• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'യുക്രെയ്ൻ വിഷയത്തിൽ കേന്ദ്ര സർക്കാർ സ്വീകരിച്ച നടപടി പൂരം കഴിഞ്ഞ് വെടിക്കെട്ട് നടത്തിയ പോലെ'; നോർക്ക വൈസ് ചെയർമാൻ

'യുക്രെയ്ൻ വിഷയത്തിൽ കേന്ദ്ര സർക്കാർ സ്വീകരിച്ച നടപടി പൂരം കഴിഞ്ഞ് വെടിക്കെട്ട് നടത്തിയ പോലെ'; നോർക്ക വൈസ് ചെയർമാൻ

റഷ്യയുടെ സഹായത്തോടെ  നേരത്തെ തന്നെ കുട്ടികളെ രക്ഷപ്പെടുത്താൻ കഴിയുന്ന സാഹചര്യം ഉണ്ടായിരുന്നു.

  • Share this:
കൊച്ചി: യുക്രെയ്നിൽ അകപ്പെട്ട വിദ്യാർത്ഥികളെ നാട്ടിലെത്തിക്കാൻ കേന്ദ്ര - സംസ്ഥാന സർക്കാരുകൾ ശ്രമിക്കുന്നതിനിടയിലാണ് കേന്ദ്ര സർക്കാർ നടപടിയെ വിമർശിച്ചുകൊണ്ട് നോർക്ക വൈസ് ചെയർമാൻ പി ശ്രീരാമകൃഷ്ണൻ രംഗത്ത് വന്നത്. കീവിലും, ഖാർകീവിലും അകപ്പെട്ട വിദ്യാർത്ഥികളെ സഹായിക്കാൻ കേന്ദ്ര സർക്കാർ സ്വീകരിച്ച  രക്ഷാദൗത്യം മന്ദഗതിയിലായിരുന്നു. റഷ്യയുടെ സഹായത്തോടെ  നേരത്തെ തന്നെ കുട്ടികളെ രക്ഷപ്പെടുത്താൻ കഴിയുന്ന സാഹചര്യം ഉണ്ടായിരുന്നു. ഈ കാര്യം ചൂണ്ടിക്കാണിച്ച് മുഖ്യമന്ത്രി നേരത്തെ പ്രധാനമന്ത്രിക്ക് കത്ത് അയച്ചിരുന്നു. ഇപ്പോൾ സ്വീകരിച്ച നടപടി നാല് ദിവസം മുൻപ് സ്വീകരിക്കാമായിരുന്നു. അത് പ്രയോജനപ്പെടുത്തുന്നതിൽ കാലതാമസം ഉണ്ടായി. പൂരം കഴിഞ്ഞ് വെട്ടിക്കെട്ട് നടത്തിയപോലെയായി കേന്ദ്രസർക്കാർ നടപടിയെന്നും അദ്ദേഹം പറഞ്ഞു.

ശക്തമായ യുദ്ധം നടക്കുന്ന കീവിലും, ഖാർകീവിലും കഴിയുന്ന വിദ്യാർത്ഥികളോട് എങ്ങനെയെങ്കിലും നഗരം വിടണമെന്നാണ് സർക്കാർ പറയുന്നത്. ഭക്ഷണവും, വെളളവും ലഭിക്കാതെ കഴിയുന്ന കുട്ടികൾക്ക് റൂമിന് പുറത്തിറങ്ങുവാൻ കഴിയാത്ത സ്ഥിതിയാണ്. ഈ സാഹചര്യത്തിൽ എങ്ങനെയാണ് അവിടെ നിന്നും ആ വിദ്യാർത്ഥികൾക്ക് സഞ്ചരിക്കുവാൻ കഴിയുന്നത്. വാഹനങ്ങൾ ഇല്ലാതെ ഷെല്ലാക്രമണം നടക്കുന്നതിന് നടുവിലുടെ നടന്ന് പോവണമെന്നാണ് കുട്ടികളോട് കേന്ദ്ര സർക്കാർ പറയുന്നത്. വിദ്യാർത്ഥികൾ അവരുടെ ആശങ്ക പങ്കുവെച്ച് കൊണ്ട് നോർക്കയുമായി നിരന്തരം ബന്ധപ്പെടുകയാണ്. നിലവിൽ 3500 നും 4000 നും ഇടയിൽ വിദ്യാർത്ഥികളാണ് നാട്ടിലേക്ക് മടങ്ങി വരുവാൻ നോർക്കയിൽ രജിസ്റ്റർ ചെയ്തിരിക്കുന്നതെന്നും നോർക്ക വൈസ് ചെയർമാൻ പി ശ്രീരാമകൃഷ്ണൻ പറഞ്ഞു.

