'ഇതൊന്നു നിർത്തിവെക്കുന്ന പക്ഷം ആരുടെ കാലും പിടിക്കാം' എന്നു പറഞ്ഞതല്ലേ? സുകുമാരൻ നായരുടെ മറുപടി

'എൻഎസ്എസിനെതിരെ വാളോങ്ങാനോ എൻഎസ്എസിന്റെ ഇക്കാര്യത്തിലുള്ള നിലപാടിനെ വിമർശിക്കാനോ രാഷ്ട്രീയം പഠിപ്പിക്കാനോ ഉപദേശിക്കാനോ കോടിയേരി ബാലകൃഷ്ണനോ ബാലകൃഷ്ണന്റെ അനുയായികൾക്കോ ധാർമികമായ യാതൊരു അവകാശവും ഇല്ല'

news18
Updated: February 5, 2019, 1:34 PM IST
'ഇതൊന്നു നിർത്തിവെക്കുന്ന പക്ഷം ആരുടെ കാലും പിടിക്കാം' എന്നു പറഞ്ഞതല്ലേ? സുകുമാരൻ നായരുടെ മറുപടി
'എൻഎസ്എസിനെതിരെ വാളോങ്ങാനോ എൻഎസ്എസിന്റെ ഇക്കാര്യത്തിലുള്ള നിലപാടിനെ വിമർശിക്കാനോ രാഷ്ട്രീയം പഠിപ്പിക്കാനോ ഉപദേശിക്കാനോ കോടിയേരി ബാലകൃഷ്ണനോ ബാലകൃഷ്ണന്റെ അനുയായികൾക്കോ ധാർമികമായ യാതൊരു അവകാശവും ഇല്ല'
  • News18
  • Last Updated: February 5, 2019, 1:34 PM IST
  • Share this:
ചങ്ങനാശ്ശേരി: NSSനെ രാഷ്ട്രീയം പഠിപ്പിക്കാൻ കോടിയേരി ബാലകൃഷ്ണന് അവകാശമില്ലെന്ന് ജനറൽ സെക്രട്ടറി ജി സുകുമാരൻനായർ. എൻഎസ്എസ് ആരുമായും നിഴൽ യുദ്ധത്തിനില്ലെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. ഒരു രാഷ്ട്രീയ പാർട്ടിയുടെയും ആഭ്യന്തര പ്രശ്നങ്ങളിൽ ഇടപെട്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നിരീശ്വരവാദികളായിട്ടുള്ള ആക്ടിവിസ്റ്റുകളെ വമ്പിച്ച പൊലീസ് സന്നാഹത്തോടെ സന്നിധാനത്തേക്ക് കയറ്റിക്കൊണ്ടുപോയപ്പോൾ, വിശ്വാസികളുടെ മനോവേദന മനസ്സിലാക്കി 'ഇതൊന്നു നിർത്തിവയ്ക്കുന്ന പക്ഷം ഞാൻ ആരുടെ കാലുവേണമെങ്കിലും പിടിക്കാം' എന്നുവരെ കോടിയേരി ബാലകൃഷ്ണനെ അറിയിച്ചതാണ്. അതുകഴിഞ്ഞ് ഈ ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രിയുമായും ഫോണിൽ ബന്ധപ്പെട്ടു. അതിനെയും അവഗണിച്ചുകൊണ്ട് അവരുടെ തീരുമാനവുമായി മുന്നോട്ടുപോയ സാഹചര്യത്തിലാണ് ഈശ്വരവിശ്വാസവും ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങളും സംരക്ഷിക്കാൻ വിശ്വാസി സമൂഹത്തോടൊപ്പം ഉറച്ചുനിൽക്കാൻ എൻഎസ്എസ് തീരുമാനമെടുക്കേണ്ടിവന്നത്. അതിൽ എൻഎസ്എസ് രാഷ്ട്രീയം കണ്ടില്ലെന്നും സുകുമാരൻ നായർ പറയുന്നു.

പ്രസ്താവനയുടെ പൂർണരൂപം

ശബരിമല വിഷയത്തിൽ ആരെയും ഭയപ്പെടുത്താൻ എൻഎസ്എസിന് ഉദ്ദേശമില്ല, ആരുമായും നിഴൽയുദ്ധത്തിനുമില്ല. സിപിഎമ്മിന്റെയല്ല. ഒരു രാഷ്ട്രീയപാർട്ടിയുടെയും ആഭ്യന്തരപ്രശ്നങ്ങളിൽ എൻഎസ്എസ് ഇടപെട്ടിട്ടുമില്ല. ഇപ്പോഴത്തെ സംസ്ഥാന സർക്കാരിനോട് ആരംഭം മുതൽ സൗഹൃദനിലപാടേ എൻ‌എസ്എസ് സ്വീകരിച്ചിട്ടുള്ളൂ. അനാവശ്യമായി ഏതെങ്കിലും വിഷയങ്ങളിൽ എൻഎസ്എസ് വിലപേശൽ നടത്തുകയോ ഇടപെടുകയോ ചെയ്തിട്ടില്ല.

