• HOME
  • »
  • NEWS
  • »
  • kerala
  • »
  • Aided Schools | എയ്ഡഡ് സ്കൂൾ നിയമനങ്ങൾ പി.എസ്.സിക്ക് വിടാനുള്ള നീക്കത്തെ എതിര്‍ത്ത് എന്‍എസ്എസും കെസിബിസിയും; തയാറെന്ന് വെള്ളാപ്പള്ളി

Aided Schools | എയ്ഡഡ് സ്കൂൾ നിയമനങ്ങൾ പി.എസ്.സിക്ക് വിടാനുള്ള നീക്കത്തെ എതിര്‍ത്ത് എന്‍എസ്എസും കെസിബിസിയും; തയാറെന്ന് വെള്ളാപ്പള്ളി

എയ്ഡഡ് സ്ഥാപനങ്ങളിലെ നിയമനങ്ങള്‍ പിഎസ്‍സിക്ക് വിടണമെന്ന ആവശ്യവുമായി സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും മുൻമന്ത്രിയുമായ എ.കെ ബാലന്‍ രംഗത്തെത്തിയിരുന്നു

  • Share this:
    എയ്ഡഡ് സ്ഥാപനങ്ങളിലെ നിയമനങ്ങള്‍ പിഎസ്‍സിക്ക് വിടാനുള്ള നീക്കത്തിനെതിരെ എന്‍എസ്എസും (NSS) കെസിബിസും(KCBC) രംഗത്ത്. എയ്ഡഡ് നിയമനം ഏറ്റെടുക്കുമെന്നത് സര്‍ക്കാരിന്‍റെ ഭീഷണിയാണെന്നും ക്രമക്കേട് നടത്തുന്ന മാനേജ്‍മെന്‍റിനെതിരെയാണ് നടപടി വേണ്ടതെന്നും കെസിബിസി പറഞ്ഞു. എയ്ഡഡ് നിയമനം പിഎസ്‍സിക്ക് വിടാനുള്ള നീക്കത്തെ എതിര്‍ക്കുമെന്ന് എന്‍എസ്എസും വ്യക്തമാക്കി. സിപിഎം നീക്കത്തിന് പിന്നില്‍ ഗൂഢലക്ഷ്യമുണ്ട്. എയ്ഡഡ് സ്ഥാപനങ്ങള്‍ വര്‍ഷങ്ങളായി തുടരുന്ന സേവനം മറക്കരുതെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ പറഞ്ഞു.

    എന്നാല്‍ എയ്‍ഡഡ് സ്കൂള്‍ നിയമനം പിഎസ്‍സിക്ക് വിടാന്‍ തയ്യാറാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. സര്‍ക്കാര്‍ ശമ്പളം നല്‍കുമ്പോള്‍ മാനേജ്മെന്‍റ് നിയമം വേണ്ട. സംവരണം പാലിച്ചുള്ള നിയമനം പിഎസ്‍സി നടത്തട്ടെ എന്നും വെള്ളാപ്പള്ളി പറഞ്ഞു.

    എയ്ഡഡ് സ്ഥാപനങ്ങളിലെ നിയമനങ്ങള്‍ പിഎസ്‍സിക്ക് വിടണമെന്ന ആവശ്യവുമായി സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും മുൻമന്ത്രിയുമായ എ.കെ ബാലന്‍ രംഗത്തെത്തിയിരുന്നു. ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഈ മേഖലയിൽ സാമൂഹ്യ നീതി ഉറപ്പാക്കാന്‍ എയ്ഡഡ് സ്ഥാപനങ്ങളിലെ നിയമനം സര്‍ക്കാര്‍ ഏറ്റെടുത്തേ മതിയാകൂ. ലക്ഷങ്ങളും കോടികളും കോഴ നല്‍കാന്‍ കെല്‍പ്പുളളവര്‍ക്ക് മാത്രമാണ് നിലവില്‍ ഇത്തരം സ്ഥാപനങ്ങളിൽ നിയമനം ലഭിക്കുന്നതെന്നും എ കെ ബാലൻ ചൂണ്ടിക്കാട്ടി.

