തിരുവനന്തപുരം: നിയമ പ്രശ്നങ്ങൾ നേരിടുന്നവർക്കും, ജയിലിൽ കഴിയുന്ന മലയാളികളായ പ്രവാസികൾക്കും മലയാളികളായ അഭിഭാഷകരുടെ സൗജന്യ സേവനം ലഭ്യമാക്കുകയാണ് നോർക്ക റൂട്ട്‌സ്. പ്രവാസി നിയമ സഹായ പദ്ധതിയിലൂടെ ഒമാനിലെ പോലീസ് കസ്റ്റഡിയിൽ നിന്നും മോചിതനായ ആദ്യ മലയാളി തിരുവനന്തപുരം സ്വദേശി ബിജു സുന്ദരേശൻ നാട്ടിലെത്തി. തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയ ബിജുവിനെ നോർക്ക റൂട്ട്‌സ് പ്രതിനിധികളും കുടുംബങ്ങളും ചേർന്ന് സ്വീകരിച്ചു.
വിസയും ലേബർ പെർമിറ്റും അവസാനിച്ചതിനെ തുടർന്ന് ഒമാനിലെ ജയിലിൽ ആയിരുന്നു ബിജു. സ്‌പോൺസറും ബിജുവും തമ്മിലുള്ള കേസുകളെ തുടർന്നാണ് പോലീസ് കസ്റ്റഡിയിലായത്. കേസ് വിശദമായി പരിശോധിച്ച നോർക്ക റൂട്ട്‌സ് ഉദ്യോഗസ്ഥർ ഒമാനിലെ നോർക്കയുടെ ലീഗൽ കൺസൾട്ടന്റായ അഡ്വ. ഗിരീഷ് ആത്രങ്ങാടന് കേസ് കൈമാറി. തുടർന്നുള്ള നിയമ ഇടപെടലുകളെ തുടർന്ന് ബിജുവിന് എതിരെയുണ്ടായിരുന്ന കേസുകൾ പിൻവലിക്കുകയും ലേബർ ഫൈൻ, ക്രിമിനൽ നടപടികൾ എന്നിവയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. എട്ട് വർഷമായി ഒമാനിൽ ജോലി ചെയ്ത് വരികയായിരുന്നു തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയായ ബിജു.
പ്രവാസി നിയമസഹായ സെൽ പദ്ധതിയുടെ കീഴിൽ കുവൈറ്റ്, ഒമാൻ, ബഹ്‌റൈൻ, യു.എ.ഇ, സൗദി അറേബ്യ, ഖത്തർ എന്നീ സ്ഥലങ്ങളിലേക്കാണ് നോർക്ക ലീഗൽ കൺസൾട്ടന്റ്മാരെ (NLC) നിയമിച്ചിട്ടുള്ളത്. തങ്ങളുടേതല്ലാത്ത കുറ്റങ്ങൾക്കും, ചെറിയ കുറ്റകൃത്യങ്ങൾക്കും വിദേശ ജയിലുകളിൽ കഴിയുന്ന നിരപരാധികളായ പ്രവാസി മലയാളികൾക്ക് നിയമ സഹായം നൽകുന്നതാണ് ഈ പദ്ധതി.
Published by:user_49
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.