നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • മുന്നോക്ക വിഭാഗങ്ങള്‍ക്ക് ലഭിക്കേണ്ട അവകാശങ്ങൾ അട്ടിമറിക്കുന്നു; സംസ്ഥാന സര്‍ക്കാരിനെതിരെ NSS

  മുന്നോക്ക വിഭാഗങ്ങള്‍ക്ക് ലഭിക്കേണ്ട അവകാശങ്ങൾ അട്ടിമറിക്കുന്നു; സംസ്ഥാന സര്‍ക്കാരിനെതിരെ NSS

  പല വിഷയങ്ങളിലും സര്‍ക്കാര്‍ തീരുമാനങ്ങള്‍ മുന്നോക്ക വിഭാഗങ്ങള്‍ക്കു ഗുണകരമല്ലെന്നും ഈ വിവേചനം ജനാധിപത്യ സര്‍ക്കാരിനു യോജിച്ചതല്ലെന്നു മനസ്സിലാക്കണമെന്നും സംഘടനയുടെ മുഖപത്രമായ 'സര്‍വീസി'ലെ മുഖപ്രസംഗത്തില്‍ ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ ചൂണ്ടിക്കാട്ടുന്നു.

  സുകുമാരൻ നായർ

  സുകുമാരൻ നായർ

  • Share this:
   ചങ്ങനാശേരി: മുന്നോക്ക വിഭാഗങ്ങള്‍ക്കു  ലഭിക്കേണ്ട അവകാശങ്ങള്‍ അട്ടിമറിക്കാനുള്ള ശ്രമങ്ങളാണു സംസ്ഥാന സര്‍ക്കാരില്‍ നിന്നു തുടര്‍ച്ചയായി ഉണ്ടാകുന്നതെന്ന് എന്‍.എസ്.എസ്

   പല വിഷയങ്ങളിലും സര്‍ക്കാര്‍ തീരുമാനങ്ങള്‍ മുന്നോക്ക വിഭാഗങ്ങള്‍ക്കു ഗുണകരമല്ലെന്നും ഈ വിവേചനം ജനാധിപത്യ സര്‍ക്കാരിനു യോജിച്ചതല്ലെന്നു മനസ്സിലാക്കണമെന്നും സംഘടനയുടെ മുഖപത്രമായ 'സര്‍വീസി'ലെ മുഖപ്രസംഗത്തില്‍ ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ ചൂണ്ടിക്കാട്ടി.
   സംവരണ ഇതര സമുദായങ്ങളില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കു വിദ്യാഭ്യാസം, തൊഴില്‍ എന്നീ മേഖലകളില്‍ 10% സംവരണം ഏര്‍പ്പെടുത്തുന്നതിനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം നടപ്പാക്കാന്‍ ഒരു നടപടിയും സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല. മുന്നോക്ക സമുദായ കമ്മിഷന്‍ നിലനില്‍ക്കെ, രണ്ടംഗ താല്‍ക്കാലിക കമ്മിഷനെ പുതുതായി നിയമിക്കുകയാണു ചെയ്തത്.

   യു.ഡി.എഫ് സര്‍ക്കാര്‍ മുന്‍കൈ എടുത്തു രൂപീകരിച്ച മുന്നോക്ക സമുദായ ക്ഷേമ കോര്‍പറേഷന്റെ പ്രവര്‍ത്തനത്തിന് ആവശ്യമായ ഫണ്ട് 2 വര്‍ഷമായി തടഞ്ഞു വച്ചിരിക്കുന്നതിനാൽ അതിന്റെ പ്രവർത്തനം നിർജ്ജീവമാണ്.

   കുമാരപിള്ള കമ്മിഷന്‍ റിപ്പോര്‍ട്ട് ശുപാര്‍ശ അനുസരിച്ചു നല്‍കി വരുന്ന വിദ്യാഭ്യാസ സഹായങ്ങള്‍ക്കുള്ള വരുമാനപരിധി മുന്നോക്ക വിഭാഗത്തില്‍ പെട്ടവര്‍ക്കും ഒരു ലക്ഷമായി കഴിഞ്ഞ സര്‍ക്കാര്‍ ഉയര്‍ത്തിയെങ്കിലും എയ്ഡഡ് കോളജുകളില്‍ കമ്യൂണിറ്റി മെറിറ്റിലും മാനേജ്‌മെന്റ് സീറ്റുകളിലും പ്രവേശനം ലഭിക്കുന്ന കുട്ടികള്‍ക്ക് ഈ ആനുകൂല്യം നിഷേധിക്കപ്പെടുന്നു.

   ദേവസ്വം ബോര്‍ഡ് നിയമനങ്ങളില്‍ സംവരണ സമുദായങ്ങള്‍ക്ക് 32%, ജനറല്‍ വിഭാഗത്തിന് 68% എന്നിങ്ങനെ വ്യവസ്ഥ ചെയ്ത് കഴിഞ്ഞ സര്‍ക്കാരിന്റെ സമയത്ത് ദേവസ്വം റിക്രൂട്ട്മെന്ന്റ് ബോര്‍ഡ് രൂപീകരിച്ചിരുന്നു.

   സംവരണം ഇല്ലാതിരുന്ന ദേവസ്വം നിയമനങ്ങളില്‍ അത് ഏര്‍പ്പെടുത്തിയപ്പോള്‍ ഇതര സമുദായങ്ങള്‍ക്ക് നല്‍കേണ്ടിയിരുന്ന 18 ശതമാനം ചിലരുടെ എതിര്‍പ്പു മൂലം നടപ്പിലാക്കാന്‍ കഴിഞ്ഞിരുന്നില്ല. അതുകൂടി അന്ന് ജനറല്‍ വിഭാഗത്തിനു നല്‍കി. ഈ ന്യൂനത പരിഹരിക്കാന്‍ സംവരണ ഇതര സമുദായങ്ങള്‍ക്ക് 10 % സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തി സര്‍ക്കാര്‍ പ്രഖ്യാപനം നടത്തിയിട്ട് ഒരുവര്‍ഷം കഴിഞ്ഞെങ്കിലും, തുടര്‍നടപടിയുണ്ടായില്ല.

   കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നിലവില്‍ വന്ന സംസ്ഥാന മുന്നാക്ക സമുദായ കമ്മിഷന്‍ 3 വര്‍ഷത്തെ പഠനത്തിനു ശേഷം ഈ വര്‍ഷം മാര്‍ച്ച് 19ന് സര്‍ക്കാരിനു റിപ്പോര്‍ട്ട് സമര്‍പ്പിച്ചതാണ്. ഇനിയും അത് പുറത്തു വന്നിട്ടില്ല. പുതിയ കമ്മിഷനെ നിയമിച്ചെങ്കിലും കാര്യക്ഷമമല്ല.

   എല്ലാ തലങ്ങളിലും അവഗണിക്കപ്പെട്ട മുന്നാക്ക വിഭാഗങ്ങള്‍ക്കു വേണ്ടി വാദിക്കാന്‍ ഒരു രാഷ്ട്രീയ പ്രസ്ഥാനവും മുന്നോട്ടു വരാത്ത സാഹചര്യത്തിലാണ് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ പ്രതികരിക്കാന്‍ എന്‍എസ്എസ് നിര്‍ബന്ധിതമായിരിക്കുന്നതെന്നും സുകുമാരന്‍ നായര്‍ വ്യക്തമാക്കി.

   Also Read തെരഞ്ഞെടുപ്പിൽ കണ്ടത് വിശ്വാസത്തെ തൊട്ടുകളിച്ചവർക്കുള്ള തിരിച്ചടി; എൻഎസ്എസ്

   First published:
   )}