നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 'സ്ത്രീകൾക്ക് പ്രത്യേക പരിഗണനയല്ല, സാധാരണ പൗരന് അര്‍ഹതപ്പെട്ട മൗലികാവകാശങ്ങള്‍ മാത്രം ഉറപ്പുവരുത്തിത്തന്നാല്‍ മതി': കെ ആർ മീര

  'സ്ത്രീകൾക്ക് പ്രത്യേക പരിഗണനയല്ല, സാധാരണ പൗരന് അര്‍ഹതപ്പെട്ട മൗലികാവകാശങ്ങള്‍ മാത്രം ഉറപ്പുവരുത്തിത്തന്നാല്‍ മതി': കെ ആർ മീര

  'ഇക്കാലമത്രയും നല്‍കിക്കൊണ്ടിരുന്ന ഈ വിശേഷപ്പെട്ട പ്രത്യേക പരിഗണന ദയവായി തിരിച്ചെടുക്കുക. പകരം, ഈ രാജ്യത്തെ ഭരണഘടന അനുശാസിക്കുന്നതും ഒരു സാധാരണ പൗരന് അര്‍ഹതപ്പെട്ടതും അവകാശപ്പെട്ടതുമായ മൗലികാവകാശങ്ങള്‍ ഉറപ്പുവരുത്തിത്തന്നാല്‍ മാത്രം മതി'

  kr-meera

  kr-meera

  • Share this:
   സ്ത്രീകൾക്ക് ഇക്കാലമത്രയും നൽകിക്കൊണ്ടിരുന്ന പ്രത്യേക പരിഗണന ദയവായി തിരിച്ചെടുക്കണമെന്ന് എഴുത്തുകാരി കെ.ആർ.മീര. സ്ത്രീകൾക്ക് പ്രത്യേക പരിഗണനയല്ല വേണ്ടതെന്നും പകരം ഈ രാജ്യത്തെ ഭരണഘടന അനുശാസിക്കുന്നതും ഒരു സാധാരണ പൗരന് അര്‍ഹതപ്പെട്ടതും അവകാശപ്പെട്ടതുമായ മൗലികാവകാശങ്ങള്‍ ഉറപ്പുവരുത്തിത്തന്നാല്‍ മാത്രം മതിയെന്നുമാണ് ഇവർ ആവശ്യപ്പെടുന്നത്. ലോക വനിതാ ദിനവുമായി ബന്ധപ്പെട്ട് ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിലൂടെയായിരുന്നു പ്രതികരണം.

   ഈ രാജ്യത്തെ പൗരന്‍ എന്ന നിലയില്‍ അന്തസ്സോടെയും അഭിമാനത്തോടെയും സ്വാതന്ത്ര്യത്തോടെയും ജീവിക്കാന്‍ ന്യായീകരണങ്ങളോ വിശദീകരണങ്ങളോ പ്രത്യേകാനുമതികളോ സ്വഭാവസര്‍ട്ടിഫിക്കറ്റുകളോ സ്ത്രീകൾക്ക് ആവശ്യമില്ലെന്നും കുറിപ്പിൽ പറയുന്നു. 2017 ല്‍ കമല സുരക്ഷ അവാർഡ് ഏറ്റുവാങ്ങിക്കൊണ്ട് നടത്തിയ പ്രസംഗത്തിലെ ഭാഗങ്ങളാണ് വനിതാ ദിനത്തിൽ ഫേസ്ബുക്ക് കുറിപ്പായി പങ്കുവച്ചിരിക്കുന്നതെന്ന കാര്യവും എഴുത്തുകാരി പ്രത്യേകം പരാമര്‍ശിക്കുന്നുണ്ട്.

   ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണ്ണരൂപം:

   ‘‘എനിക്കു രണ്ടു മൂന്നു കാര്യങ്ങളേ പറയാനുള്ളൂ. അങ്ങേയറ്റം ഭീതിയും അരക്ഷിതാവസ്ഥയും പരത്തുന്ന തരം സംഭവങ്ങളാല്‍ നമ്മളെല്ലാം മരവിച്ചിരിക്കുന്ന ഒരു അവസരത്തിലാണ് ഈ വനിതാദിനം. സ്ത്രീകള്‍ക്ക് പ്രത്യേക പരിഗണന നല്‍കുന്നതാണ് ഈ ഗവണ്‍മെന്റ് എന്നു ബഹുമാനപ്പെട്ട മുഖ്യമന്ത്രി പറയുകയുണ്ടായി. എനിക്ക് അദ്ദേഹത്തോടും ഈ ഗവണ്‍മെന്റിനോടുമുള്ള അപേക്ഷ എന്തെന്നാല്‍– ദയവു ചെയ്ത് സ്ത്രീകള്‍ക്ക് പ്രത്യേക പരിഗണന നല്‍കരുത്. ഇക്കാലമത്രയും നല്‍കിക്കൊണ്ടിരുന്ന ഈ വിശേഷപ്പെട്ട പ്രത്യേക പരിഗണന ദയവായി തിരിച്ചെടുക്കുക. പകരം, ഈ രാജ്യത്തെ ഭരണഘടന അനുശാസിക്കുന്നതും ഒരു സാധാരണ പൗരന് അര്‍ഹതപ്പെട്ടതും അവകാശപ്പെട്ടതുമായ മൗലികാവകാശങ്ങള്‍ ഉറപ്പുവരുത്തിത്തന്നാല്‍ മാത്രം മതി– അതായത്, സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം, അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം, തൊഴിലെടുക്കാനുള്ള സ്വാതന്ത്ര്യം, അടിമയാകാതിരിക്കാനുള്ള സ്വാതന്ത്ര്യം, ആഹ്ളാദിക്കാനുള്ള സ്വാതന്ത്ര്യം.

   കുടുംബത്തിനകത്താണ് ഭാരതീയ സ്ത്രീകളുടെ സ്ഥാനം എന്നും അതാണ് ഇന്ത്യന്‍ സ്ത്രീകളുടെ വിജയമെന്നും ഇവിടെ പറയപ്പെടുകയുണ്ടായി. പുതിയ കാലത്ത്, എന്റെ മക്കളുടെ പ്രായമുള്ള ഒട്ടേറെ പെണ്‍കുട്ടികള്‍ ഇതിനോടു യോജിക്കുമെന്നു തോന്നുന്നില്ല. ഓള്‍ ദ് സിംഗിള്‍ ലേഡീസ് എന്ന പുസ്തകമെഴുതിയ റെബേക്ക ട്രെയ്സ്റ്റര്‍ പറയുന്നതുപോലെ, ‘വിവാഹവും കുടുംബവും വഴി എന്തൊക്കെ നേട്ടങ്ങളുണ്ടെന്ന് വാദിച്ചാലും സ്ത്രീയെ സംബന്ധിച്ചു കുടുംബവും വിവാഹവും ആത്യന്തികമായി ഒരു നഷ്ടക്കച്ചവടമാണ്’ എന്നു വിശ്വസിക്കുന്ന സ്ത്രീകളുടെ സംഖ്യ വര്‍ധിക്കുകയാണ്. അവരെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. അവര്‍ ഈ വിശ്വാസത്തിലും നിഗമനത്തിലും എത്തിയത് നമ്മുടെയും മുന്‍ തലമുറകളുടെയും കുടുംബബന്ധങ്ങളും വിവാഹ ബന്ധങ്ങളും നിരീക്ഷിച്ചു പഠിച്ചതില്‍നിന്നാണ്.

