News18 MalayalamNews18 Malayalam
|
news18-malayalam
Updated: February 7, 2020, 6:33 PM IST
കൊറോണ വൈറസ്
തിരുവനന്തപുരം: കൊറോണ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചിരുന്നത് പിൻവലിച്ചെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ. അവലോകനയോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. പുതിയ പോസിറ്റീവ് കേസുകൾ ഇല്ല. കൊറോണ ബാധിച്ചവരുമായി അടുത്ത ബന്ധം പുലർത്തിയ എല്ലാവരുടെയും റിസൾട്ട് നെഗറ്റീവാണ്. അതേസമയം
ഇനിയും നിരീക്ഷണം തുടരുമെന്നും മന്ത്രി വ്യക്തമാക്കി.
വുഹാനിൽ നിന്ന് എത്തിയ എല്ലാവരുടെയും സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചുവെന്നും മന്ത്രി അറിയിച്ചു. രണ്ട് റിസൽട്ട് കൂടിയാണ് ലഭിക്കാനുള്ളത്. ബാക്കിയെല്ലാം നെഗറ്റീവാണ്. സംസ്ഥാനത്ത് 3016 പേർ നിരീക്ഷണത്തിലുണ്ട്. ഇതിൽ 2956 പേർ വീട്ടിലും 61 പേർ ആശുപത്രിയിലുമാണെന്ന് മന്ത്രി അറിയിച്ചു.
പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യാത്തത് ആശ്വാസകരമാണെന്ന് മന്ത്രി കെ.കെ ശൈലജ പറഞ്ഞു. ഡൽഹി ക്യാംപുകളിൽ കഴിഞ്ഞ എല്ലാ മലയാളികളുടെയും റിസൽട്ട് നെഗറ്റീവാണെന്നും മന്ത്രി അറിയിച്ചു.
അതിനിടെ കൊറോണയിൽ ചൈനയിലെ മരണ സംഖ്യ 636 ആയി. ഇന്നലെ മരിച്ചത് 73 പേരാണ്. വൈറസ് ബാധയേറ്റവരുടെ എണ്ണം മുപ്പതിനായിരം കടന്നു. ചൈനക്ക് പുറത്ത് ഇരുനൂറിലേറെ പേർക്ക് കൊറോണ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ത്യയിൽനിന്നുള്ള എൺപതോളം വിദ്യാർഥികൾ ചൈനയിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും ഇവരെ നാട്ടിലെത്തിക്കാനുള്ള നടപടികൾ തുടരുകയാണെന്നും വിദേശകാര്യമന്ത്രി എസ്. ജയശങ്കർ വ്യക്തമാക്കി.
Published by:
Anuraj GR
First published:
February 7, 2020, 6:33 PM IST