തിരുവനന്തപുരം: ഭക്ഷ്യ വിഷബാധയുണ്ടായ വിഴിഞ്ഞത്തെ എല്‍ എം എല്‍ പി സ്കൂളിലെ രണ്ട് കുട്ടികളില്‍ നോറോ വൈറസ്(Norovirus) സാന്നിധ്യം കണ്ടെത്തി. തീരദേശ മേഖലയായ വിഴിഞ്ഞത്തെ സ്കൂളില്‍ നിന്ന് സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടിയ കുട്ടികളുടെ മലം സ്റ്റേറ്റ് പബ്ലിക് ഹെല്‍ത്ത് ലാബില്‍ പരിശോധനയ്ക്ക് അയച്ചിരുന്നു. ഇതില്‍ രണ്ട് പേരിലാണ് നോറോ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചത്.
വിഴിഞ്ഞത്ത് ഇന്ന് 5 കുട്ടികള്‍ കൂടി അസ്വസ്ഥകതകളുമായി ചികിത്സ തേടി. കായംകുളത്തെയും കൊട്ടാരക്കരയിലെയും ഭക്ഷ്യവിഷബാധയുടെ ഉറവിടം കണ്ടെത്താന്‍ പരിശോധനാ ഫലം കാത്തിരിക്കുകയാണ് വിദ്യാഭ്യാസ, ആരോഗ്യ വകുപ്പുകള്‍. കൊട്ടാരക്കരയിലെ അംഗന്‍വാടിയില്‍ 35 കിലോ പുഴുവും ചെള്ളും നിറഞ്ഞ അരി കണ്ടെത്തിയിരുന്നു.
ശുചിത്വമില്ലാത്ത ഭക്ഷണം, വെള്ളം, ശുചിത്വമില്ലാത്ത സാഹചര്യം എന്നിവയിലൂടെയാണ് നോറോ വൈറസ് വരിക. പകര്‍ച്ചാ ശേഷിയും കൂടുതലാണ്. രോഗ ബാധിതനായ ആളിന്റെ വിസര്‍ജ്യം വഴിയും ഛര്‍ദ്ദില്‍ വഴിയും വൈറസ് പടരും. കൂടുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സമാന സംഭവം ആവര്‍ത്തിക്കാനുള്ള സാധ്യത മുന്‍കൂട്ടിക്കണ്ടാണ് ഭക്ഷ്യ - വിദ്യാഭ്യാസ മന്ത്രിമാര്‍ ചര്‍ച്ച നടത്തുന്നത്.
നോറോ വൈറസ് രോഗ ലക്ഷണങ്ങള്‍ വയറിളക്കം, വയറുവേദന, ഛര്‍ദ്ദി, മനംമറിച്ചില്‍, പനി, തലവേദന, ശരീരവേദന തുടങ്ങിയവയാണ് നോറോ വൈറസ് രോഗ ലക്ഷണങ്ങള്‍. ഛര്‍ദ്ദി, വയറിളക്കം എന്നിവ മൂര്‍ച്ഛിച്ചാല്‍ നിര്‍ജലീകരണം സംഭവിക്കുകയും ഗുരുതരാവസ്ഥയിലേക്ക് പോകുകയും ചെയ്യും. അതിനാലാണ് ഈ വൈറസിനെ ഭയക്കേണ്ട കാരണം.
രോഗം ബാധിച്ചാല്‍ എന്ത് ചെയ്യണം വൈറസ് ബാധിതര്‍ ഡോക്ടറുടെ നിര്‍ദേശാനുസരണം വീട്ടിലിരുന്ന് വിശ്രമിക്കണം. ഒ.ആര്.എസ് ലായനി, തിളപ്പിച്ചാറ്റിയ വെള്ളം എന്നിവ നന്നായി കുടിക്കേണ്ടതുമാണ്. ആവശ്യമെങ്കില്‍ ചികിത്സ ലഭ്യമാക്കണം. രോഗം മാറി രണ്ട് ദിവസങ്ങള്‍ വരെ വൈറസ് പടരാന്‍ സാധ്യതയുള്ളതിനാല്‍ രണ്ട് ദിവസം കഴിഞ്ഞ് മാത്രമേ പുറത്തിറങ്ങാന്‍ പാടുള്ളൂ.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.