Also read- Air India Express | കൊച്ചിയിൽനിന്ന് ബുഡാപെസ്റ്റിലേക്ക് എയർഇന്ത്യാ എക്സ്പ്രസ്; യാത്രക്കാരെ മുംബൈയിലേക്ക് എത്തിക്കും

അതേസമയം യുക്രെയിനിൽ നിന്ന് ഡല്‍ഹിയില്‍ എത്തുന്നവരെ കേരളത്തിലേക്ക് കൊണ്ടുവരാന്‍ ഇന്ന് മൂന്ന് ചാര്‍ട്ടേഡ് വിമാനങ്ങള്‍ സംസ്ഥാന സർക്കാർ ഏർപ്പെടുത്തി. ആദ്യ വിമാനം രാവിലെ 9.30ന് ഡല്‍ഹിയില്‍ നിന്നും തിരിക്കും. രണ്ടാമത്തേത് ഉച്ചക്ക് 3.30 നും മൂന്നാമത്തേത് വൈകുന്നേരം 6.30 നും ഡല്‍ഹിയില്‍ നിന്ന് പുറപ്പെടും.

കൊച്ചി വിമാനത്താവളത്തില്‍ നിന്നും തിരുവനന്തപുരത്തേക്കും കാസര്‍കോട്ടേക്കും ബസ്സ് സര്‍വീസുണ്ടാകും. കൊച്ചിയിൽ എത്തുന്നവരെ സ്വീകരിക്കാന്‍ വനിതകളടക്കമള്ള നോര്‍ക്ക ഉദ്യോഗസ്ഥ സംഘം 24 മണിക്കൂറും പ്രവര്‍ത്തിച്ചു വരുന്നു. കേരളത്തിലെ നാല് വിമാനത്താവളങ്ങളിലും നോര്‍ക്കയുടെ പ്രത്യേക ടീമുകൾ പ്രവര്‍ത്തനനിരതമാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

Also read- NORKA | യുക്രെയ്നിലുള്ള പലരുടെയും വിവരങ്ങള്‍ നോര്‍ക്കയിലില്ല; രജിസ്ട്രേഷന്‍ അനിവാര്യമെന്ന് പി.ശ്രീരാമകൃഷ്ണന്‍

അതേസമയം യുദ്ധം തുടങ്ങി എട്ടാം ​ദിവസവും റഷ്യ പിന്നോട്ടില്ല. സകലതും തകർത്തെറിഞ്ഞ് യുക്രെയ്ൻ നഗരങ്ങളിൽ റഷ്യ ആക്രമണം കടുപ്പിക്കുകയാണ്. കീവിലും ഖാർകീവിലും കഴിഞ്ഞ രാത്രിയും ഷെല്ലാക്രമണവും സ്ഫോടനവും തുടർന്നു. കൂടുതൽ ജനവാസ കേന്ദ്രങ്ങളെ റഷ്യ ലക്ഷ്യം വയ്ക്കുന്നുവെന്നാണ് അമേരിക്കയുടെ മുന്നറിയിപ്പ്. വിനാശകരമായ ആയുധങ്ങൾ റഷ്യ ഉപയോഗിക്കുമെന്നും മുന്നറിയിപ്പ് ഉണ്ട്. യുക്രെയ്ൻ പട്ടാളത്തെ കൊന്നൊടുക്കാൻ ശ്രമമെന്നും അമേരിക്ക വിലയിരുത്തുന്നു. ഒരാഴ്ചയ്ക്കിടെ 9000 റഷ്യൻ പട്ടാളക്കാർ കൊല്ലപ്പെട്ടെന്ന് യുക്രെയ്ൻ പ്രസിഡന്‍റ്  വോളോഡിമിർ സെലെൻസ്കി വ്യക്തമാക്കി.
Published by:Naveen
First published: