു വിളിക്കുകയോ ചെയ്തില്ലന്നും വ്യവസായ മന്ത്രി ആരോപിച്ചു.
കിറ്റെക്‌സ് സ്ഥാപനങ്ങളിൽ സർക്കാരിന്റെ വിവിധ വകുപ്പുകൾ നടത്തിയ പരിശോധനാഫലങ്ങൾ പരസ്യമാക്കുന്നില്ലന്ന് മന്ത്രി പി രാജീവ്. ചില വീഴ്ചകൾ കണ്ടെത്തിയിട്ടുണ്ട്, ഇത് തിരുത്താൻ സമയം നൽകി. ചിലത് തിരുത്തുകയും ചെയ്തിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. കടമ്പ്രയാർ മലിനീകരണം സംബന്ധിച്ച കൂടുതൽ പരിശോധന നടക്കേണ്ടതുണ്ട്. ബെന്നി ബഹനാനും പിടി തോമസും നൽകിയ പരാതികളുടെ അടിസ്ഥാനത്തിലാണ് ആദ്യഘട്ടത്തിൽ പരിശോധന നടന്നതെന്ന് മന്ത്രി വ്യക്തമാക്കി. സ്ഥാപനത്തിലെ വനിതാ ജീവനക്കാർ ഹൈക്കോടതി ജഡ്ജികടക്കം പരാതി നൽകിയിട്ടുണ്ട്. ഹൈക്കോടതി നിർദ്ദേശം ഉണ്ടായാൽ സർക്കാരിന് നോക്കിയിരിക്കാൻ ആവില്ലെന്ന് പറഞ്ഞു.
Also Read-കൊടകര കുഴല്‍പ്പണ കേസ്; നാളെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കഴിയില്ലെന്ന് കെ സുരേന്ദ്രന്‍
സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ പ്രതികരണം നടത്തിയ കിറ്റെക്‌സ് നടപടിയിൽ സർക്കാരിന് കടുത്ത എതിർപ്പുണ്ട്. പക്ഷേ ഇപ്പോൾ കടുത്ത നിലപാട് സ്വീകരിക്കുന്നത് വ്യവസായ അന്തരീക്ഷത്തെ തകർക്കുമെന്നാണ് സർക്കാർ വിലയിരുത്തൽ. വിവാദത്തിൽ കൂടുതൽ പ്രകോപനപരമായ നീക്കം നടത്താതെ പ്രശ്നം അവസാനിപ്പിക്കാനാണ് സർക്കാരിൻറെ ശ്രമം. സർക്കാരിൻറെ വിവിധ വകുപ്പുകൾ കിറ്റക്സ് സ്ഥാപനങ്ങളിൽ നടത്തിയ പരിശോധന എന്ന് റിപ്പോർട്ടുകൾ മുഖ്യമന്ത്രിയുടെ യോഗത്തിൽ അവലോകനം ചെയ്തു. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും ഒരു വീഴ്ചയും ഉണ്ടായിട്ടില്ലെന്നാണ് യോഗത്തിന്റെ വിലയിരുത്തൽ. ദേശീയതലത്തിൽ അടക്കം കിറ്റെക്‌സ് നീക്കം ചർച്ചയായതോടെയാണ് മുഖ്യമന്ത്രി അടിയന്തര യോഗം വിളിച്ച് ഇടപെട്ടത്. വ്യവസായ - തൊഴിൽ - ആരോഗ്യ മന്ത്രിമാരും യോഗത്തിൽ പങ്കെടുത്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Kitex group, P rajeev, Sabu Jacob, State government