   സമൂഹത്തില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ വര്‍ധിച്ചു വരുന്ന ലൈംഗിക അതിക്രമങ്ങള്‍ കണക്കിലെടുത്ത്, സംസ്ഥാനത്ത് ലൈംഗിക വിദ്യാഭ്യാസ പദ്ധതി ആരംഭിക്കുമെന്നു ബഹുമാനപ്പെട്ട ആരോഗ്യമന്ത്രി പറയുകയുണ്ടായി. ലൈംഗിക വിദ്യാഭ്യാസം സംബന്ധിച്ച് ഒരുകാലത്ത് ചര്‍ച്ചയുണ്ടായപ്പോള്‍ അതിനെതിരെ ഉറഞ്ഞു തുള്ളിയ വിവിധ മതങ്ങളുടെയും മതസംഘടനകളുടെയും നേതാക്കളും മറ്റും ഇന്ന് എന്തു പറയുന്നു എന്ന് അറിയാന്‍ എനിക്ക് ആഗ്രഹമുണ്ട്. ലൈംഗിക വിദ്യാഭ്യാസം യുവാക്കളെ വഴി തെറ്റിക്കുമെന്നായിരുന്നു അവരുടെ ആധി. ലൈംഗിക വിദ്യാഭ്യാസം കിട്ടിയതു കൊണ്ട് വഴി പിഴച്ചവരാരും നമ്മുടെ നാട്ടില്‍ ഇല്ലാത്തതിന്റെ പേരില്‍ അവര്‍ക്ക് അഭിമാനിക്കാം. പക്ഷേ, എനിക്ക് ബഹുമാനപ്പെട്ട ആരോഗ്യമന്ത്രിയോട് അപേക്ഷിക്കാനുള്ളത്, കേവലം ലൈംഗിക വിദ്യാഭ്യാസം മാത്രമല്ല, മറിച്ച് കൂട്ടുകൂടാനും പ്രേമിക്കാനും ഒരു മുറിയില്‍ താമസിക്കാനും സഹജീവിയെ പൗരനായി ബഹുമാനിക്കാനും അന്യന്റെ ശരീരത്തെയും ഇടത്തെയും ഈ സമൂഹത്തിന്റെ ബഹുസ്വരതയെയും ഒക്കെ ബഹുമാനിക്കാനുള്ള പ്രത്യേക പരിശീലന പദ്ധതി കൂടി ഇതോടൊപ്പം ഏര്‍പ്പെടുത്തണമെന്നാണ്. ഈ പരിശീലനം കുട്ടികള്‍ക്കും യുവാക്കള്‍ക്കും മാത്രമല്ല, രക്ഷാകര്‍ത്താക്കള്‍ക്കും അധ്യാപകര്‍ക്കും കൂടി അത്യാവശ്യമാണ്.

   ഇത്രയും വനിതകളെ അംഗീകരിക്കുകയും അവരുടെ സേവനങ്ങളെ ആദരിക്കുകയും ചെയ്ത സാമൂഹിക നീതി വകുപ്പിനോട് പ്രത്യേകമായി നന്ദി രേഖപ്പെടുത്തുന്നു. ഇന്നിവിടെ ആദരിക്കപ്പെട്ടവരെല്ലാം ഓരോ മേഖലയില്‍ നേട്ടങ്ങള്‍ കൈവരിച്ചവരാണ്. ഈ വിധത്തില്‍ വിജയികളായ സ്ത്രീകളെ ആദരിക്കുന്നത് പൊതു രംഗത്ത് സ്ത്രീകളുടെ ദൃശ്യതയും സാന്നിദ്ധ്യവും വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുമെന്നതില്‍ സംശയമില്ല. പക്ഷേ, പലപ്പോഴും വിജയികളായ സ്ത്രീകളെ ആദരിക്കുന്ന ചടങ്ങുകള്‍ നല്‍കുന്ന സന്ദേശം അപകടകരമാണ്. സ്ത്രീ ആദരിക്കപ്പെടണമെങ്കില്‍ അവള്‍ ഭൗതികമായ വിജയങ്ങള്‍- അതായതു റാങ്കോ, അവാര്‍ഡോ, കായിക റെക്കോര്‍ഡോ– നേടുകയോ അതല്ലെങ്കില്‍ അമ്മയെന്ന നിലയിലോ ഭാര്യയെന്ന നിലയിലോ ഒക്കെ വലിയ ത്യാഗങ്ങള്‍ അനുഷ്ഠിക്കുകയോ വേണം എന്നതാണ് ആ സന്ദേശം.

   എനിക്ക് ഓര്‍മ്മിപ്പിക്കാനുള്ളത് സ്ത്രീ വലിയ നേട്ടങ്ങളൊന്നും കൈവരിച്ചില്ലെങ്കിലും അവള്‍ ത്യാഗം ചെയ്തില്ലെങ്കിലും ക്ഷമാസ്വരൂപിണിയായില്ലെങ്കിലും പ്രസവിച്ചില്ലെങ്കിലും പ്രേമിച്ചില്ലെങ്കിലും നല്ല ഭാര്യയോ അമ്മയോ ആയില്ലെങ്കിലും അവള്‍ക്ക് ആദരവിന് അര്‍ഹതയും അവകാശവുമുണ്ട് എന്നതാണ്. ഈ രാജ്യത്തെ പൗരന്‍ എന്ന നിലയില്‍ അന്തസ്സോടെയും അഭിമാനത്തോടെയും സ്വാതന്ത്ര്യത്തോടെയും ജീവിക്കാന്‍ അവള്‍ക്ക് ന്യായീകരണങ്ങളോ വിശദീകരണങ്ങളോ പ്രത്യേകാനുമതികളോ സ്വഭാവസര്‍ട്ടിഫിക്കറ്റുകളോ ആവശ്യമില്ല.
   സ്ത്രീകള്‍ക്കു വനിതാരത്നം അവാര്‍ഡ് ഏര്‍പ്പെടുത്തിയ സാമൂഹിക നീതി വകുപ്പ്, സാമൂഹിക നീതിയും ലിംഗ നീതിയും ഉറപ്പുവരുത്താന്‍ അടുത്ത വര്‍ഷം മുതല്‍ ഒരു പുരുഷ രത്നം അവാര്‍ഡ് കൂടി ഏര്‍പ്പെടുത്തണമെന്ന് എനിക്ക് അപേക്ഷയുണ്ട്.

   സംസ്ഥാനത്തെ ലൈംഗിക കുറ്റവാളികളുടെ പട്ടിക പ്രസിദ്ധീകരിക്കുമെന്നു മുഖ്യമന്ത്രി ഇവിടെ പ്രസ്താവിക്കുകയുണ്ടായി. കേരളത്തിലിന്ന് മിക്കവാറും ഓരോ വീട്ടിലും കുറഞ്ഞത് ഒരു സ്ത്രീ പീഡനം, ഒരു കാന്‍സര്‍ രോഗി എന്നതാണു നിരക്ക് എന്നതിനാല്‍, കുറ്റവാളികളുടെ പട്ടിക തയ്യാറാക്കാന്‍ ഗവണ്‍മെന്റ് വെള്ളം കുറേ കുടിക്കേണ്ടി വരും. അതിനേക്കാള്‍ എളുപ്പം ലൈംഗിക കുറ്റകൃത്യങ്ങളിലും ആരോപണങ്ങളിലും പ്രതിയാകാത്തവരുടെ പട്ടിക തയ്യാറാക്കുകയാണ്. അതാകുമ്പോള്‍ പെട്ടെന്നു തയ്യാറാക്കാം.

   ഓരോ നിശ്ചിത പ്രായക്കാരുടെ ഗ്രൂപ്പിലും ലൈംഗികമായോ ശാരീരികമായോ വൈകാരികമായോ സ്ത്രീകളെയോ ട്രാന്‍സ് ജെന്‍ഡര്‍ വ്യക്തികളെയോ ആക്രമിച്ചിട്ടില്ലാത്തവരുടെ, ബാലികാബാലന്‍മാരെ ദ്രോഹിച്ചിട്ടില്ലാത്തവരുടെ പട്ടിക തയ്യാറാക്കുക. എന്നിട്ട് അവരില്‍നിന്ന് പുരുഷ രത്നങ്ങളെ തിരഞ്ഞെടുക്കുക. അതു വഴി സമൂഹത്തിന് ഒരു നല്ല മാതൃക സമ്മാനിക്കുക. വനിതാദിനം മാത്രമല്ല എല്ലാ ദിനങ്ങളും സ്ത്രീകളുടേതാണെന്നും മറ്റുള്ളവര്‍ അടക്കി വാഴുന്ന ഈ ഭൂമിയുടെ പകുതി അവകാശികള്‍ അവരാണെന്നും ഓര്‍മിപ്പിക്കാനുള്ളതാകട്ടെ, ഓരോ വനിതാദിനവും.’’   –രണ്ടായിരത്തിപ്പതിനേഴു മാര്‍ച്ച് എട്ടിനു സംസ്ഥാന സര്‍ക്കാരിന്റെ കമല സുരയ്യ അവാര്‍ഡ് ഏറ്റുവാങ്ങിക്കൊണ്ടു നടത്തിയ പ്രസംഗമാണ്. ഇന്ന് ഇതൊന്നു കൂടി പറയുന്നു.
   Published by:Asha Sulfiker
   First published:
   )}