പ്രമുഖ വ്യക്തികളുടെ മരണവീടുകളിലും പൊതുദര്‍ശനം നടക്കുന്ന സ്ഥലങ്ങളിലും പ്രതികരണത്തിനായി മാധ്യമ പ്രവര്‍ത്തകര്‍ തിരക്കുകൂട്ടുന്നതിനെതിരെ സൈബര്‍ ഇടങ്ങളില്‍ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. പ്രിയപ്പെട്ടവരുടെ ചേതനയറ്റ ശരീരം അവസാനമായി കണ്ടിറങ്ങുന്നവരുടെ മാനസികാവസ്ഥ പോലും നോക്കാതെ ബൈറ്റിന് വേണ്ടി മൈക്കും നീട്ടിയെത്തുന്ന മാധ്യമപ്രവര്‍ത്തകരുടെ രീതി ശരിയല്ലെന്ന് നടന്‍ ഇന്നസെന്‍റിന്‍റെ മരണത്തിനിടെ അഭിപ്രായം ഉയര്‍ന്നിരുന്നു.
Also Read- ഓർമയിൽ ചിരിയുടെ സുൽത്താൻ മാമുക്കോയ; കണ്ണംപറമ്പ് കബർസ്ഥാനിൽ അന്ത്യവിശ്രമം
എന്നാല്‍ ഈ രീതിക്ക് ഒരുമാറ്റം കൊണ്ടുവന്നിരിക്കുകയാണ് കോഴിക്കോട്ടെ ഒരു കൂട്ടം മാധ്യമപ്രവര്‍ത്തകര്‍. നമുക്ക് ഇങ്ങനെ ചെയ്താൽ പോരെ എന്ന ചോദ്യത്തിൽ നിന്നുണ്ടായ ഉത്തരമായിരുന്നു നടന്‍ മാമുക്കോയയുടെ ഭൗതിക ശരീരം പൊതുദര്‍ശനത്തിന് വെച്ച കോഴിക്കോട് ടൗൺഹാളില്‍ കണ്ടത്.
സിനിമാ രാഷ്ട്രീയ രംഗത്തെ പ്രമുഖരെല്ലാം മാമുക്കോയക്ക് അന്ത്യാജ്ഞലി അര്‍പ്പിക്കാനെത്തിയെങ്കിലും ബൈറ്റിന് വേണ്ടി ആരും തിക്കും ഉണ്ടാക്കിയില്ല. ടൗൺഹാളിന് പുറത്ത് ഒരു പോഡിയം സെറ്റ് ചെയ്ത് സംസാരിക്കേണ്ടവരെ അവിടെ എത്തിച്ചു. വന്നവരെല്ലാം പ്രിയ നടനെ അനുസ്മരിച്ച ശേഷം മടങ്ങിപ്പോയി. കോഴിക്കോട് വിജയകരമായ ഈ രീതി സംസ്ഥാനത്ത് ഉടനീളമുള്ള മാധ്യമപ്രവര്‍ത്തകര്‍ മാതൃകയാക്കണമെന്നും സോഷ്യല്‍ മീഡിയ ആവശ്യപ്പെടുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.