കോഴിക്കോട്: കാമ്പസിൽ പരസ്യമായ ‘സ്നേഹപ്രകടനം’ പാടില്ലെന്ന കോഴിക്കോട് എൻഐടിയിലെ സർക്കുലർ വിവാദമാകുന്നു. സ്റ്റുഡന്റ്സ് ഡീൻ ഡോ. ജി. കെ. രജനീകാന്തിന്റെതാണ് സർക്കുലർ പുറത്തിറക്കിയത്. ക്യാംപസിൽ എവിടെയും പരസ്യമായ സ്നേഹപ്രകടനങ്ങൾ പാടില്ലെന്നും മറ്റു വിദ്യാർഥികൾക്കും ജീവനക്കാർക്കും അലോസരമുണ്ടാക്കുന്ന പെരുമാറ്റം പാടില്ലെന്നും സർക്കുലറിൽ പറയുന്നു.
പരസ്യമായ സ്നേഹപ്രകടനം വിദ്യാഭ്യാസ അന്തരീക്ഷത്തെ ബാധിക്കുന്നതായി സർക്കുലറിൽ ചൂണ്ടിക്കാട്ടുന്നു. പരസ്യമായ അതിരുകടന്ന സ്നേഹപ്രകടനം ക്ലാസ് മുറികളിലും റെസ്റ്റ് റൂമുകളിലും കാംപസ് മുഴുവനായും കാണപ്പെടുന്നു. ഇത് മറ്റ് വിദ്യാർഥികൾക്കും അധ്യാപകർക്കും അലോസരമുണ്ടാക്കുന്നുണ്ട്. ഇതുസംബന്ധിച്ച് പരാതികൾ ലഭിച്ചിട്ടുണ്ട്.
ക്യാമ്പസിന് അകത്തും പുറത്തും പരിധി വിട്ട സ്നേഹ പ്രകടനം പാടില്ലെന്ന് സർക്കുലർ വ്യക്തമാക്കുന്നുണ്ട്. ഇത്തരം കാര്യങ്ങൾ മറ്റ് വിദ്യാർഥികളുടെ പഠനത്തെ ബാധിക്കുന്നുവെന്നും കാണുന്നവർക്ക് അലോസരമുണ്ടാക്കുന്നുവെന്നും കാണിച്ചാണ് ഉത്തരവ്.ഇത്തരം പ്രവർത്തികളിൽ ഏർപ്പെടുന്നവർക്കെതിരെ അച്ചടക്ക നടപടിയുണ്ടാകുമെന്നും സർക്കുലറിൽ മുന്നറിയിപ്പ് നൽകുന്നുണ്ട്. സർക്കുലർ സംബന്ധിച്ച് സംശയങ്ങളുള്ളവർ സ്റ്റുഡന്റ്സ് ഡീൻ ഓഫീസുമായി ബന്ധപ്പെടണമെന്നും സർക്കുലറിലുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.