കോഴിക്കോട്: ആര് എസ് എസ് (RSS)പരിപാടിയില്‍ പങ്കെടുത്ത മുസ്ലിം ലീഗ് നേതാവ് കെ എന്‍ എ ഖാദറിനെതിരെ കടുത്ത നടപടിയുണ്ടാവില്ലെന്ന് സൂചന. പരിപാടിയില്‍ പങ്കെടുത്തത് പാര്‍ട്ടി നയത്തിന് വിരുദ്ധമാണെന്ന് നേതൃത്വം പറയുന്നുണ്ടെങ്കിലും നടപടി ശാസനയിലൊതുക്കാനാണ് സാധ്യത. ഖാദറിനോട് വിശദീകരണം തേടിയിട്ടുണ്ടെന്ന് പറഞ്ഞ മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി മറ്റു ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി.
കേസരി മന്ദിരത്തില്‍ നടന്ന സ്നേഹബോധി ഉദ്ഘാടനത്തിലും സാംസ്കാരിക സമ്മേളനത്തിലുമാണ് കെ എന്‍ എ ഖാദര്‍ പങ്കെടുത്തത്. മന്ദിരത്തിലെ ചുവര് ശില്പം അനാവരണം ചെയ്ത കെ എന്‍ എ ഖാദറിനെ ആര് എസ് എസ് നേതാവ് ജെ നന്ദകുമാര്‍ പൊന്നാട അണിയിച്ചു സ്വീകരിച്ചു. തെരഞ്ഞെടുപ്പ് സമയത്ത് ഗുരുവായൂരില്‍ കാണിക്ക അര്‍പ്പിച്ചതിനെത്തുടര്‍ന്ന് പലരും തനിക്ക് സംഘിപട്ടം ചാര്‍ത്തി തന്നെന്ന് ചടങ്ങില്‍ സംസാരിച്ച കെ എന്‍ എ ഖാദര്‍ പറഞ്ഞു. ആഗ്രഹിച്ചിട്ടും ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രവേശിക്കാനാവാത്തവര്‍ തന്നെ പോലെ നിരവധി പേരുണ്ടെന്നും കെ എന്‍ എ ഖാദര്‍ പറഞ്ഞു. പരിപാടിയില്‍ രണ്‍ജി പണിക്കര്‍, ആര്‍ട്ടിസ്റ്റ് മദനന് തുടങ്ങിയവരും പങ്കെടുത്തിരുന്നു.
Also Read-
'കെഎൻഎ ഖാദർ RSS പരിപാടിയിൽ പങ്കെടുത്തത് പാർട്ടി നയത്തിന് എതിര്; ഗൗരവത്തോടെ ചർച്ച ചെയ്യും': എംകെ മുനീർആര് എസ് എസ് പരിപാടിയിലല്ല, മറിച്ച് സാംസ്കാരിക പരിപാടിയിലാണ് പങ്കെടുത്തതെന്നാണ് വിവാദത്തില്‍ കെ എന്‍ എ ഖാദറിന്റെ വിശദീകരണം. സാംസ്കാരിക പരിപാടിയെന്ന നിലയിലാണ് കേസരിയിലെ ചടങ്ങില്‍ പങ്കെടുത്തതെന്നും ആര്‍എസ്എസിനെക്കുറിച്ച് മുസ്ലിം ലീഗില്‍ നിന്ന് വ്യത്യസ്തമായി ഒരു നിലപാടും തനിക്കില്ലെന്നും കെ എന്‍ എ ഖാദര്‍ പറഞ്ഞു. മുസ്ലിംലീഗ് അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ നടത്തുന്ന മതസൗഹാര്‍ദ സദസ്സുകളില്‍ എല്ലാ വിഭാഗം ആളുകളും എത്തുന്നുണ്ട്. നമ്മള് വിളിച്ചാല്‍ എല്ലാവരും എത്തുന്നുണ്ട്. മറുവശത്ത് നിന്നും ക്ഷണം ലഭിച്ചാല്‍ പോകേണ്ടതല്ലേയെന്ന ശുദ്ധമനസുകൊണ്ടാണ് പരിപാടിയില്‍ പങ്കെടുത്തതെന്നും കെ എന്‍ എ ഖാദര്‍ പറഞ്ഞു.
എന്നാല്‍ കെ എന്‍ എ ഖാദറിന്റെ വാദത്തെ പൂര്‍ണ്ണമായും തള്ളുകയാണ് എം കെ മുനീര്‍. പാര്‍ട്ടി ഉന്നതാധികാര സമിതിയുടെ അനുമതിയില്ലാതെയാണ് ഖാദര്‍ പരിപാടിയില്‍ പങ്കെടുത്തതെന്ന് എം കെ മുനീര്‍ പറഞ്ഞു. സി എച്ച് മുഹമ്മദ്കോയയുടെ വാക്കുകള്‍ ഉദ്ധരിച്ചാണ് ആര് എസ് എസ് പരിപാടിയില്‍ പങ്കെടുത്തത് പാര്‍ട്ടി നയങ്ങള്‍ക്ക് വിരുദ്ധമാണെന്ന് മുനീര്‍ വിശദീകരിച്ചത്. ബഹറില്‍ മുസല്ലയിട്ട് നമസ്ക്കരിച്ചാലും ആര് എസ് എസിനെ വിശ്വസിക്കരുതെന്ന് എന്റെ പിതാവ് പറഞ്ഞിട്ടുണ്ട്. ഇതാണ് ആര് എസ് എസുമായുള്ള നിലപാടിയില്‍ പാര്‍ട്ടിയുടെ നയമെന്നും മുനീര്‍ കൂട്ടിച്ചേര്‍ത്തു. ആര് എസ് എസിനേയും എന്‍ ഡി എഫിനേയും പരസ്പര പൂരകങ്ങളായാണ് പാര്‍ട്ടി കാണുന്നത്. കെ എന്‍ എ ഖാദറിന്റെ വിശദീകരണം പാര്‍ട്ടി കേള്‍ക്കുമെന്നും എം കെ മുനീര്‍ പറഞ്ഞു.
എന്നാല്‍ കെ എന്‍ എ ഖാദറിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച എം കെ മുനീറിന്റെ നിലപാടല്ല ഇക്കാര്യത്തില്‍ പി കെ കുഞ്ഞാലിക്കുട്ടിയടക്കമുള്ള മുസ്ലിം ലീഗ് നേതൃത്വത്തിനുള്ളത്. കെ എന്‍ എ ഖാദറിനോട് വിശദീകരണം തേടിയെന്നും മറുപടി പരിശോധിക്കുമെന്നുമായിരുന്നു പി കെ കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. കെ എന്‍ എ ഖാദറിന്റെ വിശദീകരണം പാര്‍ട്ടി പരിശോധിക്കും. വാര്‍ത്ത അറിഞ്ഞപ്പോള്‍ തന്നെ കെ എന്‍ എ ഖാദറിനോട് വിശദീകരണം തേടിയിരുന്നു. ആർ എസ് എസ് വേദികളിൽ മുസ്ലിം ലീഗ് നേതാക്കള്‍ പങ്കെടുക്കാറില്ലെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. വിവാദമുണ്ടാക്കുന്നത് മാധ്യമങ്ങളാണെന്ന് പറഞ്ഞ കുഞ്ഞാലിക്കുട്ടി ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറുകയും ചെയ്തു.
കെ എന്‍ എ ഖാദറിനെതിരെ കടുത്ത നടപടിയുണ്ടായാല്‍ ബി ജെ പി അത് രാഷ്ട്രീയമായി ഉപയോഗിക്കുമെന്നാണ് മുസ്ലിം ലീഗ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. ഇത് മുന്നില്‍ കണ്ടാണ് കരുതലോടെയുള്ള പ്രതികരണമെന്നും സൂചനയുണ്ട്. സംഭവം വിവാദമായതോടെ നടപടിയെടുക്കാതിരിക്കാനും കഴിയില്ല. അതുകൊണ്ട് നടപടി ശാസനയിലൊതുക്കുമെന്നാണ് സൂചന. നിലവില്‍ മുസ്ലീം ലീഗിന്റെ ദേശീയ സമിതി അംഗവും സംസ്ഥാന എക്സിക്യൂട്ടീവ് അംഗവുമാണ് കെ എന്‍ എ ഖാദര്‍. പ്രവാചക നിന്ദയ്ക്കും ബുൾഡോസർ രാജിനുമെതിരെ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വ്യാപക പ്രതിഷേധം സംഘടിപ്പിച്ച ദിവസം തന്നെയാണ് കെ എന്‍ എ ഖാദര്‍ ആർ എസ് എസ് വേദിയിൽ എത്തിയത് എന്നതും ശ്രദ്ധേയമാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.