• HOME
  • »
  • NEWS
  • »
  • kerala
  • »
  • Pinarayi Vijayan | 'വിമാനത്തിൽ ഒന്നും സംഭവിക്കില്ല'; യൂത്ത് കോൺഗ്രസുകാരെ വിലക്കേണ്ടെന്ന് മുഖ്യമന്ത്രി തന്നെ പറഞ്ഞതായി റിപ്പോർട്ട്

Pinarayi Vijayan | 'വിമാനത്തിൽ ഒന്നും സംഭവിക്കില്ല'; യൂത്ത് കോൺഗ്രസുകാരെ വിലക്കേണ്ടെന്ന് മുഖ്യമന്ത്രി തന്നെ പറഞ്ഞതായി റിപ്പോർട്ട്

കണ്ണൂരിൽനിന്ന് തിരുവനന്തപുരത്തേക്കുള്ള വിമാനത്തിൽ സംശയകരമായ നിലയിൽ മൂന്നു പേർ ടിക്കറ്റെടുത്ത വിവരം വിമാനത്താവള അധികൃതർ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു...

  • Share this:
    തിരുവനന്തപുരം: സംശയകരമായ സാഹചര്യത്തിൽ മൂന്നുപേർ ടിക്കറ്റെടുത്ത് യാത്ര ചെയ്യുന്നതായി വിമാനത്താവള അധികൃതരും സുരക്ഷാ ചുമതലയുള്ളവരും മുഖ്യമന്ത്രിയെ മുൻകൂട്ടി അറിയിച്ചതായി റിപ്പോർട്ട്. എന്നാൽ വിമാനത്തിൽ ഒന്നും സംഭവിക്കില്ലെന്നും അവരുടെ യാത്ര വിലക്കേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞതായാണ് ഇപ്പോൾ വിവരം പുറത്തുവരുന്നത്. മനോരമയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്.

    കണ്ണൂരിൽനിന്ന് തിരുവനന്തപുരത്തേക്കുള്ള വിമാനത്തിൽ സംശയകരമായ നിലയിൽ മൂന്നു പേർ ടിക്കറ്റെടുത്ത വിവരം വിമാനത്താവള അധികൃതർ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥരെ അറിയിച്ചു. യാത്രാ ഉദ്ദേശം ചികിത്സയ്ക്കായി ആർസിസിയിൽ പോകുന്നുവെന്നതായിരുന്നു. ഇക്കാര്യം മുഖ്യമന്ത്രിയെ സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു. എന്നാൽ വിമാനത്തിനുള്ളിൽ ഒന്നും സംഭവിക്കില്ലെന്നും ആർസിസിയിൽ പോകാനായി ടിക്കറ്റെടുത്ത് യാത്ര ചെയ്യുന്നവരെ വിലക്കേണ്ടതില്ലെന്നുമാണ് മുഖ്യമന്ത്രി മറുപടി നൽകിയത്.

    തിരുവനന്തപുരത്ത് മടങ്ങിയെത്തിയ മുഖ്യമന്ത്രിയോട്, മുതിർന്ന സിപിഎം നേതാക്കൾ സംഭവത്തെക്കുറിച്ച് ആരാഞ്ഞിരുന്നു. അവരോട് മുഖ്യമന്ത്രി കാര്യങ്ങൾ വിശദീകരിച്ചിരുന്നു. മൂന്ന് യൂത്ത് കോൺഗ്രസുകാർ ടിക്കറ്റെടുത്ത് വിമാനത്തിൽ കയറിയ വിവരം അറിഞ്ഞിരുന്നതായാണ് മുഖ്യമന്ത്രി നേതാക്കളോട് പറഞ്ഞത്.