ഈശ്വരവിശ്വാസവും ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങളും നിലനിൽക്കണം എന്ന വ്യക്തമായ നിലപാട് എൻഎസ്എസിനുണ്ട്. അതിനാൽ ഇതു സംബന്ധിച്ച് സുപ്രീംകോടതിയിൽ വന്ന കേസിൽ ആരംഭത്തിൽ തന്നെ കക്ഷി ചേർന്ന്, വിശ്വാസം സംരക്ഷിക്കാൻ എൻഎസ്എസ് നിലകൊള്ളുകയാണ്. അതുകൊണ്ടുതന്നെ, യുവതീപ്രവേശനം സംബന്ധിച്ച വിധി വന്നപ്പോൾ‌ എൻഎസ്എസ് റിവ്യൂഹർജി ഫയൽ ചെയ്യുകയും ചെയ്തു.

വിധി നടപ്പാക്കുന്ന കാര്യത്തിൽ കോടതിയോട് സാവകാശം ചോദിക്കാതെയും വിശ്വാസികളുടെ വികാരം കണക്കിലെടുക്കാതെയും പെട്ടെന്നുതന്നെ വിധി നടപ്പാക്കാനാണ് സംസ്ഥാന സർക്കാർ നടപടി സ്വീകരിച്ചത്. ഈ നടപടികളിലേക്ക് സർക്കാർ നീങ്ങിയ അവസരത്തിൽ തന്നെ സർക്കാരിനെ നയിക്കുന്ന പ്രധാന പാർട്ടിയുടെ നേതാവെന്ന നിലയിൽ കോടിയേരി ബാലകൃഷ്ണനെ ഫോണിൽ വിളിച്ച് 'സർക്കാർ ഇക്കാര്യത്തിൽ തിടുക്കം കാണിക്കരുത്, കോടതിയിൽ ഒരു സാവകാശ ഹർജി ഫയൽ ചെയ്ത് റിവ്യൂഹർജിയുടെ തീരുമാനം വരുന്നതുവരെ നടപടികൾ തൽക്കാലത്തേക്ക് നിർത്തിവയ്ക്കുകയാണ് വേണ്ടത് ' എന്ന് ഞാൻ ആവശ്യപ്പെടുകയുണ്ടായി. 'അതല്ല ഈ രീതിയിൽ മുന്നോട്ടുപോകാനാണ് തീരുമാനമെങ്കിൽ നിങ്ങളുമായി സൗഹൃദത്തിൽപോകുന്ന എൻഎസ്എസിന് വിശ്വാസികളോടൊപ്പം നിൽക്കേണ്ടിവരും' എന്ന് അന്ന് തന്നെ വ്യക്തമാക്കിയതാണ്.

എന്നാൽ സർക്കാരിന്റെ ഭാഗത്ത് നിന്നും അനുകൂലമായ നടപടി ഒന്നും ഉണ്ടായില്ല. പ്രശ്നങ്ങൾ കൂടുതൽ സങ്കീർണമാകുന്നത് കണ്ട്, ഒരു സാമൂഹിക സംഘടനയുടെ ഉത്തരവാദിത്വപ്പെട്ട ആളെന്ന നിലയിൽ, വിശ്വാസം സംരക്ഷിക്കുന്ന കാര്യത്തിൽ കോടിയേരിയെ വീണ്ടും ഫോണിൽ ബന്ധപ്പെട്ടു. നിരീശ്വരവാദികളായിട്ടുള്ള ആക്ടിവിസ്റ്റുകളെ വമ്പിച്ച പൊലീസ് സന്നാഹത്തോടെ സന്നിധാനത്തേക്ക് കയറ്റിക്കൊണ്ടുപോയപ്പോൾ, വിശ്വാസികളുടെ മനോവേദന മനസ്സിലാക്കി 'ഇതൊന്നു നിർത്തിവയ്ക്കുന്ന പക്ഷം ഞാൻ ആരുടെ കാലുവേണമെങ്കിലും പിടിക്കാം' എന്നുവരെ അറിയിച്ചു. അതുകഴിഞ്ഞ് ഈ ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രിയുമായും ഫോണിൽ ബന്ധപ്പെട്ടു. അതിനെയും അവഗണിച്ചുകൊണ്ട് അവരുടെ തീരുമാനവുമായി മുന്നോട്ടുപോയ സാഹചര്യത്തിലാണ് ഈശ്വരവിശ്വാസവും ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങളും സംരക്ഷിക്കാൻ വിശ്വാസി സമൂഹത്തോടൊപ്പം ഉറച്ചുനിൽക്കാൻ എൻഎസ്എസ് തീരുമാനമെടുക്കേണ്ടിവന്നത്. അതിൽ എൻഎസ്എസ് രാഷ്ട്രീയം കണ്ടില്ല.

ഈ കാരണം കൊണ്ട് എൻഎസ്എസിനെതിരെ വാളോങ്ങാനോ എൻഎസ്എസിന്റെ ഇക്കാര്യത്തിലുള്ള നിലപാടിനെ വിമർശിക്കാനോ എൻഎസ്എസിനെ രാഷ്ട്രീയം പഠിപ്പിക്കാനോ ഉപദേശിക്കാനോ കോടിയേരി ബാലകൃഷ്ണനോ ബാലകൃഷ്ണന്റെ അനുയായികൾക്കോ ധാർമികമായ യാതൊരു അവകാശവും ഇല്ലെന്നുള്ള കാര്യം മനസ്സിലാക്കുന്നത് നന്ന്.

ജി. സുകുമാരൻനായർ
ജനറൽ സെക്രട്ടറി, നായർ സർവീസ് സൊസൈറ്റി

First published: February 5, 2019, 1:34 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading