തിരുവനന്തപുരം: ന്യൂനപക്ഷ സ്കോളർഷിപ്പ് വിഷയത്തിൽ ഒടുവിൽ യു ഡി എഫിൽ അഭിപ്രായ ഐക്യമായി. മുസ്ലിംകൾക്ക് പ്രത്യേക പരിഗണന കിട്ടണം. സച്ചാർ റിപ്പോർട്ടിലെ ആനുകൂല്യങ്ങൾ പുനഃസ്ഥാപിക്കണം എന്നാണ് യുഡിഎഫ് ആവശ്യപ്പെടുന്നത്. ക്രൈസ്തവർ അടക്കമുള്ള ഇതര ന്യൂനപക്ഷ വിഭാഗങ്ങൾക്കായി പ്രത്യേക സ്കോളർഷിപ്പ് പദ്ധതി ആരംഭിക്കണം. മുസ്ലിംലീഗ് ഉയർത്തിയ കടുത്ത സമ്മർദ്ദത്തെ തുടർന്നാണ് ഈ ആവശ്യത്തിലേക്ക് കോൺഗ്രസും എത്തിയത്. നിയമസഭാ സമ്മേളനത്തിന് മുമ്പായി യു ഡി എഫ് നേതാക്കൾക്കിടയിൽ അഭിപ്രായ ഐക്യം ഉണ്ടാക്കാൻ പ്രത്യേക യോഗം ചേർന്നു.
നേരത്തെ പ്രതിപക്ഷനേതാവ് വി ഡി സതീശൻ പറഞ്ഞതിൽ നിന്നും വ്യത്യസ്ത നിലപാടിലേക്ക് ആണ് ഒടുവിൽ കോൺഗ്രസും യുഡിഎഫും എത്തിയത്. സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്ത പ്രതിപക്ഷ നേതാവ് മുസ്ലിങ്ങൾക്ക് ലഭിച്ചിരുന്ന പ്രത്യേക ആനുകൂല്യങ്ങൾ നഷ്ടപ്പെടുന്നില്ല എന്നാണ് ആദ്യംനിലപാടെടുത്തത്. പക്ഷേ പിന്നീട് നിലപാട് തിരുത്തി. മുസ്ലീങ്ങൾക്ക് പ്രത്യേക പരിഗണന നൽകണമെന്നായിരുന്നു ആവശ്യം. മുസ്ലിം ലീഗിൻറെ കടുത്ത സമ്മർദ്ദത്തെ തുടർന്നാണ് നിലപാട് മാറ്റിയത്. അതേസമയം ക്രൈസ്തവർക്ക് പ്രത്യേക പരിഗണന വേണമെന്ന നിലപാട് കേരള കോൺഗ്രസ് സ്വീകരിച്ചു. യുഡിഎഫിന് അഭിപ്രായങ്ങൾ രൂപപ്പെട്ടതോടെ യോജിച്ച നിലപാട് അറിയിക്കാൻ കഴിഞ്ഞില്ല. നിയമസഭാ സമ്മേളനത്തിന് മുമ്പായി പ്രത്യേക യോഗം ചേരുന്നതിന് ഇടയാക്കിയത് ഇതാണ്.
ന്യൂനപക്ഷ സ്കോളർഷിപ്പ് വിഷയത്തെ ചൊല്ലി കോൺഗ്രസിനും മുസ്ലിം ലീഗിനും ഇടയിലുണ്ടായിരുന്ന ഭിന്നതയ്ക്കും പരിഹാരമായി. മാധ്യമങ്ങൾ തന്റെ പ്രസ്താവന വളച്ചൊടിച്ചതാണെന്നു യോഗത്തിന്റെ തുടക്കത്തിൽ തന്നെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അറിയിച്ചു. സർക്കാർ തീരുമാനത്തെ ഭാഗികമായിട്ടാണ് താൻ സ്വാഗതം ചെയ്തത്. മുസ്ലിം വിഭാഗത്തിന് പ്രത്യേക പരിഗണന വേണമെന്നാണ് താൻ വാദിച്ചത്. പക്ഷെ മാധ്യമങ്ങൾ തെറ്റായ വാർത്ത നൽകി.വിശദീകരണതോടെ ലീഗ് നേതാക്കളും തൃപ്തരായി.
ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ പ്രശ്നം പഠിക്കാൻ ജെ ബി കോശി അധ്യക്ഷനായ സമിതിയെ സർക്കാർ നിയോഗിച്ചിട്ടുണ്ട്. ഈ സമിതി റിപ്പോർട്ട് അടിസ്ഥാനത്തിൽ ക്രൈസ്തവ ന്യൂനപക്ഷങ്ങൾക്ക് പ്രത്യേക പരിഗണന നൽകും. അങ്ങനെയെങ്കിൽ മുസ്ലിംകൾക്ക് പ്രത്യേക പരിഗണന വേണമെന്ന് വാദിക്കുന്നതിൽ തെറ്റില്ലെന്നാണ് യുഡിഎഫ് വിലയിരുത്തിയത്.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.