    കഴുത്തില്‍ കുത്തിപ്പിടിച്ച് ശ്വാസം മുട്ടിച്ച് കൊല്ലാന്‍ ശ്രമിച്ചു; ഇപി ജയരാജനെതിരെ ഡിജിപിക്ക് പരാതി

    യൂത്ത് കോൺഗ്രസ് (Youth Congress) പ്രവർത്തകരെ വിമാനത്തില്‍ വച്ച് കഴുത്തിൽ കുത്തിപ്പിടിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താൻ  എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജന്‍ (E.P Jayarajan) ശ്രമിച്ചതായി പരാതി. വിമാനത്തിൽ സ്വകാര്യ ആവശ്യങ്ങൾക്കായി യാത്ര ചെയ്ത യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ഫർസിൻ മജീദ്, നവീൻ കുമാർ എന്നിവരെ ജയരാജൻ ദേഹോപദ്രവം ഏൽപ്പിക്കുകയും കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തതായി ചൂണ്ടിക്കാട്ടി യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി ജോബിൻ ജേക്കബാണ് ഡിജിപിക്ക് പരാതി നൽകിയത്. ഇരുവർക്കുമെതിരെ കളവായ വിവരങ്ങൾ ചേർത്ത് റജിസ്റ്റർ ചെയ്ത കേസിലെ തുടർ നടപടികൾ അവസാനിപ്പിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

    ജയരാജനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപിക്കും ജയരാജന് യാത്രാനിരോധനം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഏവിയേഷൻ അതോറിറ്റിക്കും പരാതി നൽകിയതായി യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എംഎൽഎ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ഡിജിപിക്കു നൽകിയ പരാതിയുടെ വിശദാംശങ്ങൾ പുറത്തുവന്നത്. ഒരു മുദ്രാവാക്യം വിളിയെ കൊലപാതകശ്രമമായി ചിത്രീകരിച്ച് കേസെടുക്കുന്ന മുഖ്യമന്ത്രിയുടെ ഭീരുത്വത്തെ നിയമപരമായും അസഹിഷ്ണുതയെ രാഷ്ട്രീയമായും നേരിടുമെന്നും ഷാഫി പറമ്പിൽ വ്യക്തമാക്കിയിരുന്നു.

    തിരുവനന്തപുരത്ത് വിമാനം ഇറങ്ങിയ സമയത്ത് ഈ വിമാനത്തിലെ മറ്റൊരു യാത്രക്കാരനായ ഇ.പി.ജയരാജൻ എന്നയാൾ മേൽ വിവരിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അടിക്കുകയും കഴുത്തിൽ കുത്തിപ്പിടിച്ച് ശ്വാസം മുട്ടിക്കുകയും ശക്തിയായി പിടിച്ചുതള്ളി വിമാനത്തിന്റെ സീറ്റിലേക്കും തുടർന്ന് പ്ലാറ്റ്ഫോമിലേക്കും തലയടിച്ച് വീഴുന്നതിനും ഇടയാക്കിയിട്ടുള്ളതാണ്. ഈ പ്രവർത്തി മൂലം യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ഫർസിൻ മജീദ്, നവീൻ കുമാർ എന്നിവരുടെ തലയ്ക്കും കഴുത്തിനും നെഞ്ചിനും പരുക്കേറ്റിട്ടുള്ളതാണ്’ – യൂത്ത് കോൺഗ്രസിന്റെ പരാതിയിൽ പറയുന്നു.

    Also Read- മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധിച്ച അധ്യാപകനെ സസ്പെൻഡ് ചെയ്തു

    ഗുരുതര കുറ്റകൃത്യം ചെയ്ത ജയരാജനെതിരെ പരാതി നൽകിയെങ്കിലും യാതൊരു നടപടികളും സ്വീകരിച്ചില്ലെന്നും ഇതിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ജയരാജനെതിരെ നിയമനടപടി സ്വീകരിക്കാത്തത് കൃത്യവിലോപവും നിയമവിരുദ്ധവുമാണന്നും യഥാർഥ കുറ്റവാളികളെ സംരക്ഷിച്ച് നിരപരാധികളായ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ ഗുരുതര കുറ്റകൃത്യങ്ങൾ കളവായി ആരോപിച്ച് കേസെടുത്തെന്നും പരാതിയിലുണ്ട്.
    Published by:Anuraj GR
    First published: