നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് എൻഎസ്എസ് 10 ലക്ഷം രൂപ നൽകി

  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് എൻഎസ്എസ് 10 ലക്ഷം രൂപ നൽകി

  എൻ എസ് എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരാണ് തുക കൈമാറിയത്. മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചതാണ് ഇക്കാര്യം.

  ജി. സുകുമാരൻ നായർ

  ജി. സുകുമാരൻ നായർ

  • Share this:
   തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് എൻ എസ് എസ് 10 ലക്ഷം കൈമാറി.
   എൻ എസ് എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരാണ് തുക കൈമാറിയത്. മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചതാണ് ഇക്കാര്യം.  വാക്സിൻ ചലഞ്ചിന്‍റെ ഭാഗമായാണ് എൻ എസ് എസ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകിയത്.

   എസ്എസ്എല്‍സി ഐടി പ്രാക്ടിക്കല്‍ പരീക്ഷ ഒഴിവാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.. എസ്എസ്എല്‍സി, ഹയര്‍ സെക്കണ്ടറി, വോക്കേഷണല്‍ ഹയര്‍ സെക്കണ്ടറി മൂല്യനിര്‍ണ്ണയം ജൂണ്‍ ഒന്നു മുതല്‍ ജൂണ്‍ 19വരെയും എസ്എസ്എല്‍സി മൂല്യനിര്‍ണയം ജൂണ്‍ ഏഴു മുതല്‍ 25 ജൂണ്‍ വരെയും നടത്തും. ഹയര്‍ സെക്കണ്ടറി,വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പ്രാക്ടിക്കല്‍ പരീക്ഷകള്‍ ജൂണ്‍ 21 മുതല്‍ ജൂലൈ ഏഴു വരെയും നടത്തും. മൂല്യനിര്‍ണയത്തിന് പോകുന്ന അധ്യാപകരെ വാക്സിനേറ്റ് ചെയ്യും. അത് മൂല്യനിര്‍ണയത്തിന് മുമ്പ് പൂര്‍ത്തീകരിക്കും. വിശദാംശങ്ങൾ ആരോഗ്യ വകുപ്പ് വിദ്യാഭ്യാസ വകുപ്പുമായി ആലോചിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

   പി.എസ്.സി അഡ്വൈസ് കാത്തിരിക്കുന്നവരുണ്ട്. അത് ഓണ്‍ലൈനായി നല്‍കുന്നതടക്കമുള്ള കാര്യങ്ങള്‍ പി.എസ്.സിയുമായി ചര്‍ച്ച ചെയ്യും.

   ബ്ലാക് ഫംഗസ് സംബന്ധിച്ച് മെഡിക്കല്‍ ഓഡിറ്റ് നടത്തും. മരുന്ന് ലഭ്യത ഉറപ്പു വരുത്തും. പാര്‍ശ്വഫലങ്ങള്‍ ഇല്ലാത്ത മരുന്നുകള്‍ വില കൂടിയതാണെങ്കില്‍ പോലും കൊടുക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

   വൃദ്ധ സദനങ്ങളില്‍ വിവിധ രോഗങ്ങള്‍ ഉള്ളവര്‍ കാണും. അത് കൃത്യമായ പരിശോധന നടത്തും. സാമൂഹ്യ സുരക്ഷാ, സാമൂഹ്യ ക്ഷേമ വകുപ്പുകള്‍ ഇത്തരം കേന്ദ്രങ്ങള്‍ കണ്ടെത്തി ആരോഗ്യവകുപ്പുമായി ബന്ധപ്പെടാന്‍ ശ്രദ്ധിക്കും.

   Also Read- Covid 19 | സംസ്ഥാനത്ത് ഇന്ന് 176 മരണം; 28514 പേർക്ക് കോവിഡ്

   ചില മത്സ്യ മാര്‍ക്കറ്റ്, പച്ചക്കറി മാര്‍ക്കറ്റ് എന്നിവിടങ്ങളില്‍ ചില പ്രശ്നങ്ങള്‍ ഉണ്ടാവുന്നത് ഗൗരവമായി പരിശോധിച്ച് നിയന്ത്രണ വിധേയം ആക്കണം. ഇതിന് പൊലീസും സെക്ടറല്‍ മജിസ്ട്രേറ്റുമാരും ഇടപെടണം.