    Also Read- എയ്ഡഡ് സ്‌കൂള്‍ നിയമനങ്ങള്‍ പിഎസ്‌സിക്ക് വിടണം; നിയമം കൊണ്ടുവരണം; വെല്‍ഫെയര്‍ പാര്‍ട്ടി

    കോഴയായി മാനേജ്മെന്‍റുകള്‍ വാങ്ങുന്ന കോടികള്‍ എങ്ങോട്ട് പോകുന്നുവെന്ന് എ കെ ബാലന്‍ ചോദിച്ചു. പ്രബല സമുദായങ്ങളുടെ സ്ഥാപനങ്ങളില്‍ പാവപ്പെട്ടവര്‍ക്കാര്‍ക്ക് നിയമനമില്ല. പിഎസ്‍സിക്ക് വിട്ടാല്‍ അനാവശ്യ നിയമനങ്ങള്‍ ഒഴിവാക്കാം. സാമ്പത്തിക ബാധ്യതയും കുറയ്ക്കാൻ സാധിക്കും. രണ്ടാം പിണറായി സര്‍ക്കാര്‍ ഈ നീക്കത്തിന് തുടക്കം കുറിക്കുമെന്നാണ് പ്രതീക്ഷയെന്ന് എ. കെ ബാലന്‍ പറഞ്ഞു. എംഇഎസും എസ്എന്‍ഡിപിയും ഈ നിര്‍ദ്ദേശത്തോട് യോജിച്ചിട്ടുണ്ട്. മറ്റ് സമുദായങ്ങളും സഹകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒരു രണ്ടാം വിമോചന സമരം ഇനി കേരളത്തില്‍ സാധ്യമല്ലെന്നും എ. കെ ബാലന്‍ പറഞ്ഞു.

    Also Read- 'എയ്ഡഡ് നിയമനം സർക്കാരിന് നൽകാം'; മറ്റ് മാനേജ്മെന്‍റുകൾ തയ്യാറെങ്കിൽ SNDP യോഗവും തയ്യാറെന്ന് വെള്ളാപ്പള്ളി നടേശൻ

    എയ്ഡഡ് സ്‌കൂളുകളിലെയും കോളജുകളിലെയും നിയമനങ്ങൾ പി.എസ്.സിക്ക് വിടണമെന്ന ആവശ്യവുമായി എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നേരത്തെ രംഗത്തെത്തിയിരുന്നു. അതിന് മുമ്പ് എം.ഇ.എസ് ചെയർമാൻ ഫസൽ ഗഫൂറും സമാനമായ ആവശ്യം ഉന്നയിച്ചിരുന്നു. മറ്റ് മാനേജ്‌മെന്റുകളും തയാറാണെങ്കിൽ എസ്.എൻ.ഡി.പി യോഗത്തിന്റെയും എസ്.എൻ ട്രസ്റ്റിന്റെയും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും നിയമനം സർക്കാരിനു വിട്ടുകൊടുക്കാമെന്നാണ് വെള്ളാപ്പള്ളി നടേശൻ വ്യക്തമാക്കിയത്. പി.എസ്.സി വഴി നിയമനം നടത്തുമ്പോൾ ഈഴവ സമുദായം നേരിട്ട അനീതി വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

    ഇവിടെ ജനസംഖ്യ കുറവുള്ള സമുദായങ്ങൾ കൂടുതൽ സ്ഥാപനങ്ങൾ കൈവശം വെച്ചിരിക്കുകയാണെന്നും, അവിടെയെല്ലാം നിയമനം നടത്തുന്നത് മാനേജ്മെന്‍റും ശമ്പളം നൽകുന്നത് സർക്കാരുമാണെന്ന് വെള്ളാപ്പള്ളി പറഞ്ഞു. ഇത് എന്ത് ജനാധിപത്യമാണ്. കേരളത്തിൽ മാത്രമാണിതുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
    Published by:Arun krishna
    First published: