തിരുവനന്തപുരം: കോവിഡ് ജാഗ്രതയുടെ പശ്ചാത്തലത്തിൽ അവശ്യ സർവീസ് ആയി പ്രഖ്യാപിച്ചവയൊഴികെയുള്ള സർക്കാർ വിഭാഗങ്ങളുടെ പ്രവർത്തനം നാമമാത്രമാണ്. ഓഫീസുകൾ തുറക്കുന്നു എന്നതിനപ്പുറത്തേക്ക് ജീവനക്കാരില്ലാത്തതിനാൽ സർക്കാർ ഓഫീസുകൾ പ്രവർത്തിക്കുന്നതേയില്ല. സംസ്ഥാനത്തെ ട്രഷറികളുടെ പ്രവർത്തനവും ഇതേ നിലയിൽ ആയിരുന്നു.
പക്ഷേ ട്രഷറികളിൽ ഏറ്റവും തിരക്കേറിയ ദിവസങ്ങളാണ് മുന്നിലുള്ളത്. സാമ്പത്തിക വർഷാവസാനത്തെ തിരക്കുകൾക്ക് പുറമേ ശമ്പളവും പെൻഷനും വിതരണം ചെയ്യണം. ഇതോടെ കുറഞ്ഞ ജീവനക്കാരെ വെച്ച് എങ്ങനെയും ഓഫീസുകൾ പ്രവർത്തിപ്പിക്കേണ്ട അവസ്ഥയിലാണ് ട്രഷറി വകുപ്പ്.
പുതിയ ക്രമീകരണങ്ങൾ
പുതിയ സാഹചര്യം കണക്കിലെടുത്ത് ട്രഷറികളുടെ പ്രവർത്തനത്തിൽ പുതിയ ക്രമീകരണങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. കാസർഗോഡ് ഒഴികെയുള്ള ജില്ലകളിൽ കുറഞ്ഞ ജീവനക്കാരെ വെച്ച് പരമാവധി ഓഫീസ് പ്രവർത്തിക്കാനാണ് ട്രഷറി ഡയറക്ടറുടെ നിർദേശം. സർക്കാരിൻറെ സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം. ആവശ്യമെങ്കിൽ ജില്ലാ ട്രഷറികളുടെ പരിധിക്കുള്ളിൽ ജീവനക്കാരെ പുനർവിന്യസിക്കാം. ഏപ്രിൽ മാസത്തെ ആദ്യ ആറ് ദിനങ്ങളിൽ പരമാവധി ജീവനക്കാരെയും വിന്യസിച്ച് ട്രഷറികളെ സജീവമാക്കി നിർത്താൻ ആണ് സർക്കാർ നിർദേശം.
വീടിനടുത്ത് ജോലി ചെയ്യാം
ട്രഷറി ജീവനക്കാർക്ക് പ്രതിസന്ധി കാലത്ത് വീടിനു സമീപത്തെ ഓഫീസുകളിൽ ജോലി ചെയ്യാം. വീട്ടിൽ നിന്നും ദൂരെ ഉള്ള സ്ഥലങ്ങളിൽ ജോലിക്ക് ഹാജരായിരുന്നവർക്ക് വേണ്ടിയാണ് ഈ സൗകര്യം ഒരുക്കുന്നത്. സുരക്ഷാ നിർദേശങ്ങൾ പാലിച്ച് പരമാവധി ജീവനക്കാരെ ഓഫീസുകളിൽ എത്തിക്കുകയാണ് ലക്ഷ്യം.
പൊതുഗതാഗത സംവിധാനങ്ങൾ ഇല്ലാത്തതിനാൽ ഈ സംവിധാനം നേട്ടമാണ്. സ്വന്തം ഐഡൻറിറ്റി കാർഡുമായി സമീപിച്ച് ജീവനക്കാർക്ക് വീടിനു സമീപത്തെ ഓഫീസുകളിൽ ജോലി ചെയ്യാം എന്നാണ് പുതിയ നിർദ്ദേശം.
കാസർഗോഡ് പ്രത്യേക നിയന്ത്രണം
കാസർഗോഡ് ജില്ലയുടെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ട്രഷറികളുടെ പ്രവർത്തനത്തിൽ പുതിയ ക്രമീകരണം കൊണ്ടുവന്നിട്ടുണ്ട്. ഈ മാസം ജില്ലാ ട്രഷറി മാത്രമായിരിക്കും പ്രവർത്തിക്കുക. സർക്കാരിൻറെ എല്ലാവിധ പെയ്മെൻറുകളും ജില്ലാ ട്രഷറി വഴി നടത്താനാണ് നിർദ്ദേശം. എന്നാൽ ശമ്പളം പെൻഷൻ വിതരണത്തിനായി അടുത്തമാസം ആദ്യം ജില്ലയിലെ എല്ലാ ട്രഷറികൾ പ്രവർത്തിക്കാനും നിർദ്ദേശമുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Corona, Corona in Kerala, Corona News, Corona outbreak, Corona virus, Corona Virus in Kerala, Corona virus outbreak, Corona virus spread, COVID19, Modi, Treasuries in kerala, കൊറോണ, കോവിഡ് 19