   മൂന്നാം തരംഗം ഉണ്ടാകാന്‍ സാധ്യതയെന്ന് സാര്‍വദേശീയ തലത്തിലും രാജ്യത്തും ചര്‍ച്ച നടക്കുന്നുണ്ട്. വാക്സിനെ അതിജീവിക്കാന്‍ ശേഷി നേടിയ വൈറസ് ഉത്ഭവമാണ് മൂന്നാം തരംഗത്തിന് ഒരു കാരണമായേക്കുക. വാക്സിന്‍ എടുത്തവര്‍ക്ക് അത് ഒരു ഡോസാണെങ്കിലും സുരക്ഷിതത്വം ഉണ്ട്. എന്നാല്‍, ഇവരും രോഗ വാഹകരാകാം. വാക്സിന്‍ എടുത്തവര്‍ക്ക് രോഗം വരുന്നത് പലപ്പോഴും അനുബന്ധ രോഗങ്ങള്‍ ഉള്ളതിനാലാണ്. അതുകൊണ്ട് അവര്‍ കോവിഡ് പെരുമാറ്റച്ചട്ടം കൃത്യമായി പാലിക്കണം. അനുബന്ധരോഗങ്ങളുടെ കാര്യത്തിലും കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

   കോവിഡിന്‍റെ രണ്ടാം തരംഗത്തിന്‍റെ ഇതുവരെയുള്ള പരിണാമം നിരീക്ഷിച്ചാല്‍ അതിന്‍റെ ഉച്ചസ്ഥായി പിന്നിട്ടതായി അനുമാനിക്കാം. പക്ഷേ, ഉച്ചസ്ഥായി പിന്നിടുന്നതിനു ശേഷമാണ് രോഗവുമായി ബന്ധപ്പെട്ട ഗുരുതരാവസ്ഥകളും മരണങ്ങളും വർദ്ധിക്കുന്നതായി കാണുന്നത്. അതുകൊണ്ട് ആശുപത്രികളെ സംബന്ധിച്ചിടത്തോളം നിര്‍ണായകമായ സമയമാണിത്. ഇന്നലെ പറഞ്ഞതു വീണ്ടും ആവര്‍ത്തിക്കുകയാണ്. ഈ ഘട്ടത്തെ നേരിടാനാവശ്യമായ ശക്തമായ മുന്‍കരുതലുകള്‍ എല്ലാ ജില്ലാ ആശുപത്രികളിലും ജില്ലാ കലക്ടര്‍മാരുടെ നേതൃത്വത്തില്‍ ഉറപ്പുവരുത്തണം. ജീവന്‍ സംരക്ഷിക്കുക എന്നതാണ് ഇപ്പോള്‍ നമ്മുടെ പ്രാഥമികമായ കര്‍ത്തവ്യമെന്ന് മുഖ്യമന്ത്രി ഓർമ്മപ്പെടുത്തി.

   രണ്ടാമത്തെ കോവിഡ് തരംഗം പുതിയ ചില പാഠങ്ങള്‍ നമ്മെ പഠിപ്പിച്ചിട്ടുണ്ട്. എത്രത്തോളം രോഗബാധ ഉയരാം; വൈറസുകളുടെ ജനിതക വ്യതിയാനം എന്തെല്ലാം ഭീഷണികളുയര്‍ത്താം; നമ്മുടെ ആരോഗ്യസംവിധാനങ്ങള്‍ അതിനനുസരിച്ച് എങ്ങനെ തയ്യാറെടുക്കണം; മറ്റു സര്‍ക്കാര്‍ സംവിധാനങ്ങള്‍ എങ്ങനെ വിന്യസിക്കണം; സാമൂഹ്യജാഗ്രത എത്തരത്തില്‍ പ്രായോഗികവല്‍ക്കരിക്കണം ഇങ്ങനെയുള്ള കാര്യങ്ങളില്‍ പുതിയ ഉള്‍ക്കാഴ്ചകള്‍ പുതിയ കോവിഡ് തരംഗത്തിന്‍റെ അനുഭവങ്ങള്‍ നമുക്ക് നല്‍കിയിട്ടുണ്ട്. മൂന്നാമത്തെ തരംഗം ഉണ്ടാകാനുള്ള ശക്തമായ സാധ്യതകള്‍ നിലനില്‍ക്കേ ഈ അനുഭവങ്ങളെ വിശദമായി വിലയിരുത്തി കൂടുതല്‍ മികച്ച പ്രതിരോധത്തിനായി തയ്യാറെടുക്കാനുള്ള ശക്തമായ നടപടികള്‍ സര്‍ക്കാര്‍ ഉടനടി ആരംഭിക്കുമെന്ന് പിണറായി വിജയൻ പറഞ്ഞു.

   ജനങ്ങളുടെ ഭാഗത്തു നിന്നുണ്ടായ പരിപൂര്‍ണമായ പിന്തുണയാണ് രാജ്യത്തിന്‍റെ മറ്റു ഭാഗങ്ങളില്‍ വലിയ നാശം വിതച്ച രണ്ടാം തരംഗത്തെ നമ്മുടെ നാട്ടില്‍ പിടിച്ചുനിര്‍ത്താന്‍ സഹായകമായ പ്രധാന ഘടകം. അനേകം വിഷമതകളെ അതിജീവിച്ച് ദൃഢനിശ്ചയത്തോടെ സര്‍ക്കാരിനൊപ്പം നിന്നത് ജനങ്ങളാണ്. ഈ ജാഗ്രത കുറച്ചു നാളുകള്‍ കൂടെ ഇതേപോലെ കര്‍ശനമായ രീതിയില്‍ തുടരേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
   Published by:Anuraj GR
   First published:
   )}