#ഉമേഷ് ബാലകൃഷ്ണന്
തിരുവനന്തപുരം: സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം വര്‍ഷവും പ്രളയം സൃഷ്ടിച്ച് തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം പിന്‍വാങ്ങി തുടങ്ങി. പൂര്‍ണമായി പിന്‍വാങ്ങാന്‍ ഒരാഴ്ച കൂടി എടുത്തേക്കും. ഇനി വരാനുള്ളത് തുലാവര്‍ഷം അഥവ വടക്ക് കിഴക്കന്‍ കാലവര്‍ഷത്തിന്റെ ദിവസങ്ങള്‍. ഈ ആഴ്ചതന്നെ വടക്ക് കിഴക്കന്‍ കാലവര്‍ഷം എത്തുമെന്നാണ് കണക്ക് കൂട്ടല്‍. സൂചനകള്‍ ശരിയായാല്‍ 17നോ 20നോ തമിഴ്നാട്ടില്‍ വടക്ക് കിഴക്കന്‍ കാറ്റെത്തി മഴ തുടങ്ങിയേക്കും. അങ്ങനെയെങ്കില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ നേരത്തെയാകും തുലാവര്‍ഷത്തിന്റെ വരവ്. ഒക്ടോബര്‍ ഒന്നു മുതല്‍ പെയ്യുന്ന മഴ വടക്ക് കിഴക്കന്‍ കാലവര്ഷമഴയായി തന്നയാകും കണക്കാക്കുന്നത്. എന്നാല്‍, മണ്‍സൂണ്‍ പിന്‍വാങ്ങി തുടങ്ങിയെങ്കിലും ഇപ്പോഴും ലഭിച്ചുകൊണ്ടിരിക്കുന്ന മഴ തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ മഴയാണ്.
തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ പിന്‍വാങ്ങലില്‍ റെക്കോര്‍ഡ് വേഗം
സംസ്ഥാനത്ത് ഇത്തവണ മണ്‍സൂണ്‍ ഒരാഴ്ചയോളം താമസിച്ചായിരുന്നു എത്തിയത്. ജൂണ്‍ ഒന്നിന് എത്തേണ്ട മണ്‍സൂണ്‍ ജൂണ്‍ 8നാണ് എത്തിയത്. 41 ദിവസമെടുത്ത് ജൂലൈ 19ന് രാജ്യം മുഴുവന്‍ മഴ എത്തി. പിന്‍വാങ്ങല്‍ ആരംഭിച്ചത് ഈ മാസം 9ന് മാത്രം. കഴിഞ്ഞ വര്‍ഷം 22 ദിവസമെടുത്തു കാലവര്‍ഷം പൂര്‍ണമായി പിന്‍വാങ്ങാന്‍. എന്നാല്‍, ഇത്തവണ ഇത് നേരത്തെയാകുമെന്നാണ് സൂചനകള്‍. അതായത് 17നോ 20നോ തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ പിന്‍വാങ്ങാനാണ് സാധ്യത. അതായത്, പത്ത് ദിവസത്തിനുള്ളില്‍ മണ്‍സൂണ്‍ പൂര്‍ണമായി പിന്‍വാങ്ങുമെന്ന് ചുരുക്കം. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ കണക്ക് പ്രകാരം സെപ്തംബര്‍ 30 വരെ, ലഭിക്കുമെന്ന് പ്രവചിച്ചതിനെക്കാള്‍ 13 ശതമാനം അധികമഴയാണ് കേരളത്തിന് ലഭിച്ചത്. തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് പ്രവചനത്തെക്കാള്‍ കൂടുതല്‍ മഴ കേരളത്തിന് ലഭിക്കുന്നത്. കാലവര്‍ഷം പൂര്‍ണായി പിന്‍വാങ്ങിയാല്‍ തുലാവര്‍ഷം അഥവ വടക്ക് കിഴക്കന്‍ മണ്‍സൂണ്‍ പ്രഖ്യാപനമുണ്ടാകും.
തുലാവര്‍ഷം 17ന് ?
തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ പിന്‍വാങ്ങിയാല്‍ ഈ മാസം 17ന് തുലാവര്‍ഷം പ്രഖ്യാപിക്കാനാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ കണക്കുകൂട്ടല്‍. ചിലപ്പോള്‍ 20 വരെ നീണ്ട് പോയേക്കാം. തുലാവര്‍ഷ പ്രഖ്യാപനത്തിന് മൂന്ന് നിബന്ധനകള്‍ പൂര്‍ത്തിയായിരിക്കണം.
1. അക്ഷാംശം 15*N (15ഡിഗ്രി നോര്‍ത്ത് ) വരെ തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ പിന്‍വലിഞ്ഞിരിക്കണം
2. തമിഴ്നാട് തീരത്ത് കിഴക്കൻ കാറ്റിന്റെ സാന്നിധ്യമുണ്ടാകണം
3. തമിഴ്നാട് തീരത്ത് 1.5 കിലോമീറ്റര്‍ ഉയരത്തില്‍ വരെ കിഴക്കന്‍ കാറ്റ് കൂടാതെ തീരദേശ തമിഴ്നാട്ടിലും സമീപപ്രദേശങ്ങളിലും വ്യാപകമായ മഴയും ഉണ്ടാകാണം.
ഈ നിബന്ധനകള്‍ എല്ലാം ഉണ്ടെങ്കിലും ഒക്ടോബര്‍ 10ന് മുമ്പ് തുലാവര്‍ഷം ആരംഭിച്ചതായ് പ്രഖ്യാപിക്കില്ല എന്ന നിബന്ധന കൂടി ഉണ്ട്. കഴിഞ്ഞ വര്‍ഷം നവംബര്‍ ഒന്നിനായിരുന്നു തുലാവര്‍ഷം ആരംഭിച്ചത്. 465 മില്ലീമീറ്റര്‍ മഴ ലഭിച്ചപ്പോള്‍, പ്രവചനത്തേക്കാള്‍ മൂന്നു ശതമാനം കുറവാണ് മഴ ലഭിച്ചത്. ഒക്ടോബര്‍ ഒന്ന് മുതല്‍ ഡിസംബര്‍ 31 വരെയാണ് തുലാവര്‍ഷം കണക്കാക്കുന്നത്.
തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ വേഗത്തിലാകുന്നത് തുലവര്ഷത്തെ ഏത് രീതിയില്‍ ബാധിക്കുമെന്നതും അറിയേണ്ടതുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Monsoon, Monsoon in Kerala, Pre monsoon rains in Kerala