ന്യൂഡല്‍ഹി: ലോക്സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ സീറ്റുകള്‍ ഒരു കക്ഷിക്കും വിട്ടുകൊടുക്കില്ലെന്ന് കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന സൂചനയും അദ്ദേഹം നല്കി. അതേസമയം വേണുഗോപാലിന്റെ കാര്യത്തിൽ ഹൈക്കമാന്‍ഡാണ് തീരുമാനിക്കേണ്ടത്. സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ച് സ്ക്രീനിംഗ് കമ്മിറ്റി ഇന്ന് ചേരുമെങ്കിലും രാഹുല്‍ ഗാന്ധി ഡല്‍ഹിയില്‍ ഇല്ലാത്തതിനാല്‍ അന്തിമ പ്രഖ്യാപനം ഇന്ന് ഉണ്ടാകുമോയെന്ന് പറയാനാകില്ലെന്നും മുല്ലപ്പള്ളി മാധ്യമങ്ങളോട് വ്യക്തമാക്കി.
ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കോൺഗ്രസിന്റെ സീറ്റ് വിട്ടുകൊടുക്കില്ല. പരമാവധി സീറ്റുകളില്‍ വിജയിക്കുകയെന്ന തീരുമാനമാണ് കോണ്‍ഗ്രസ് എടുത്തിരിക്കുന്നത്. പി.ജെ ജോസഫുമായും മാണിയുമായും സംസാരിച്ചിരുന്നു. എന്നാൽ ജോസഫിന് സീറ്റ് നല്‍കുന്നത് സംബന്ധിച്ച് അന്തിമമായി ഒന്നും പറഞ്ഞിട്ടില്ലെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.
ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ള നേതാക്കള്‍ മത്സരിക്കുന്നത് സംബന്ധിച്ച് ഹൈക്കമാന്‍ഡ് തീരുമാനമെടുക്കും. കെ.സി വോണുഗോപാല്‍ മത്സരിക്കാന്‍ ഇല്ലെന്ന് പറഞ്ഞത് തെരഞ്ഞെടുപ്പില്‍ ഭാരിച്ച ഉത്തരവാദിത്തം നിര്‍വഹിക്കാനുള്ളതുകൊണ്ടാണ്. അദ്ദേഹത്തെ മത്സരിപ്പിക്കേണ്ടെന്ന തീരുമാനമാണ് കേന്ദ്ര നേതൃത്വം സ്വീകരിച്ചിരിക്കുന്നത്. എല്ലാ സമിതികളിലും അദ്ദേഹം അംഗമാണ്. വേണുഗോപാല്‍ മത്സരിക്കണമോയെന്നു തീരുമാനിക്കേണ്ടത് ഹൈക്കമാന്‍ഡാണ്. സിറ്റിംഗ് എംഎല്‍എമാര്‍ മത്സരിക്കുന്ന കാര്യത്തിലും ഹൈക്കമാന്‍ഡ് തീരുമാനമെടുക്കണമെന്നും മുല്ലപ്പള്ളി പറഞ്ഞു.
Also Read
ഉമ്മന്‍ ചാണ്ടിയും കെ.സി വേണുഗോപാലും മത്സരിക്കുമോ? സ്ക്രീനിംഗ് കമ്മിറ്റി ഇന്ന്
സ്ഥാനാര്‍ഥിപ്പട്ടിക സംബന്ധിച്ച് സ്ക്രീനിംഗ് കമ്മിറ്റി ഇന്ന് തീരുമാനമെടുത്താലും സെന്‍ട്രല്‍ ഇലക്ഷന് കമ്മിറ്റി അംഗീകരിക്കണം. കോണ്‍ഗ്രസ് അധ്യക്ഷനാണ് ആ സമിതിയുടെ ചെയര്മാന്. എന്നാല്‍ രാഹുല്‍ ഗാന്ധി ഇന്ന് ഒറീസയിലായതിനാല് അന്തിമ തീരുമാനം വൈകിയേക്കുമെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.
ലീഗ് എസ്.ഡി.പി.ഐയുമായി ബന്ധപ്പെട്ട ചര്‍ച്ചയെ കുറിച്ച് അറിയില്ല. അതേക്കുറിച്ച് ലീഗിനോട് ചോദിക്കണമെന്നും കെ.പി.സി.സി പ്രസിഡന്റ് പറഞ്ഞു. ടോം വടക്കന്‍ എങ്ങനെയാണ് പരിവര്‍ത്തനമുണ്ടായതെന്ന് അറിയില്ല. തൃശൂരില്‍ സീറ്റ് വേണമെന്ന് പറഞ്ഞ് കഴിഞ്ഞയാഴ്ചയും തന്റെ സ്റ്റാഫിനെ ബന്ധപ്പെട്ടതാണ്. പശ്ചിമബംഗാളില്‍ ആയിരക്കണക്കിനു സിപിഎമ്മുകാരാണ് ബിജെപിയില്‍ ചേരുന്നത്. മഹാരാഷ്ട്ര കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതാവ് ബിജെപിയെ പുകഴ്ത്തിയത് ആരും മറന്നിട്ടില്ലെന്നും മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.