HOME » NEWS » Kerala » NSS DEMANDS NEW AFFIDAVIT ON SABARIMALA WOMEN ENTRY ISSUE

'ശബരിമല' ഖേദം കൊണ്ടോ പശ്ചാത്താപം കൊണ്ടോ പ്രശ്നം അവസാനിക്കില്ല; പുതിയ സത്യവാങ്മൂലം സമർപ്പിക്കണം: NSS

മന്ത്രി പറഞ്ഞതിൽ ആത്മാർത്ഥതയുള്ള പക്ഷം, വിശ്വാസികളുടെ ആരാധനാവകാശം സംരക്ഷിക്കുന്നതിന് വേണ്ടി ശബരിമലയിൽ യുവതിപ്രവേശനം പാടില്ലെന്ന് ആവശ്യപ്പെട്ട് കൊണ്ട് സുപ്രീംകോടതിയുടെ വിശാലബെഞ്ചിന്റെ മുന്നിൽ ഒരു പുതിയ സത്യവാങ്മൂലം സമർപ്പിക്കാൻ ആവശ്യമായ സത്വര നടപടി സ്വീകരിക്കുകയാണ് വകുപ്പ് മന്ത്രി ചെയ്യേണ്ടത്.

News18 Malayalam | news18-malayalam
Updated: March 11, 2021, 6:55 PM IST
'ശബരിമല' ഖേദം കൊണ്ടോ പശ്ചാത്താപം കൊണ്ടോ പ്രശ്നം അവസാനിക്കില്ല; പുതിയ സത്യവാങ്മൂലം സമർപ്പിക്കണം: NSS
ജി. സുകുമാരൻ നായർ
  • Share this:
കോട്ടയം: ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ വിമർശനവുമായി എൻഎസ്എസ്. ശബരിമല പ്രശ്നം ഖേദം കൊണ്ടോ പശ്ചാത്താപം കൊണ്ടോ അവസാനിക്കില്ലെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ വാർത്താക്കുറിപ്പിൽ അറിയിച്ചു. മന്ത്രി പറഞ്ഞതിൽ ആത്മാർത്ഥതയുണ്ടെങ്കിൽ യുവതിപ്രവേശനം പാടില്ലെന്ന് ചൂണ്ടിക്കാട്ടി പുതിയ സത്യവാങ്മൂലം സമർപ്പിക്കുകയാണ് വേണ്ടതെന്നും ജി സുകുമാരൻ നായർ പറഞ്ഞു. ദേവസ്വം മന്ത്രിയുടെ ഇപ്പോഴത്തെ പ്രസ്താവന ഏതു സാഹചര്യത്തിൽ ഉണ്ടായിട്ടുള്ളതാണെന്ന് ആർക്കും മനസ്സിലാക്കാവുന്നതേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

എൻഎസ്എസിന്റെ വാർത്താ കുറിപ്പ്

ശബരിമലയിലെ യുവതി പ്രവേശനം സംബന്ധിച്ച സുപ്രീംകോടതിയിൽ നിലവിലുള്ള കേസുമായി ബന്ധപ്പെട്ട് 2007ലെ ഇടതുപക്ഷ ഗവൺമെന്റ് യുവതിപ്രവേശനത്തിന് അനുകൂലമായിട്ടാണ് 2007 നവംബര്ഡ‍ 13ന് കോടതി മുൻപാകെ സത്യവാങ്മൂലം നൽകിയത്. എന്നാൽ പിന്നീട് അധികാരത്തിൽ വന്ന യുഡിഎഫ് ഗവൺമെന്റ്, വിശ്വാസികളുടെ ആചാരാനുഷ്ഠാനങ്ങൾ സംരക്ഷിക്കാൻ സംസ്ഥാന സർക്കാർ ബാധ്യസ്ഥരാണെന്നും 2007ൽ അന്നത്തെ ഇടതു സർക്കാർ സമർപ്പിച്ച സത്യവാങ്മൂലം Kerala Hindu Places of Public Worship (Authorisation of entry) Rule 1965 Rule 3(b)ക്ക് എതിരാണെന്നും, സംസ്ഥാന സർക്കാർ ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിലെ കേസിൽ സ്വീകരിച്ച നിലപാടിന് വിരുദ്ധമായി സുപ്രീംകോടതിയിൽ മറ്റൊരു നിലപാട് സ്വീകരിക്കുന്നത് ശരിയല്ലെന്നും ആയതിനാൽ 2007ലെ സത്യവാങ്മൂലം പിൻവലിക്കാൻ അനുവദിക്കണമെന്നും കാണിച്ച് സുപ്രീംകോടതിയിൽ 2016 ഫെബ്രുവരി 4ന് പുതിയ സത്യവാങ്മൂലം സമർപ്പിക്കുകയാണുണ്ടായത്. തുടർന്ന് വീണ്ടും ഇടതുപക്ഷ സർക്കാർ അധികാകരത്തിൽ വന്നപ്പോൾ 2007ലെ സത്യവാങ്മൂലത്തിൽ ഉറച്ചുനിൽക്കുന്നുവെന്ന് കാണിച്ച് വീണ്ടും ഒരു സത്യവാങ്മൂലം സമർപ്പിച്ചു. അതിനെ തുടർന്നാണ് 2018 സെപ്റ്റംബർ 28ന് 'എല്ലാ സ്ത്രീകളെയും ശബരിമലയിൽ പ്രവേശിപ്പിക്കണ'മെന്ന സുപ്രീംകോടതി വിധിയുണ്ടായത്.

