• HOME
  • »
  • NEWS
  • »
  • kerala
  • »
  • സർക്കാർ കേട്ടില്ല; NSS ഹൈക്കോടതി വഴി പരീക്ഷകൾ നിർത്തിച്ചു

സർക്കാർ കേട്ടില്ല; NSS ഹൈക്കോടതി വഴി പരീക്ഷകൾ നിർത്തിച്ചു

സർക്കാറിനുമേൽ കത്തു നൽകിയിട്ടും നടപടി ഉണ്ടാകാത്തതിനാൽ ആണ് ഹൈക്കോടതിയെ സമീപിച്ചത് എന്ന് ജി സുകുമാരൻ നായർ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.

എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ

എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ

  • Share this:
കോവിഡ് വ്യാപനം രൂക്ഷമായതോടെ സംസ്ഥാനത്തെ യൂണിവേഴ്സിറ്റി പരീക്ഷകൾ നിർത്തിവെക്കണമെന്ന് എൻഎസ്എസ് പലതവണ സർക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസവും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ ഉന്നത വിദ്യാഭ്യാസ വകുപ്പിന് ഇതുസംബന്ധിച്ച കത്ത് നൽകിയിരുന്നു. പക്ഷേ ഈ കത്തിന് കാര്യമായി എടുക്കാൻ വിദ്യാഭ്യാസ വകുപ്പ് തയ്യാറായില്ല. ഇതോടെയാണ് ഹൈക്കോടതിയെ സമീപിച്ച് അനുകൂല ഉത്തരവുമായി എൻഎസ്എസ് രംഗത്തുവന്നത്. കേരള സർവകലാശാലയും എംജി സർവകലാശാലയും നടത്തുന്ന പരീക്ഷകൾ ഇതോടെ മാറ്റിവെച്ചു.

ഇടുക്കി മുതലുള്ള തെക്കൻ ജില്ലകളിൽ കോവിഡ് വ്യാപനം രൂക്ഷമാണ്. ഈ ജില്ലകൾ എല്ലാം തന്നെ സർക്കാർ സി കാറ്റഗറിയിൽ പെടുത്തിയിരുന്നു. കേരള സർവകലാശാലയും എംജി സർവകലാശാലയും ഈ ജില്ലകളിലാണ് പ്രവർത്തിക്കുന്നത്.  ഈ ജില്ലകളിലെ കോളേജുകൾ കൂടുതലും ഈ സർവകലാശാലയ്ക്ക് കീഴിൽ ആണ്. ഇതോടെ സർക്കാർ ഇടപെട്ട് സർവകലാശാലയ്ക്ക് നിർദ്ദേശം നൽകണമെന്ന് എൻഎസ്എസ് ആവശ്യപ്പെട്ടിരുന്നു. ഇത് സർക്കാർ പരിഗണിക്കാതെ വന്നതോടെയാണ് ഹൈക്കോടതിയിൽ നിന്ന് അനുകൂല വിധി നേടിയെടുത്തത്. കേവലം പരീക്ഷകൾ മാറ്റിവെച്ചു എന്ന അറിയിപ്പ് മാത്രമാണ് എംജി സർവകലാശാല വാർത്താകുറിപ്പിലൂടെ പുറത്തിറക്കിയത്. ഇതിനുപിന്നാലെ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ കാര്യങ്ങൾ വിശദീകരിച്ച് പുതിയ വാർത്താക്കുറിപ്പ് പുറത്തിറക്കുകയായിരുന്നു.

ജസ്റ്റിസ് രാജാ വിജയരാഘവൻ ആണ് പരീക്ഷകൾ നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് ഹൈക്കോടതിയിൽ നിന്ന് പുറത്ത് ഇറക്കിയത്. അഭിഭാഷകരായ ആർ ടി പ്രദീപ്, വി വിജുലാൽ, എം ബിന്ദുദാസ്, കെ സി ഹരീഷ് എന്നിവർ എൻഎസ്എസിന് വേണ്ടി കോടതിയിൽ ഹാജരായി. കോവിഡ് സാഹചര്യത്തിൽ പരീക്ഷാ നടത്തിപ്പിനായി ഈ ജില്ലകളിലെ കോളേജുകളിൽ അധ്യാപകരെ ലഭിക്കുന്നില്ല എന്നും എൻഎസ്എസ് ഹർജിയിൽ ചൂണ്ടിക്കാട്ടി. കോവിഡ് പ്രോട്ടോകോൾ പാലിക്കുന്നതിന് ഇരട്ടി ക്ലാസ് മുറികൾ വേണമെന്നതും പ്രതിസന്ധിയായി തുടർന്നു എന്ന് എൻഎസ്എസ് ചൂണ്ടിക്കാട്ടുന്നു. പരീക്ഷകൾ നടക്കുന്നു എന്നതിനുപുറമേ ഓൺലൈൻ ക്ലാസുകളും നടക്കുന്ന സാഹചര്യമാണ് ഉള്ളത്. പരീക്ഷാ സമ്മർദ്ദം മൂലം കുട്ടികൾ രോഗവിവരം മറച്ചുവെച്ച് പരീക്ഷകളിൽ പങ്കെടുക്കുന്നു എന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ പറയുന്നു.

സർക്കാറിനുമേൽ കത്തു നൽകിയിട്ടും നടപടി ഉണ്ടാകാത്തതിനാൽ ആണ് ഹൈക്കോടതിയെ സമീപിച്ചത് എന്ന് ജി സുകുമാരൻ നായർ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു. പരീക്ഷകൾ മാറ്റി വയ്ക്കുന്നതിനുള്ള കോളജുകൾക്ക് തത്വത്തിൽ താല്പര്യമില്ല. എന്നാൽ വിദ്യാർഥികളുടെയും അധ്യാപകരുടെയും സമൂഹത്തിന്റെയും ഉത്തമ താല്പര്യം പരിഗണിച്ചാണ് പരീക്ഷ മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ടത് എന്നും ജി സുകുമാരൻ നായർ പറയുന്നു. ഏതായാലും സർക്കാരിനെതിരെ മറ്റൊരു വിഷയത്തിൽ കൂടി എൻ എസ് എസ് വിമർശനം  ഉന്നയിക്കുന്നു എന്നതാണ് ശ്രദ്ധേയം. സർക്കാർ പരിഗണിക്കാതെ വന്നതോടെ കോടതിയിൽ പോയി അനുകൂലമായി വിധി സമ്പാദിച്ചത് എൻഎസ്എസിന് നേട്ടമായി. നിരവധി കോളേജുകൾ എൻഎസ്എസ് നടത്തുന്ന സാഹചര്യംകൂടി  കണക്കിലെടുത്ത് ആണ് കോടതി പ്രത്യേക സാഹചര്യം പരിശോധിച്ചത്.
Published by:Sarath Mohanan
First published: