തിരുവനന്തപുരം: അമ്പലപ്പുഴ പാൽപ്പയസത്തിന്റെ പേര് മാറ്റാൻ ആലോചിച്ചിട്ടില്ലെന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രൻ. പാൽപായസം കഷായമാക്കില്ല, മധുരമായി തന്നെ നിലനിൽക്കും. പേറ്റന്റ് ഇതിന് ആവശ്യമില്ല. പേര് മാറ്റിയാലേ പേറ്റന്റ് കിട്ടുള്ളു എന്നാണെങ്കിൽ ആ പേറ്റന്റ് ഈ സർക്കാർ വേണ്ടെന്ന് വെക്കുമെന്നും മധുരത്തിന്റെ പ്രതികമായ അമ്പലപ്പുഴ പാൽപ്പായസത്തെ കഷായമാക്കാൻ കുഴപ്പം പിടിച്ചവർക്കേപറ്റൂവെന്നും കടകംപള്ളി നിയമസഭയിൽ പറഞ്ഞു.
അമ്പലപ്പുഴ പാൽപ്പായസത്തിന്റെ പേര് ഗോപാല കഷായം എന്നുകൂടി ആക്കുന്നതിനെതിരെ ക്ഷേത്രഭരണസമിതിയും ചരിത്രകാരന്മാരും നേരത്തെ രംഗത്തെത്തിയിരുന്നു. അമ്പലപ്പുഴ പാൽപ്പായസം എന്ന പേര് ഉപേക്ഷിക്കില്ലെന്നും അത്തരം പ്രചരണം അടിസ്ഥാനരഹിതമാണെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ നേരത്തെ വ്യക്തമാക്കിയിരുന്നു.
അമ്പലപ്പുഴ പാൽപ്പായസം ക്ഷേത്രത്തിന് പുറത്ത് കടകളിലും മറ്റും തയാറാക്കി വിൽക്കുന്നത് ദേവസ്വം ബോർഡ് പിടികൂടിയിരുന്നു. ഇത് ഒഴിവാക്കാൻ വേണ്ടിയാണ് പായസത്തിന് പേറ്റന്റ് നേടിയെടുക്കാൻ ദേവസ്വം ബോർഡ് തീരുമാനിച്ചത്. അമ്പലപ്പുഴ പാൽപ്പായസം, ഗോപാല കഷായം എന്നീ പേരുകളിൽ പേറ്റന്റ് നേടാനായിരുന്നു ശ്രമം. ചരിത്ര രേഖകളിൽ അമ്പലപ്പുഴ പാൽപ്പായസത്തിന്, ഗോപാല കഷായം എന്നും പേര് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് ദേവസ്വം ബോർഡ് വിശദീകരിച്ചത്.
എന്നാൽ, പായസത്തിന്റെ പേരിനൊപ്പം മറ്റൊരു പേരും ചേർക്കേണ്ടതില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് ക്ഷേത്രഭരണസമിതി. ഇക്കാര്യം ആവശ്യപ്പെട്ട് ദേവസ്വം മന്ത്രിക്കും ഓംബുഡ്മാനും ഭരണസമിതി പരാതി നൽകിയിരുന്നു. ഇപ്പോൾ മന്ത്രിയും ക്ഷേത്രഭരണസമിതിയുടെ നിലപാടിനോട് യോജിച്ച നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.