• HOME
  • »
  • NEWS
  • »
  • kerala
  • »
  • Norovirus | വയനാട്ടില്‍ നോറോ വൈറസ് സാനിധ്യം സ്ഥിരീകരിച്ചു; ജാഗ്രത കര്‍ശനമാക്കി അതിര്‍ത്തി പ്രദേശങ്ങള്‍

Norovirus | വയനാട്ടില്‍ നോറോ വൈറസ് സാനിധ്യം സ്ഥിരീകരിച്ചു; ജാഗ്രത കര്‍ശനമാക്കി അതിര്‍ത്തി പ്രദേശങ്ങള്‍

വൈറസ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അതിര്‍ത്തി പ്രദേശങ്ങളില്‍ ബോധവത്ക്കരണം ആരംഭിച്ചു

  • Share this:
    വയനാട്‌: വയനാട്ടില്‍ നോറോ വൈറസ് സാനിധ്യം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കര്‍ണ്ണാടക അടക്കമുള്ള പ്രദേശങ്ങളില്‍ ജാഗ്രത കര്‍ശനമാക്കി. മൈസൂരു ആരോഗ്യ വിഭാഗവും ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

    സംസ്ഥാനത്തു നിന്നും ദിവസേന നൂറുകണക്കിന് വാഹനങ്ങള്‍ എത്തുന്നതും, ട്രൈബല്‍ വിഭാഗത്തിലള്ളവര്‍ കൂടുതലായുമുള്ള കോട്ടെ താലൂക്കില്‍ നിയന്ത്രണവും നിരീക്ഷണവും ശക്തമാക്കി.

    വൈറസ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അതിര്‍ത്തി പ്രദേശങ്ങളില്‍ ബോധവത്ക്കരണം ആരംഭിച്ചു. ആശ വര്‍ക്കര്‍മാര്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, അംഗണവാടി പ്രവര്‍ത്തകര്‍ എന്നിവരെ പങ്കെടുപ്പിച്ചാണ് ബോധവത്ക്കരണം നല്‍കിയത്. കേരളത്തില്‍ നിന്നും എത്തുന്നവര്‍ക്ക് രോഗ ലക്ഷണങ്ങളുണ്ടായാല്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

    ഉദരസംബന്ധമായ അസുഖം ഉണ്ടാക്കുന്ന ഒരു കൂട്ടം വൈറസുകളാണ് നോറോ വൈറസുകള്‍. ആമാശയത്തിന്റെയും കുടലിന്റെയും ആവരണത്തിന്റെ വീക്കത്തിനും കടുത്ത ഛര്‍ദ്ദി, വയറിളക്കം എന്നിവയ്ക്കും ഈ വൈറസ് കാരണമാകുന്നു. ആരോഗ്യമുള്ളവരില്‍ നോറോ വൈറസ് കാര്യമായി ബാധിക്കില്ലെങ്കിലും ചെറിയ കുട്ടികള്‍, പ്രായമായവര്‍, മറ്റ് അനുബന്ധ രോഗങ്ങളുള്ളവര്‍ എന്നിവരെ ബാധിച്ചാല്‍ ഗുരുതരമാകാന്‍ സാധ്യതയുണ്ട്.

    രോഗം പകരുന്നതെങ്ങനെ?

    നോറോ വൈറസ് ഒരു ജന്തുജന്യ രോഗമാണ്. മലിനമായ ജലത്തിലൂടെയും, ഭക്ഷണത്തിലൂടെയുമാണ് രോഗം പകരുന്നത്. രോഗബാധയുള്ള വ്യക്തികളുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും രോഗം പടരും. രോഗ ബാധിതനായ ആളിന്റെ വിസര്‍ജ്യം വഴിയും ഛര്‍ദ്ദില്‍ വഴിയും വൈറസ് പടരും. വളരെപ്പെട്ടന്ന് രോഗം പകരുന്നതിനാല്‍ വളരെയേറെ ശ്രദ്ധിക്കണം.

    രോഗ ലക്ഷണങ്ങള്‍

    വയറിളക്കം, വയറുവേദന, ഛര്‍ദ്ദി, മനംമറിച്ചില്‍, പനി, തലവേദന, ശരീരവേദന തുടങ്ങിയവയാണ് നോറോ വൈറസ് രോഗ ലക്ഷണങ്ങള്‍. ഛര്‍ദ്ദി, വയറിളക്കം എന്നിവ മൂര്‍ച്ഛിച്ചാല്‍ നിര്‍ജലീകരണം സംഭവിക്കുകയും ഗുരുതരാവസ്ഥയിലേക്ക് പോകുകയും ചെയ്യും. അതിനാലാണ് ഈ വൈറസിനെ ഭയക്കേണ്ട കാരണം.

    Also Read - ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം ശക്തിപ്രാപിച്ചു; കനത്ത മഴയ്ക്ക് സാധ്യത; 9 ജില്ലകളിൽ യെല്ലോ അലർട്ട്

    രോഗം ബാധിച്ചാല്‍ എന്ത് ചെയ്യണം

    വൈറസ് ബാധിതര്‍ ഡോക്ടറുടെ നിര്‍ദേശാനുസരണം വീട്ടിലിരുന്ന് വിശ്രമിക്കണം. ഒ.ആര്‍.എസ് ലായനി, തിളപ്പിച്ചാറ്റിയ വെള്ളം എന്നിവ നന്നായി കുടിക്കേണ്ടതുമാണ്. ആവശ്യമെങ്കില്‍ ചികിത്സ ലഭ്യമാക്കണം. രോഗം മാറി രണ്ട് ദിവസങ്ങള്‍ വരെ വൈറസ് പടരാന്‍ സാധ്യതയുള്ളതിനാല്‍ രണ്ട് ദിവസം കഴിഞ്ഞ് മാത്രമേ പുറത്തിറങ്ങാന്‍ പാടുള്ളൂ.

    ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

    · പരിസര ശുചിത്വവും വ്യക്തി ശുചിത്വവും ഏറെ പ്രധാനമാണ്.
    · ആഹാരത്തിനു മുമ്പും, ടോയ്‌ലെറ്റില്‍ പോയതിന് ശേഷവും കൈകള്‍ സോപ്പുപയോഗിച്ച് നന്നായി കഴുകുക.
    · മൃഗങ്ങളുമായി ഇടപഴകുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം.
    · കുടിവെള്ള സ്രോതസുകള്‍, കിണര്‍, വെള്ളം ശേഖരിച്ചു വച്ചിരിക്കുന്ന ടാങ്കുകള്‍ തുടങ്ങിയവ ബ്ലീച്ചിങ് പൗഡര്‍ ഉപയോഗിച്ച് ക്ലോറിനേറ്റ് ചെയ്യുക.
    · ഗാര്‍ഹിക ആവശ്യങ്ങള്‍ക്ക് ക്ലോറിനേറ്റ് ചെയ്ത വെള്ളം ഉപയോഗിക്കുക.
    · തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കാന്‍ ഉപയോഗിക്കുക.
    · പഴങ്ങളും പച്ചക്കറികളും നന്നായി കഴുകിയതിന് ശേഷം മാത്രം ഉപയോഗിക്കുക.
    · പഴകിയതും തുറന്നുവെച്ചതുമായ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കാതിരിക്കുക.
    · കടല്‍ മത്സ്യങ്ങളും, ഞണ്ട്, കക്ക തുടങ്ങിയ ഷെല്‍ഫിഷുകളും നന്നായി പാകം ചെയ്തതിന് ശേഷം മാത്രം കഴിക്കുക.
    Published by:Karthika M
    First published: