തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നുണ്ടെങ്കിലും നിലവില്‍ പോളിങ് മാറ്റിവയ്ക്കേണ്ട സാഹചര്യമില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന എറണാകുളം നിയമസഭ മണ്ഡലത്തിലെ കൊച്ചി നഗരത്തില്‍ മാത്രമാണ് കാര്യമായ പ്രശ്നങ്ങളുള്ളതെന്നും ഇതെല്ലാം നിരീക്ഷിച്ചുവരികയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
എറണാകുളം ജില്ലാ കളക്ടറുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. ജില്ലാഭരണകൂടം അവിടെ എല്ലാകാര്യങ്ങളും ചെയ്യുന്നുണ്ട്. പത്തു ബൂത്തുകളില്‍ വെള്ളം കയറി. അവ മാറ്റിസ്ഥാപിച്ചു. എല്ലായിടത്തും പ്രത്യേകം പരിശോധിക്കാന്‍ നിര്‍ദേശം നല്കി. സ്ഥിതിവിശേഷങ്ങള്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നു. ഇതുവരെ പോളിങ് മാറ്റിവെയ്ക്കേണ്ട സാഹചര്യമില്ല. പോളിങ് മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് റിപ്പോര്‍ട്ടുകള്‍ കിട്ടിയിട്ടില്ല. ഒരുപക്ഷേ സമയം നീട്ടിനല്കാന് ആവശ്യപ്പെട്ടാല്‍ അക്കാര്യം ആലോചിച്ച് തീരുമാനിക്കും.
കോന്നിയില്‍ ചിലയിടങ്ങളില്‍ മാത്രമാണ് പ്രശ്നങ്ങളുള്ളത്. കോന്നിയിലെ മിക്ക ബൂത്തുകളിലും പോളിങ് സുഗമമായി നടക്കുന്നു. വെള്ളം കയറിയതിനെ തുടര്‍ന്ന് കെട്ടിടങ്ങളിലെ മുകള്‍നിലയിലേക്ക് മാറ്റിയ ബൂത്തുകളിലേക്ക് പോകാന്‍ ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്ക് പ്രത്യേക സഹായം ലഭ്യമാക്കിയിട്ടുണ്ടെന്നും ടിക്കാറം മീണ വ്യക്തമാക്കി.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.