Also Read- 'ആയിരം വട്ടം ഗംഗയില്‍ മുങ്ങിയാലും കടകംപള്ളിക്ക് മാപ്പില്ല': കെ സുരേന്ദ്രൻ

'സുപ്രീംകോടതി വിധി നടപ്പാക്കാനുള്ള ബാധ്യത ഏതൊരു ഗവൺമെന്റിനുമുണ്ട്, അത് ഞങ്ങൾ നടപ്പാക്കും' എന്ന് പ്രഖ്യാപിച്ചുകൊണ്ട്, വിശ്വാസികളുടെ വികാരങ്ങളെ മാനിക്കാതെയും അവരുടെ ആവശ്യം പരിഗണിക്കാതെയും കോടതിവിധിയുടെ അടിസ്ഥാനത്തിൽ വിശ്വാസികൾക്ക് അനുകൂലമായി റിവ്യൂ ഹർജി ഫയൽ ചെയ്യുന്നതിനോ, കോടതിയെ സാഹചര്യം ബോധ്യപ്പെടുത്തുന്നതിനോ തയാറാകാതെ ഏതു മാർഗവും സ്വീകരിച്ച് കോടതി വിധി പെടുന്നനെ നടപ്പാക്കാനാണ് സർക്കാർ ശ്രമിച്ചത്. അതിനെ തുടർന്ന് രാജ്യത്തെമ്പാടും ഉണ്ടായ സംഭവവികാസങ്ങൾക്ക് എല്ലാവർക്കും അറിവുള്ളതാണല്ലോ.

'യുവതിപ്രവേശനവുമായി ബന്ധപ്പെട്ട് 2018ൽ ശബരിമലയിൽ ഉണ്ടായ സംഭവങ്ങളിൽ ഖേദം ഉണ്ടെന്നും അന്നത്തെ സംഭവങ്ങൾ ഉണ്ടാകാൻ പാടില്ലായിരുന്നുവെന്നും തനിക്ക് വല്ലാത്ത വിഷമമുണ്ട്' എന്നും ഉള്ള ദേവസ്വം മന്ത്രിയുടെ ഇപ്പോഴത്തെ പ്രസ്താവന ഏതു സാഹചര്യത്തിൽ ഉണ്ടായിട്ടുള്ളതാണെന്ന് ആർക്കും മനസ്സിലാക്കാവുന്നതേയുള്ളൂ.

Also Read- 'ശബരിമലയിൽ നടന്നത് ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്തത്; എനിക്ക് വല്ലാതെ വിഷമമുണ്ടാക്കി': ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രൻ

മന്ത്രി ഇപ്പറഞ്ഞതിൽ ആത്മാർത്ഥതയുള്ള പക്ഷം, വിശ്വാസികളുടെ ആരാധനാവകാശം സംരക്ഷിക്കുന്നതിന് വേണ്ടി ശബരിമലയിൽ യുവതിപ്രവേശനം പാടില്ലെന്ന് ആവശ്യപ്പെട്ട് കൊണ്ട് സുപ്രീംകോടതിയുടെ വിശാലബെഞ്ചിന്റെ മുന്നിൽ ഒരു പുതിയ സത്യവാങ്മൂലം സമർപ്പിക്കാൻ ആവശ്യമായ സത്വര നടപടി സ്വീകരിക്കുകയാണ് വകുപ്പ് മന്ത്രി ചെയ്യേണ്ടത്. ഖേദം പ്രകടിപ്പിച്ചതുകൊണ്ടോ പശ്ചാത്തപിച്ചതുകൊണ്ടോ മാത്രം ഈ പ്രശ്നം അവസാനിക്കുന്നില്ല.

വിഷമമുണ്ടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ

ശബരിമലയിൽ നടന്നത് ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്തതായിരുന്നുവെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നേരത്തെ പ്രതികരിച്ചിരുന്നു. ''2018ലെ സംഭവം നമ്മെയെല്ലാം വേദനിപ്പിച്ച സംഭവം. ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്ത സംഭവം. എല്ലാവർക്കും വിഷമുണ്ടാക്കി. എനിക്കും വല്ലാതെ വിഷമുണ്ടാക്കി''- കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ശബരിമല വിഷയം അടഞ്ഞ അധ്യായമാണ്. അന്നത്തെ സംഭവത്തിനുശേഷം നിരവധി ഉത്സവങ്ങൾ നടന്നു. നേരത്തെ ഉള്ളതിനെക്കാൾ മനോഹരമായി തന്നെ ഉത്സവം നടത്തി. വിശാല ബെഞ്ചിന്റെ വിധി എന്തായാലും ഭക്തജനങ്ങളുമായും വിശ്വാസ സമൂഹവുമായും രാഷ്ട്രീയ പാർട്ടികളുമായും കൂടിയാലോചിച്ചു കൊണ്ടേ തീരുമാനത്തിലെത്തൂവെന്നും കഴക്കൂട്ടം മണ്ഡലത്തിലെ എൽ ഡി എഫ് സ്ഥാനാർഥി കൂടിയായ കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.

സി പി എം സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് പിന്നാലെയാണ് ശബരിമലയില്‍ യുവതിപ്രവേശന വിഷയത്തിൽ വിഷമമുണ്ടായെന്ന് സ്ഥാനാര്‍ഥി കൂടിയായ ദേവസ്വം മന്ത്രി തുറന്നു സമ്മതിച്ചിരിക്കുന്നത്. ശബരിമല വിഷയം ലോക്സഭാ തെരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്ന് നേരത്തെ പാർട്ടി വിലയിരുത്തിയിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫും ബിജെപിയും ശബരിമല ചര്‍ച്ചാ വിഷയമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ദേവസ്വം മന്ത്രിയുടെ ഏറ്റുപറച്ചിലെന്നാണ് വിലയിരുത്തപ്പെടുന്നത്.
Published by: Rajesh V
First published: March 11, 2021, 6:55 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories